ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’

നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള വലിയ കട്ടിലിൽ പരസ്പരം അവർ അകന്നു കിടക്കുകയായിരുന്നു. അതിനിടയിൽ എപ്പോഴോ ചന്ദ്രമതിയമ്മയുടെ അരികിലേക്ക് ചേർന്നുവന്ന് അയാൾ ചുള്ളിക്കമ്പുകൾ പോലത്തെ കാലുകൾ വയറിനുമേൽ പിണച്ചുകയറ്റി. പിന്നെ തണുത്ത കൈകൾ കൊണ്ട് അവരുടെ മുഖത്തുരസി. ഉണക്കമുന്തിരിപോലുള്ള ചുണ്ടുകളിൽ തൊട്ടു. അല്പം കൂടി ചേർന്നു കിടന്ന് കഴുത്തിലേക്ക് കൈകൾ അരിച്ചിറക്കിയ ആ തണുത്ത രാത്രിയുടെ ഒടുക്കത്തിലാണ് അയാൾ ഭാര്യയെ “അമ്മോ… “ എന്ന് ഇദംപ്രഥമമായി വിളിച്ചത്.

ശ്രീകണ്ഠൻ കരിക്കകം
അയാളുടെ പിഞ്ഞിക്കീറിപ്പോയ ഏതോ സ്വപ്നത്തിന്‍റെ തുടർച്ചയോ അതിൻ്റെ വെണ്ണപുരണ്ട പൊടിയോ ആയിരിക്കാം എന്നാണ് ചന്ദ്രമതിയമ്മ ആദ്യം കരുതിയത്. മനുഷ്യൻ അങ്ങനെ പൊട്ടും പൊടിയും വരെ തിരഞ്ഞു പോകുന്ന കാലമാണല്ലോ, രോഗാതുരമായ വാർദ്ധക്യം! ചിലതൊക്കെ ഇപ്പോൾ അങ്ങനെ തൻ്റെ ഭർത്താവിലും കാണുന്നുണ്ട്. പ്രത്യേകിച്ച് കിടപ്പു രോഗി കൂടി ആയതിനു ശേഷം!
പക്ഷേ, അങ്ങനെയൊന്നുമായിരുന്നില്ല, ആ നാലുമണി പുലർച്ചയിൽ. അയാൾ നല്ല ഉണർവോടെ തന്നെ കിടക്കുകയായിരുന്നു. തെളിച്ചത്തിലും വലിയ തെളിച്ചത്തോടെയുള്ള ഒരു വിളിയായിരുന്നു അത്. അറിവിലും ഏറെ അറിയുന്നവൻ്റെ നിസാരതയുടെ ഭാവം ഓളം വെട്ടിയ മുഖത്തോടെ!
“ഹൊ… ദൈവമേ ….” എന്ന് ഒരു ദീർഘനിശ്വാസത്തിൻ്റെ മലവെള്ളത്തിലേക്ക് ചന്ദ്രമതിയമ്മ ഊളിയിട്ടു പോയി!
ഇക്കാലത്തിനിടയിൽ ഉണ്ടാക്കി വച്ച കരിമ്പാറയെക്കാൾ കടുപ്പമുള്ള ധാരണകൾ, വടവൃക്ഷത്തേക്കാൾ കാതൽ ചുറ്റിയ വിശ്വാസങ്ങൾ, എടുപ്പുകളേക്കാൾ ഉയരത്തിൽ കെട്ടിപ്പൊക്കി വച്ച വിദ്വേഷവും വെറുപ്പും…..ഒക്കെ ഈ ഒരൊറ്റ വിളിയിൽ ഉരുൾപൊട്ടും പോലെ ഏതോ കൊടുമുടിയിൽ നിന്നും ശാന്തിയുടെ താഴ്‌വാരങ്ങളിലേക്ക് കുത്തി ഒലിച്ചു പോവുകയാണോ? ആർക്കറിയാം? മനുഷ്യ മനസിനുള്ളിലെ ഭൂകമ്പങ്ങളും മലയിടിച്ചിലുകളുമെല്ലാം. കുറഞ്ഞ പക്ഷം നാൽപ്പതിലേറെക്കാലം ദാമ്പത്യ ജീവിതം പിന്നിട്ട മനുഷ്യർക്കിടയിലെങ്കിലും….!
പീളകെട്ടിയ കണ്ണുകൾ തുറന്നു പിടിച്ച് അയാൾ ചന്ദ്രമതിയമ്മയുടെ മുഖത്ത് ശൈശവ നിഷ്കളങ്കതയോടെ പിന്നെയും നോക്കി. തിരിഞ്ഞു നോക്കണം. കെട്ടിപ്പിടിക്കണം. ആ കവിളുകളിൽ തട്ടണം. നിർബന്ധമായും ആ നെറ്റിത്തടത്തിലൊരുമ്മ വേണം. അതിനൊക്കെ വേണ്ടി ത്തന്നെ ഒരു തവണ കൂടി അയാൾ ” അമ്മോ…” എന്ന് വിളിച്ചിട്ട് ആ മാറിലേക്ക് തലയുയർത്തി വച്ച് കിടന്നു.
പണ്ടെപ്പോഴോ മൂത്ത മകൻ ഉണ്ണി മുലഞെട്ടുകൾ വിട്ട് പാൽപ്പാടപുരണ്ട ചിരിയിലേക്ക് മുങ്ങി ഇങ്ങനെ കിടക്കുമായിരുന്നത് ഒരൊറ്റ കവണയേറിൽ എന്നോണം ചന്ദ്രമതിയമ്മ ഓർത്തു! അറുപത്തിയൊൻപതിൽ നിന്നും ഇരുപതിലേക്കുള്ള ഒരു ഉന്നം.
ഓർമകൾക്കെന്തൊരു തെളിച്ചമാണ്! ഒരൊറ്റ നിശ്വാസം മതി, ഒരു കാലത്തെ കീഴ്മേൽ മറിച്ചിടാൻ! അതെത്ര വേഗമാണ് കറുപ്പിനേയും വെളുപ്പിനേയും മടക്കിത്തരുന്നത്, നെല്ലിനേയും പതിരിനേയും പാറ്റിക്കൊഴിക്കുന്നത്!
പിന്നീടയാൾ, പിറന്നപടിയിൽ കിടന്നു. ശിശു.വിരലുകൾ ഈമ്പുന്ന ആറുമാസം. കാലുകൾ നിലത്തു തല്ലി ചിരിക്കുന്ന ഒരു വയസുകാരൻ. മറിഞ്ഞ് തലയുയർത്തുന്ന രണ്ടു വയസ്. ചന്ദ്രമതിയമ്മയുടെ ഉറക്കം അന്നേരം ഒരു പുതപ്പ് വലിച്ചെറിഞ്ഞതുപോലെ വെളുത്തു പോയി.
അപ്പൂപ്പനും അമ്മൂമ്മയും ഒരൊറ്റ മുറിയിൽ കഴിയുന്നതും ഉറങ്ങുന്നതുമെല്ലാം കൊച്ചുമക്കൾക്കു വരെ ചിലപ്പോൾ പരിഹാസമായി തോന്നാറുണ്ട്.അതുകൊണ്ട് മിക്കവാറും രാത്രികളിൽ ചന്ദ്രമതിയമ്മ വാതിൽ കുറ്റിയിടാറില്ല. ചാരുകയേ ഉള്ളൂ.
” മണിയറയിൽ കയറിയോ,നവദമ്പതികൾ?” എന്ന് ചിലപ്പോൾ മക്കൾ വിളിച്ചു ചോദിക്കും. അല്പം മിനുങ്ങിയിട്ടു വരുന്ന രാത്രികളിൽ ഇളയവനാണ് പലപ്പോഴും ഇങ്ങനെയൊക്കെ ചൊറിയുന്നത്.
“എന്തെടാ, പാലും പഴവും കൊണ്ടുവന്നിട്ടുണ്ടോ? എങ്കിലിങ്ങുതാ…” എന്ന് ഒരു വിധം ആരോഗ്യമുണ്ടായിരുന്ന കാലം വരെ വേണുഗോപാലൻ സാറ് തിരിച്ച് നല്ല ഉച്ചത്തിൽ പറയുമായിരുന്നു.
“നാക്കും വച്ചു കൊണ്ട് ഒന്ന് മിണ്ടാതിരി മനുഷ്യാ…. മറ്റുള്ളവരെക്കൂടി നാണം കെടുത്താതെ… ” എന്ന് ചന്ദ്രമതിയമ്മ എരിഞ്ഞു കയറും.
“നീ മിണ്ടാതിരിയടീ… അങ്ങനെയൊന്നും ഒരുത്തനും എന്നെ അങ്ങ് കെളച്ചിട്ട് പോകാമെന്ന് കരുതണ്ട. ഈ ഊശിയടിയൊക്കെ കുറെ കണ്ടതാണ്. വാതിലടച്ചും അടയ്ക്കാതെയും ഒക്കെ കിടന്നിട്ടു തന്നെയാണ് ഇവനെയൊക്കെ ഉണ്ടാക്കിയത് ”
വേണു സാറ് ഒരു കഴഞ്ചിന് വിട്ടുകൊടുക്കില്ല. കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കും.

കുറച്ചൊക്കെ കളിയായി തന്നെ ചന്ദ്രമതിയമ്മ എടുക്കുമെങ്കിലും ചിലപ്പോൾ ചില വർത്തമാനമൊക്കെ കേൾക്കുമ്പോൾ ഇങ്ങനേയും വിചാരിക്കും:
ഒരു കാലം കഴിഞ്ഞാൽ മുതിർന്നവരുടെ ജീവിതം മക്കളും കൊച്ചുമക്കളുമൊക്കെ ചേർന്ന് നിരന്തരം സ്കാൻ ചെയ്യുന്ന ഒരു പഴയ തകരപ്പെട്ടിയാണ്.പരിഹസിച്ചും കുറ്റങ്ങൾ പറഞ്ഞും അവർ അതിനെ നിരന്തരം ഇടിച്ച് ഞണുക്കും. തട്ടിക്കളിക്കും.
മുറിയിലെ ജനാലയോ വാതിലോ തുറന്നു കിടപ്പുണ്ടോ എന്നവർ ഉയർന്ന് നോക്കി. ചാടിപ്പിടിച്ചുള്ള എഴുന്നേൽപ്പിൽ കണങ്കാലൊന്ന് പിണങ്ങി. വരാന്തയോടു ചേർന്നുള്ള വലത്തേ മുറിയിലാണ് മൂത്ത മകനും കുടുംബവും. ഇടത്തേ മുറിയിൽ രണ്ടാമൻ. അവർ അങ്ങനെ തെക്കും വടക്കും പാറമേക്കാവും തിരുവമ്പാടിയുമായി കഴിയുന്നത് അച്ഛൻ അറിഞ്ഞു കൊടുത്ത ഒരു മുട്ടൻ പണിയുടെ പരിണിതിയായിരുന്നു.
നഗരത്തിലെ കണ്ണായ സ്ഥലത്ത് അയാൾ നല്ല പ്രായത്തിൽ പതിനഞ്ച് സെൻ്റ് ഭൂമി വാങ്ങി. അതിൻ്റെ ഒത്ത നടുക്കായി ഒരു വീടു പണിതു. എന്നിട്ടത് കാലശേഷം മക്കളുടെ പേരിൽ എഴുതി വച്ചു. എന്നെങ്കിലും വസ്തു പകുക്കുമ്പോൾ വീട് നെടുകെ മുറിക്കേണ്ടി വരുന്ന അവസ്ഥ. ശരിക്കും എട്ടിൻ്റെ പണി!
അന്നേ വരെ അച്ഛൻ ചെയ്ത പല “മുറ്റൻ ” പണികളുടേയും പട്ടികയിൽ അതിനെ ഏറ്റവും മുന്നിൽ തന്നെ മക്കൾ കയറ്റി പ്രതിഷ്ഠിച്ചു. ” അപ്പോ …നല്ല വെടല സാധനം. രാജവെമ്പാല!” എന്ന് പരസ്പരം ഒച്ച താഴ്ത്തിപ്പറഞ്ഞു.
തലേന്ന് രാത്രി അയാൾക്ക് നല്ല പനിയായിരുന്നു. നെറ്റിയിലും താഴ്ന്ന നെഞ്ചിലുമൊക്കെ തൊട്ടു നോക്കിയിട്ട്
” എള്ളിട്ടാൽ പൊട്ടുന്ന പനിയാണല്ലോ” എന്ന് ചന്ദ്രമതിയമ്മ ഏങ്ങലിട്ട് പറഞ്ഞു. അയാൾ ഒരിക്കലുമില്ലാത്തതുപോലെ കനത്ത പുതപ്പിനുള്ളിൽ കാലുകൾ കയറ്റി വച്ച് വിറയോടെ കിടന്നു. അവരുടെ ഉള്ളിൽ ഭയം ഒരു ചണച്ചരടിൽ നിന്നും വടം കയറിലേക്കെന്നവണ്ണം വളരെ വേഗം മുറുകിക്കയറി.
പുറത്തു ചെന്ന് മക്കളോട് അക്കാര്യം പറഞ്ഞപ്പോൾ ഇളയവൻ:”എങ്കിൽ പിന്നെ വൈകിക്കണ്ട, അല്പം എള്ളിട്ടുകൊടുക്ക്. പൊട്ടട്ടെ ” എന്നു പറഞ്ഞു.ഒരു കോട്ടൂർക്കോണം മാങ്ങ ടി.വി യും കണ്ടിരുന്ന് പൂളി കഴിക്കുകയായിരുന്നു അവൻ.
ഒരു കഷ്ണം അവർക്കു നേരെ ചിരിച്ചു കൊണ്ട് നീട്ടി. ” വേണ്ട….. ” അവർ മടങ്ങി.
രാത്രി മൂത്തമകൻ ഉണ്ണി പലവട്ടം നിർബന്ധിച്ചു:
“അച്ഛനവിടെ കിടന്നോളും. നിങ്ങള് ഈ പനിയൊന്നും കണ്ട് പേടിക്കണ്ട. ഇപ്പോഴൊന്നും തീരില്ല. ഇത് അഞ്ചാറ് പായ ഇനിയും ചവിട്ടിക്കീറും. പനി പിടിച്ചു വാങ്ങാതെ അങ്ങോട്ടെങ്ങാനും മാറിക്കിടക്ക്. ”
ചന്ദ്രമതിയമ്മ ഒന്നും മിണ്ടിയില്ല. നിശ്ശബ്ദ സഹനമായിരുന്നു ജീവിതമെങ്കിലും മക്കൾ പറയുന്ന എല്ലാമൊന്നും അവർ കേൾക്കില്ലായിരുന്നു. കഞ്ഞി കുടിച്ച പാത്രം കഴുകി വയ്ക്കവേ അവർ ആവർത്തിച്ചു:
“ ഞാനിന്ന് കൂടെ കിടന്നോളാം. രാത്രിയെങ്ങാനും കൂടിയാൽ……. “
അന്നത്തെ പുലർച്ചയിലാണ് അയാൾ അങ്ങനെ വിളിച്ചത്. രോഗിയായി, കിടപ്പായി, പ്രമേഹം മൂത്ത് കാൽപ്പാദത്തിലെ കുഞ്ഞു വിരലൊന്ന് മുറിച്ചു മാറ്റി, ജീവിതത്തിലെ എല്ലാ പ്രമത്തതകളും അവസാനിച്ചെന്ന് തോന്നിച്ച ആ വെളുപ്പാൻ കാലത്ത്….!

മുപ്പത്തിനാല് വർഷത്തെ സംഭവബഹുലമായ അധ്യാപന ജീവിതത്തിനൊടുവിൽ അയാൾ കാസർകോട് ജില്ലയിലെ നീലേശ്വരത്തുള്ള ഒരു സാധാരണ ഹൈസ്കൂളിൽ നിന്നും പ്രഥമാധ്യാപകനായാണ് വിരമിച്ചത്. അതും കേവലം നൂറ്റിയിരുപത്തിയഞ്ച് കുട്ടികൾ മാത്രം പഠിക്കുന്ന ഒരു ചെറിയ സ്കൂളിൽ നിന്നും!
അതൊന്നും അയാളെ തരിമ്പും ബാധിച്ചിരുന്നില്ലെന്ന് മാത്രമല്ല, തൻ്റെ പ്രവൃത്തികളിൽ ഒരിക്കൽ പോലും പശ്ചാത്തപിക്കുകയോ കുറ്റങ്ങൾ ഏറ്റുപറയുകയോ ചെയ്തിരുന്നില്ല. തെറ്റിനും ശരിക്കും ഇടയിൽ ഒരു ത്രാസിൻ്റെ സൂചിമുനത്തുമ്പ് തിരുകി വച്ച ജീവിതം.
പോരുന്ന ദിവസം അയാൾ ആ സ്കൂൾ വളപ്പിലൊരു പറങ്കിമാവ് നട്ടു. മുണ്ടും മടക്കി കുത്തി കഞ്ഞിപ്പുരയിൽ കയറി പതിവുപോലെ ഉപ്പുമാവ് ഉണ്ടാക്കാൻ പാചകക്കാരനെ സഹായിച്ചു. കൈ കഴുകാൻ കുട്ടികൾക്ക് കിണറ്റിൽ നിന്നും രണ്ടു കുടം വെള്ളം കോരി വച്ചു. വെറും അഞ്ചു മിനിട്ട് വൈകിയെത്തിയ കണ്ണകി എന്ന ഹിന്ദി ടീച്ചറിനെ പുല്ലിംഗവും സ്ത്രീലിംഗവും ഒക്കെ ചേർത്ത് വഴക്കു പറഞ്ഞു. എന്നിട്ട് തിരിഞ്ഞു പോലും നിൽക്കാതെ വരുന്ന സ്വാതന്ത്ര്യ ദിനത്തിന് സ്കൂളിൽ ഉയർത്താനുള്ള ദേശീയ പതാക അലമാരയിൽ ഉണ്ടോ എന്ന് ഉറപ്പു വരുത്താൻ സ്റ്റോർ റൂമിലേക്ക് പാഞ്ഞു പോയി. അന്നേരം കരഞ്ഞുകൊണ്ടിരുന്ന ഹിന്ദി ടീച്ചറിനോട് ഇംഗ്ലീഷും സോഷ്യലും പഠിപ്പിക്കുന്ന കാഞ്ഞിരംകുളത്തുകാരനായ ക്ലമൻ്റ് സാറ് പറഞ്ഞു:
” കൊണ്ടടിച്ചോണ്ട് പോകാൻ ഇന്നും കൂടെ തന്നല്ലേ? സഹിച്ചു കള ടീച്ചറേ.. ഒപ്പാരി വച്ച് കരയാതെ. പുള്ളര് കണ്ടാ പങ്കം.”
അങ്ങനെ പെറ്റ തള്ളയെ പോലും വകവയ്ക്കാത്ത ധിക്കാരി. അറുത്തിട്ടാൽ ചാടിത്തുള്ളി മുറി കൂടുന്ന പ്രകൃതം.”വേണുഗോപാലൻ നായർ ” എന്നായിരുന്നു ഔദ്യോഗിക നാമമെങ്കിലും വേണു എന്ന് മാത്രമേ എവിടെയും രേഖപ്പെടുത്തുമായിരുന്നുള്ളൂ.
പഴയ എം.എ.ലിറ്ററേച്ചർകാരൻ. അദ്ധ്യാപനത്തിലും ഉയർന്ന യോഗ്യത. പോരാത്തതിന് മധുര യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദങ്ങൾ. തമിഴും കന്നഡയും ഉൾപ്പെടെ ആറോളം ഭാഷകൾ അറിയാം. മലയാളം പത്രങ്ങളൊന്നും വായിക്കില്ല. ഹിന്ദു ദിനപത്രത്തിൻ്റെ എഡിറ്റ് പേജുകൾ എന്നും നിഷ്ഠയോടെ വായിക്കും. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക്.
പഠിച്ച് ദിവാൻ പേഷ്കാരൊക്കെ ആകുമെന്ന് പലരും പ്രവചിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, സ്വഭാവ സവിശേഷത ഒന്നുകൊണ്ടു മാത്രം തെക്ക് പാറശാല മുതൽ വടക്ക് കാസർകോട് വരെ നോൺ സ്റ്റോപ്പായി പാഞ്ഞു നടന്ന് ജോലി ചെയ്യേണ്ടി വന്നു. കേവലം രണ്ടു വർഷം പോലും ഒരിടത്ത് കാലുറച്ച് നിന്നില്ല.
“ആരോഗ്യവും പണവും ഉണ്ടായിരുന്ന കാലത്ത് ഇങ്ങേര് ആരെയെങ്കിലും വകവച്ചിട്ടുണ്ടോ? എന്തെങ്കിലും പറഞ്ഞാൽ കേൾക്കുമായിരുന്നോ?എന്തൊരു പൊളപ്പായിരുന്നു! ”
അച്ഛനെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ ചന്ദ്രമതിയമ്മയോട് മക്കൾ ആവർത്തിച്ചിരുന്ന ഒരു ചോദ്യം അതായിരുന്നു.
എന്നാൽ ഒരു ജീവിതകാലം മുഴുവനും ഒത്ത ഒരു വണ്ടിക്കാളയുടെ സഹനമായിരുന്നു, ചന്ദ്രമതിയമ്മയുടെ ജീവിതം. അയാൾക്കുവേണ്ടി തീറെഴുതിയ ഒരു മെലിഞ്ഞ ഹാജർ പുസ്തകം! ആ പുസ്തകത്തിലെ ചെറിയ കോളങ്ങളിൽ അയാൾ തൻ്റെ കടുംപിടിത്തങ്ങളുടെ മഷിപ്പേന കൊണ്ട് രണ്ട് മക്കളേയും അവരെ വളർത്താനുള്ള പങ്കപ്പാടുകളും വിട്ടുമാറാത്ത രോഗങ്ങളും ഒക്കെ തരാതരം പോലെ ഒപ്പിട്ടു ചേർത്തു.

അങ്ങനെ ചന്ദ്രമതിയമ്മ ഒരു തള്ളക്കോഴിയുടെ കരുതലോടെ മക്കളേയും കൊണ്ട് അയാൾ പോയ ഇടങ്ങളിലെല്ലാം സഞ്ചരിച്ചു. ടൈംടേബിൾ നോക്കി പുസ്തകം അടുക്കുന്നതു പോലെ വീട്ടുസാമാനങ്ങളെല്ലാം അടുക്കിയൊരുക്കി. പഠനോൽസവത്തിന് സ്കൂൾ ഒരുക്കുന്ന മട്ടിൽ വാടക വീടുകൾ അണിയിച്ചൊരുക്കി. സിലബസിനുള്ളിൽ ഒതുങ്ങി നിന്ന് അയൽപക്കങ്ങളോട് കൂട്ടുകൂടി. ഓണപ്പരീക്ഷയ്ക്കും ക്രിസ്മസ് പരീക്ഷയ്ക്കും ഇടയിൽ കായ്ക്കുകയും പൂക്കുകയും ചെയ്യുന്ന ചെടികൾ നട്ടുനനച്ചു. ആണ്ടുപരീക്ഷയ്ക്ക് ഒരുങ്ങുന്നതു പോലെ സ്വപ്നങ്ങൾ കണ്ടു. കൂടൊരുക്കി താറാവിനെയും കോഴിയെയും വളർത്തി. ഓരോ ശമ്പള വർദ്ധനവും നോക്കി ചിട്ടി കെട്ടി. അവധി ദിവസങ്ങൾ നോക്കി കല്യാണങ്ങൾക്കും മരണങ്ങൾക്കും പോയി. അയാളുടെ നിശ്വാസങ്ങൾക്കൊപ്പം ഉയർന്നു താണു. ഓരോ മണിമുഴക്കത്തിലും ഉണരുന്ന കുട്ടികളെപ്പോലെ ഏതു നിമിഷവും പെറുക്കിക്കെട്ടാൻ തയ്യാറായിരുന്നു.
ചുരുക്കത്തിൽ എല്ലാ പുലർച്ചകളിലും അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കിയും
അതിനുള്ളിൽ ആനന്ദദീപം കൊളുത്തിയും വൈകുന്നേരങ്ങളിൽ “ജനഗണമന ” പാടിയും സഞ്ചരിച്ച ഒരിക്കലും തെറ്റാത്ത ഒരു ടൈം ടേബിളായിരുന്നു അവർ.
ദിനങ്ങൾ അങ്ങനെ കടന്നു പോകെ, അയാൾ ആകാശം നോക്കി വിരലുണ്ണുന്ന മായക്കണ്ണനായും ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ വെമ്പുന്ന ഒരു ശിശുവായും ചന്ദ്രമതിയമ്മയ്ക്ക് തോന്നി.
മുറിയിലെ നാലു പാളി ജനാലകൾ തുറന്നിടുമ്പോൾ എന്നും മുറ്റത്തെ തൈമാവിൽ വന്നിരിക്കാറുള്ള ഒരു പുള്ളിക്കുയിലിനെ നോക്കി, “അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ….. ” എന്നും
പുതിയ കിടക്ക വിരിയിലേക്ക് പിറന്നപടി അയാളെ മാറ്റിക്കിടത്തുമ്പോൾ ആ തണുത്ത നഗ്നതയിലേക്ക് നോക്കി ” ഉണ്ണിക്ക് പേരുണ്ണി കണ്ണനെന്നിങ്ങനെ… ” എന്നും ഹൃദയത്തിൽ ഒരു കളിത്തൊട്ടിൽ കെട്ടി അവർ ആയത്തിൽ പാടി.
പ്രമേഹം ഒരു ചിലന്തിവല പോലെ കാൽപ്പാദങ്ങളിൽ നിന്നും മുകളിലേക്ക് പടർന്ന് കയറുകയും വലതുകാൽ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റുകയും ഒക്കെ ചെയ്തതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആശുപത്രി വാസവും സർജറിയുമൊക്കെയായി ദിവസങ്ങൾ നീണ്ടപ്പോൾ മക്കൾ വായിൽ വെടിയുണ്ടകൾ നിറച്ച് തുരുതുരെ പലതും വിളിച്ചു പറഞ്ഞു. ചന്ദ്രമതിയമ്മ കണ്ണീർ വാർത്ത് ബധിരകർണ്ണയായി നിലം നോക്കിയിരുന്നു.
ഇടയ്ക്കിടയ്ക്ക് വേണു സാറിനെ കാണാൻ ചില പൂർവ വിദ്യാർത്ഥികളും പഴയ സഹപ്രവർത്തകരുമൊക്കെ വരുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽക്കോളേജിലെ ഡി.എം.ഒയും പ്രിയപ്പെട്ട വിദ്യാർത്ഥിയുമായിരുന്ന അബ്ദുൾ സലാം കിടക്കയ്ക്കരികിൽ ഭവ്യതയോടെ നിന്ന് ചന്ദ്രമതിയമ്മയോട് പറഞ്ഞു:
“വേണു സാറിൻ്റെ അടി കിട്ടി നിക്കറ് നനച്ചവർ ഇന്ന് ഇന്ത്യൻ മിലിട്ടറിയിലും അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും ഗൾഫിലെ ഓയിൽ കമ്പനികളിലും
ഡൽഹിയിലെ പാർലമെൻ്റ് ഹൗസിലും തുടങ്ങി പാലക്കാട്ടെ തവളക്കണ്ണൻ മട്ടയരി വിളയുന്ന തത്തമംഗലത്തെ
വയൽ കളത്തിൽ വരെ ഉണ്ട്. വേണമെങ്കിൽ ആരുടെയെങ്കിലും ഇടപെടൽ കൊണ്ട് നിസ്സാരമായി വീട്ടിനടുത്തു തന്നെയുള്ള ഏതെങ്കിലും ഹൈസ്ക്കൂളിൽ ഇരുന്ന് സ്വസ്ഥമായി വിരമിക്കാമായിരുന്നു.”
ഇത്തരം വാഴ്ത്തുപാട്ടുകൾ ചെവിയിൽ ഒരു ഈയാം പാറ്റയായി കടന്ന് ആവശ്യത്തിലേറെ കടഞ്ഞതുകൊണ്ടാകണം, ചന്ദ്രമതിയമ്മ അയാൾ കിടന്ന ഇരുമ്പ് കട്ടിലിൻ്റെ പെയിൻ്റിളകിയ പാടുകളിൽ വെറുതെ നഖം കൊണ്ട് പോറി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ഇടയ്ക്കിടെ നനഞ്ഞൊട്ടുന്ന മൂത്രത്തുണികൾ മാറ്റുമ്പോൾ, പൊള്ളലുകളിൽ മരുന്നൊപ്പുമ്പോൾ പണ്ട് ഇസ്തിരിയിട്ട ഷർട്ടിലോ മുണ്ടിലോ ഒരു ചുളിവു കണ്ടാൽ ചാടിത്തുള്ളുന്ന ഹെഡ്മാസ്റ്ററെ ഒരു മിന്നൽപ്പിണറായി അവർ ഓർക്കുമെങ്കിലും പൊടുന്നനെ അത് തട്ടിക്കളയും. എന്നിട്ട് നീന്താനും ഇഴയാനും മുട്ടിലൂന്നി നടക്കാനും ശ്രമിക്കുമ്പോൾ വീണ് ചുണ്ടു പൊട്ടി കുടുകുടെ കണ്ണീരിറ്റിച്ച് കരയുന്ന ഒരു പാവം ഉണ്ണിയിലേക്ക് മടങ്ങി വരും. വാരിയെടുത്ത് ആ മണ്ണും പൊടിയുമൊക്കെ തട്ടിക്കളയും. സ്നേഹമുത്തങ്ങളോടെ മാറോട് ചേർക്കും.
കഴുകിയ തുണികൾ ഡെറ്റോളിൽ മുക്കി പിഴിഞ്ഞു വിരിക്കുമ്പോൾ എന്നും മറ്റൊന്നോർക്കും. കഞ്ഞിപ്പശ പോലുള്ള ഏതോ ഒരു ദ്രാവകം വാങ്ങി അലമാരയ്ക്കുള്ളിൽ പൂട്ടി സൂക്ഷിച്ചിരുന്നു അയാൾ. കോട്ടൺ സാരിയിലൊന്ന് അല്പം മുക്കി ഉണക്കാൻ ചോദിച്ചപ്പോൾ, “തീർന്നു പോയി ” എന്നു പറഞ്ഞു.
“വലതു കൈയിലെ വെണ്ണ എവിടെപ്പോയി” എന്ന് യശോദ ചോദിക്കുമ്പോൾ “അത് കാക്ക കൊത്തിപ്പോയി ” എന്ന് യാതൊരു തട്ടും തടവുമില്ലാതെ പറയുന്ന ഉണ്ണിക്കണ്ണനിലേക്ക് ഇപ്പോൾ അതൊക്കെ ചന്ദ്രമതിയമ്മ ഒരു വെണ്ണപ്പാളിപ്പോലെ ചേർത്തുവയ്ക്കും. കിനിഞ്ഞിറങ്ങുന്ന ഓർമകളെ ആസ്വദിക്കും. ആ നീരു വറ്റിപ്പോയ കണ്ണുകളിൽ സങ്കടത്തോടെ നോക്കും
അയാൾക്ക് ഏറെ ഇഷ്ടമുള്ള മാങ്ങാ ചമ്മന്തിയും വെള്ളരി ചെറുതായി നുറുക്കിയിട്ട മോരുകറിയും നെത്തോലിമീൻ കുടംപുളിയിട്ട് പീര വറ്റിച്ചതും ഉണ്ടാക്കി ചോറ് വാരിക്കൊടുക്കുമ്പോൾ ഒരിക്കൽ പപ്പടം പൊട്ടിപ്പോയതിനും ഒരു നേർത്ത മുടിനാരിഴ ഉരുള ചോറിൽ കുരുങ്ങിപ്പിടിച്ചതിനും അച്ചാറ് ഷർട്ടിൽ തൂവിയതിനുമെല്ലാം ചാടിത്തുള്ളി എഴുന്നേറ്റു പോയതുമെല്ലാം ഓർക്കും. ഇന്നിപ്പോൾ ആ വായിലേക്ക് ഉരുളകൾ നിറയ്ക്കുമ്പോൾ, അതാ അവിടെ ഈരേഴ് പതിനാലുലോകം! ചുറ്റും കറങ്ങിത്തിരിയുന്ന ജ്യോതിര്‍മണ്ഡലം. തമോഗർത്തങ്ങൾ. കണ്ണു പുളയ്ക്കുന്ന വെളിച്ചം!
താന്‍ കാണുന്നത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ ചന്ദ്രമതിയമ്മ പലപ്പോഴും വിഷമിച്ചു. എന്നാൽ ഇക്കാലമെല്ലാം തനിക്കു നേരെ അയാൾ യഥേഷ്ടം വാരിയെറിഞ്ഞ മണ്ണും ചരലുമൊന്നും അവർ അവിടെ കണ്ടതുമില്ല!
ചന്ദ്രമതിയമ്മ നിശ്ചയം, കല്യാണം, മരണം, പാലുകാച്ച്, നൂലുകെട്ട്, തിരണ്ടു കല്യാണം ഇങ്ങനെ ഒരു കാലത്ത് അയാളെ പ്രതിനിധീകരിച്ച് പോയിരുന്ന ചടങ്ങുകളിൽ നിന്നെല്ലാം പാടെ വിട്ടുനിന്നു.

” ഇങ്ങനെ ഒന്നിനും ഒരിടത്തും പോകാതെ കാവലിരുന്നാൽ നാളെ ചാക്കാലയ്ക്ക് പോലും നാല് നാട്ടുകാർ കാണില്ല.”
തൊട്ടടുത്ത വീട്ടിലെ കല്യാണത്തിന് പോലും പങ്കെടുക്കാത്ത ചന്ദ്രമതിയമ്മയെ മക്കൾ ഗുണദോഷിച്ചു.
പറയാനുള്ളതെല്ലാം പറഞ്ഞ് അവരെല്ലാം പോയിക്കഴിയുമ്പോൾ ജനാലയും വാതിലുമൊക്കെ ചാരി സാറിൻ്റെ അടുത്തു ചെന്നിരുന്ന് ആ കവിളിലും പീലിത്തലമുടിയിലുമൊക്കെ വിരലോടിച്ചു കൊണ്ട് അക്കമിട്ടിട്ട് ചോദിക്കും;
” ഞാൻ എപ്പോഴും ഇങ്ങനെ ഇവിടെ ഇരുന്നാൽ മതിയോ? വായും വയറുമൊന്നും ഇല്ലേ? വിശക്കൂല്ലേ? വല്ലതും സമയത്തിന് കഴിക്കണ്ടെ? എനിക്കൊന്ന് കുളിക്കണ്ടെ? തുണികൾ അലക്കണ്ടെ? മക്കള് ചോദിക്കുന്നതൊക്കെ കേൾക്കുന്നുണ്ടോ?”
ഇതിനിടയിൽ പുറംപണിക്കും വീട്ടുകാര്യങ്ങളിൽ സഹായിക്കാനുമായി ബിന്ദു എന്നൊരു സഹായിയെ കൂടി ചന്ദ്രമതിയമ്മ കൂട്ടി. മൂത്തു വിളഞ്ഞ ഒരു സാധനം! വന്ന ദിവസം തന്നെ അവൾ പറഞ്ഞു:
“മരുന്നും വെള്ളവുമൊക്കെ സമയാസമയം കൊടുക്കുന്നുണ്ടല്ലോ, പിന്നെ നാലഞ്ച് മണിക്കൂറൊക്കെ ഇങ്ങനെ കിടക്കും. എപ്പഴും മൂട്ടിൽ കേറി അട ഇരിക്കണ്ട. കുറച്ചു നേരം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറി നിന്നാലും ലോകമൊന്നും ഇടിഞ്ഞു വീഴില്ല! ”
ആശുപത്രിയിൽ നിന്നും എത്തിയതിൻ്റെ പിറ്റേ മാസം മുതൽ നാട്ടിലെ ഒരു പാലിയേറ്റീവ് കെയർ സംഘത്തിൻ്റെ സഹായം കൂടി മൂത്ത മകൻ ഏർപ്പാടാക്കി.
ഇത്രയൊക്കെ ചെയ്തിട്ടും അയാളുടെ “അമ്മോ…..” വിളിക്ക് യാതൊരു കുറവും ഉണ്ടായില്ല. ചില നേരം ഒരു തിരമാല പോലെ, ചിലപ്പോൾ ഒരു ചക്രവാതം പോലെ “വാടീ….. അമ്മച്ചിയേ വാടീ…….” എന്ന് ആഞ്ഞടിക്കും.
ആ ഓരോ വിളിയും വീടിനകത്തും പുറത്തും നിറഞ്ഞു പരക്കും. അലകൾ തീർക്കും. മക്കൾ മാത്രമല്ല, മരുമക്കളും കൊച്ചുമക്കളും വരെ ആ വിളിയുടെ മിക്സഡ് പകർപ്പുകൾ ഏറ്റുപാടി. മക്കൾ ഓഫീസിലും മരുമക്കൾ അവരുടെ ബന്ധുക്കളോടും കൊച്ചുമക്കൾ സ്കൂളിലുമെല്ലാം പോയി ഈ വിശേഷങ്ങൾ പറഞ്ഞു. ചിരിച്ചു. ഇളയ മകനാണെങ്കിൽ ആ ഭാവ ചേഷ്ടാദികൾ ഉടൽ വഴക്കമുള്ള ഒരു നടനെപ്പോലെ പാനോപചാരവേളകളിൽ അനുകരിക്കുകയും ചെയ്തു. ചന്ദ്രമതിയമ്മ എല്ലാം നിശ്ശബ്ദയായി കണ്ടിരുന്നു. അവർ ആ വിളിയിൽ ഒരു വൃന്ദാവനം കണ്ടു. ഓടക്കുഴൽ നാദം കേട്ടു. മുലഞ്ഞെട്ട് വിടുവിക്കുമ്പോൾ കരയുന്ന ഒരു കുഞ്ഞിക്കരച്ചിലിലേക്ക് എന്ന പോലെ ഏതു പാതിരാവിലും ഉണർന്നിരുന്നു.
ഒരു കർക്കിടകവാവിൻ്റെ തലേന്ന് പുലർച്ചെ അയാൾ മരിച്ചു. സന്ധ്യ മുതൽ ചരൽക്കനത്തിൽ മഴ പെയ്തുകൊണ്ടേയിരുന്നു. തണുപ്പിനേക്കാൾ തണുത്ത മരണം. ആശുപത്രിയിൽ പോകാതെ കാര്യങ്ങൾ കഴിഞ്ഞതിൽ എല്ലാവരും ആശ്വസിച്ചു.
ശവദാഹം വീട്ടുവളപ്പിൽ വേണമോ ഇലക്ട്രിക് ശ്മശാനത്തിൽ വേണമോ എന്നതിനെ സംബന്ധിച്ച് ഒരു സന്ദേഹം അവിടെ ഉയർന്നുവന്നു. ചില തല നരച്ച ബുദ്ധികളായിരുന്നു പിന്നിൽ. ഒത്താൽ ഏതു മരത്തിലും കുനുഷ്ടിൻ്റെ ഒരു മുള്ളാണി അടിക്കുന്നവർ.
കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയ ഒരാൾ പുലർച്ചെ തണുത്ത ഒരു ഉടലായി മാറിയതിൻ്റെ ഞടുക്കത്തിൽ നിന്നും പുറത്തു വരാൻ ചന്ദ്രമതിയമ്മക്ക് ഒന്നൊന്നര മണിക്കൂർ വേണ്ടി വന്നു. രാത്രി ഒരു മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ പത്തു മണിക്ക് മാറ്റിയ മുണ്ടും കിടക്ക വിരിയുമെല്ലാം പതിവിലേറെ നനഞ്ഞ് കുതിർന്നിരുന്നു. മുണ്ടിൽ പുരണ്ടിരുന്ന മലം ചന്തിയിലും തുടകളിലുമായി ഇനിയും ഉണങ്ങാതെ നിന്ന രണ്ട് വലിയ വ്രണങ്ങളിൽ നിന്നുള്ള ചലം ആണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അത് വേരറ്റുപോയ ജീവൻ തള്ളിക്കളഞ്ഞ അവസാനത്തെ അടയാളമാണെന്ന് തിരിച്ചറിയാൻ പിന്നെയും സമയം ഏറെ വേണ്ടി വന്നു.
കുളിപ്പിച്ച് വരാന്തയിൽ ഒരു നീളൻ വാഴയിലയിൽ കിടത്തുന്നതു വരെ ചന്ദ്രമതിയമ്മ തന്നെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചു. നാട്ടുകാരും ബന്ധുക്കളിൽ പലരും എത്തിയിട്ടും അടക്കം എവിടെയാകണം എന്ന കാര്യത്തിൽ ചന്ദ്രമതിയമ്മ ഒരു തീരുമാനം പറഞ്ഞില്ല. ആർക്കും അക്കാര്യം ചന്ദ്രമതിയമ്മയോട് ചോദിക്കാനുള്ള ധൈര്യവും ഉണ്ടായില്ല.
“ഈ പതിനഞ്ച് സെൻ്റിനുള്ളിൽ വേവിക്കലും എരിക്കലും ഒന്നും വേണ്ട” അതായിരുന്നു വേണു സാറിൻ്റെ ആഗ്രഹം.എല്ലാം അയാൾ ചന്ദ്രമതിയമ്മയോട് പറഞ്ഞിരുന്നു. ശ്മശാനം മതി എന്ന കാര്യത്തിൽ മക്കൾ രണ്ടു പേരും മാസങ്ങൾക്കു മുന്നേ ഒരു ധാരണയിൽ എത്തിയിരുന്നു. മാത്രമല്ല, മരണാനന്തര ചടങ്ങുകൾ പതിനാറ് ദിവസത്തോളം വലിച്ചു നീട്ടരുതെന്നും പന്ത്രണ്ടിന് കാര്യങ്ങളെല്ലാം കഴിച്ച് വർക്കല പാപനാശത്ത് അസ്ഥി ഒഴുക്കാമെന്നും അവർ കണക്കുകൾ കൂട്ടി.
എല്ലാവരും ശ്രദ്ധിച്ച ഒരു കാര്യം, ഒരു തുള്ളി കണ്ണീരു പോലും ഇറ്റിക്കാതെയുള്ള ചന്ദ്രമതിയമ്മയുടെ ആ മൗനമുറഞ്ഞുകൂടിയ ഇരിപ്പായിരുന്നു. ശവത്തിൻ്റെ തലയ്ക്കൽ കൊളുത്തി വച്ച നിലവിളക്കിലെ തിരി നീക്കിയിട്ടും എണ്ണയൊഴിച്ചും ശവത്തിൻ്റെ ചുണ്ടിലും കണ്ണിലും നെറ്റിയിലുമായി തൊട്ടു കളിച്ച ഒരു ഈച്ചയെ ആട്ടിയും സാമ്പ്രാണി എരിഞ്ഞു തീരുമ്പോൾ പുതിയത് വാഴപ്പോളയിൽ കുത്തിവച്ചുമെല്ലാം ചന്ദ്രമതിയമ്മ ആരെക്കാളും നന്നായി ഉണർന്നിരുന്നു. ഉടുപ്പിക്കാനുള്ള കോടി മുണ്ടെടുത്തു കൊടുത്തതും അണിയിക്കാനുള്ള ഉടുപ്പ് എടുത്തു കൊടുത്തതും മുടി ചീകി പൗഡർ ഇട്ട് പോക്കറ്റിൽ ഒരു ഹീറോ പേന തിരുകി വയ്ക്കണമെന്ന് നിർദ്ദേശിച്ചതും അവർ തന്നെയായിരുന്നു.മൂന്നു വലം വച്ച്, അരിയും അരളിപ്പൂവും എടുത്ത് വായ്ക്കരിയിട്ട്, ഒറ്റക്കാലിൽ പിടിച്ച് നമസ്ക്കരിച്ച് ഒരൊറ്റ ഏങ്ങലിനു പോലും ഇടം കൊടുക്കാതെ ചന്ദ്രമതിയമ്മ അയാളെ യാത്രയാക്കി.
അന്നത്തെ രാത്രിയും വേണു സാറ് ചന്ദ്രമതിയമ്മയെ ചുറ്റിപ്പിടിച്ചാണ് കിടന്നുറങ്ങിയത്. പ്രാണൻ ചിറകുകുടഞ്ഞു തുടങ്ങിയ നിമിഷങ്ങളിലെപ്പോഴോ ആകണം, തണുക്കുന്നെന്ന് മുളി അവരുടെ പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു.
മിക്ക ദിവസവും അയാൾ ചന്ദ്രമതിയമ്മയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. ടിപ്പു സുൽത്താൻ്റെയും അലാവുദ്ദീൻ ഖിൽജിയുടെയും മാർത്താണ്ഡവർമ്മയുടേയുമൊക്കെ കഥകൾ! പറയുമ്പോൾ ശ്രദ്ധയോടെ ചന്ദ്രമതിയമ്മ അതെല്ലാം കേൾക്കണമെന്ന് അയാൾക്ക് വാശിയായിരുന്നു. അന്നയാൾ പറഞ്ഞത് ഒരു നാടോടിക്കഥയായിരുന്നു. കുഞ്ഞിക്കൂനനും കൂട്ടുകാരും മുത്തുമല കയറിയ ഒരു ചെറിയ കഥ! കഥയുടെ മലകയറിയപ്പോഴും ഇറങ്ങിയപ്പോഴും അയാൾ വല്ലാതെ കിതച്ചു.
രസച്ചരട് പൊട്ടാതെ കഥ പറഞ്ഞു കഴിഞ്ഞ ഉടനെ, ഏതാനും നാൾ മുൻപ് അയാൾ തന്നെ പറഞ്ഞു കൊടുത്ത അമ്മ പരുന്തിൻ്റേയും കുഞ്ഞുങ്ങളുടേയും കഥ പറയാൻ ചന്ദ്രമതിയമ്മയോട് ആവശ്യപ്പെട്ടു. കേട്ട കഥയാണെങ്കിലും വീണ്ടും പറയാൻ പറഞ്ഞാൽ പലപ്പോഴും ചന്ദ്രമതിയമ്മയ്ക്ക് പറയാൻ കഴിഞ്ഞിരുന്നില്ല. അല്ലെങ്കിലും കഥയില്ലായ്മകളുടെ ജീവിതത്തിനിടയിൽ എല്ലാ കഥകളും മറന്നാണല്ലോ അവർ ജീവിച്ചിരുന്നത്!
“ അമ്മയ്ക്കെല്ലാം അറിയാം. കള്ളം പറയുന്നതാണ്. എന്നെ പറ്റിക്കാൻ…! പറ… പറ…ചക്കിപ്പരുന്തിൻ്റേയും മക്കളുടേയും കഥ പറ… “ അയാൾ വല്ലാതെ വാശി പിടിച്ചു. അങ്ങനെ കഥപറച്ചിലും കുഞ്ഞുകുഞ്ഞ് ശാഠ്യങ്ങളും “അമ്മോ.. ” വിളിയും മരുന്ന് കഴിക്കാതെയൊക്കെയുള്ള നിർബന്ധം പിടിക്കലുമൊക്കെയായിരുന്നു പല രാത്രികളും.
ധാരാളം പണികളുള്ള ചില നേരങ്ങളിൽ അവർ അയാളോട് തനിയെ എടുത്ത് കഴിക്കാൻ പറയും. അന്നേരം ഒരു അഞ്ചു വയസുകാരൻ്റെ കൊഞ്ചലിൽ ചന്ദ്രമതിയമ്മയോട് താഴ്ന്ന ഒച്ചയിൽ:
“ഇന്നത്തേക്കു കൂടി വാരിത്താ അമ്മാ… നാളെ മുതൽ ഞാൻ വാരിത്തിന്നോളാം” എന്ന് കെഞ്ചി പറയും. ആദ്യമായി അങ്ങനെ കേട്ട നിമിഷം ചന്ദ്രമതിയമ്മ വാതിലിന്‍റെ മറവിൽ ചെന്ന് നിന്ന് ഒത്തിരി നേരം കരഞ്ഞു. ഇളയ മകൻ അന്നേരം അതുവഴി വന്നു. ” നിങ്ങളുടെ സങ്കടം ഇനിയും തീർന്നില്ലേ?” എന്നവൻ ചോദിച്ചു. ഈ കിടപ്പിൽ കിടന്നും അയാൾ അമ്മയെ ശാസിച്ചിട്ടുണ്ടാകാം എന്നാണ് അവൻ കരുതിയത്.
അടുക്കളപ്പുറത്ത് എന്തെങ്കിലും പണിക്കു പോകുമ്പോൾ ചന്ദ്രമതിയമ്മ അയാൾക്ക് ടിവി ഇട്ട് കൊടുക്കുമായിരുന്നു. ടിവിയേക്കാൾ അയാൾക്ക് ഇഷ്ടം റേഡിയോയായിരുന്നു. കാർട്ടൂൺ ചാനലുകളും ഹാസ്യ പരിപാടികളും ഒക്കെ കണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ചിരിച്ചു മറിയുന്ന ഭർത്താവിനെ അവർ ആദ്യമായി കാണുന്നതുപോലെ നോക്കി നിൽക്കും. വല്ലപ്പോഴും ഒരിക്കൽ ഇങ്ങനെ ഒന്ന് നല്ല കാലത്ത് ചിരിച്ചിരുന്നെങ്കിൽ എന്നവർ പലപ്പോഴും ഓർത്തു.
ക്ഷമകൊണ്ടോ ചെറിയ വിട്ടുവീഴ്ചകൾ കൊണ്ടോ കൈപ്പിടിയിൽ ഒതുക്കാവുന്ന പല വിജയങ്ങളും ബാലിശമെന്നോ പിടിവാശിയെന്നോ ഒക്കെ തോന്നാവുന്ന കടുംപിടിത്തങ്ങൾക്കു മുന്നിൽ നിസ്സാരമായി തട്ടിയുടച്ചുകളഞ്ഞ വിദ്വാനാണല്ലോ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്ന് വിശ്വസിക്കാൻ ചന്ദ്രമതിയമ്മയ്ക്ക് പലപ്പോഴും പ്രയാസമായിരുന്നു.

സ്കൂൾ കെട്ടിടം പണിയുന്നതിൽ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ തടഞ്ഞതിനായിരുന്നു കണ്ണൂരിൽ നിന്നും മലപ്പുറത്തേക്ക് ഒരു സ്ഥലം മാറ്റമെങ്കിൽ, പാലക്കാട്ടെ ചിറ്റൂരിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് മാറ്റിയത് സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള ഫണ്ട് തിരിമറി നടത്തിയവർക്കെതിരെ കർശന നടപടി എടുത്തതിനായിരുന്നു. പോക്സോ കേസിൽ പെടുത്തി സത്യസന്ധനായ ഒരു അദ്ധ്യാപകനെ ദ്രോഹിക്കാൻ ശ്രമിച്ചവർക്കൊപ്പം നിൽക്കാത്തതിനാണ് സ്വന്തം നാട്ടിലെ സ്കൂളിൽ നിന്നും ഇടുക്കിയിലെ ഏലപ്പാറ ഹൈസ്ക്കൂളിലേക്ക് പൊടുന്നനെ മാറ്റുന്നത്.
അപ്പോഴെല്ലാം മാഷിൻ്റെ ഭാര്യയെന്ന പദവി ചന്ദ്രമതിയമ്മ അലങ്കാരമായി തന്നെ കൊണ്ടുനടന്നു. വല്ലപ്പോഴും ഒരിക്കൽ ഒരു സിനിമയ്ക്കോ കല്യാണത്തിനോ പോകുമ്പോൾ അതാണ് തൻ്റെ ജീവിതത്തിലെ ഭാഗ്യമെന്ന് കരുതി.സങ്കീർണമായ ജീവിത സാഹചര്യങ്ങളെ കഴിയുന്നത്ര അവധാനതയോടെ നേരിട്ടു. ഒടുവിൽ ആ ഒറ്റക്കാലിൽ ശേഷിച്ച മരണത്തേയും.
ഭർത്താവിൻ്റെ മരണത്തോടെ കെട്ട അടുപ്പും തണുത്ത ചാമ്പലും ചോറുണങ്ങിയ കരിക്കലവുമൊക്കെ വകഞ്ഞ് മാറ്റി, വാക്കിലും നോക്കിലുമെല്ലാം ഒരു കാട്ടുതെച്ചിപ്പൂപോലെ ചുവന്ന ചന്ദ്രമതിയമ്മയെയാണ് പിന്നീട് എല്ലാരും കണ്ടത്. പന്ത്രണ്ടല്ല, പതിനാറ് ദിവസവും അവർ ഭർത്താവിൻ്റെ അസ്ഥികലശം, പട്ടുചുറ്റിയ ഒരു വരിക്ക പ്ലാവിൻ്റെ കീഴിൽ വച്ച് വിളക്കുവച്ചു. പട്ടിയും പൂച്ചയും തൊടാതെ കാവലിരുന്നു. കുറി തൊട്ടുവന്ന കരയോഗക്കാർ ചന്ദ്രമതിയമ്മയെ ചില പുതിയ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ നോക്കി:
” ഈ പതിനാറ് വരെയുള്ള മരണാനന്തര ചടങ്ങുകളൊക്കെ പണ്ടെന്നോ നമ്മൾ ഈഴവരെ നോക്കി ചെയ്തതാണ്. ഒരു അബദ്ധം. ഇപ്പോൾ നമ്മൾ അതൊക്കെ തിരുത്തുകയാണ്. ആകെ പത്തു ദിവസത്തെ ബലി. പന്ത്രണ്ടിന് അസ്ഥിനിമഞ്ജനം ചെയ്തു കൊണ്ടുള്ള സപിണ്ഡീകരണ ശ്രാദ്ധം. അത്രയേ ഉള്ളൂ.”
ചന്ദ്രമതിയമ്മയ്ക്ക് പുതിയ ഉടുപ്പിട്ട വിശേഷങ്ങളൊന്നും മനസ്സിലായില്ല. അല്ലെങ്കിലും “വേണുഗോപാലൻ നായർ” ൽ നിന്നും “വേണുഗോപാലും ” ഒടുവിൽ വെറും “വേണു “വും ഏറ്റവും ഒടുവിൽ തൻ്റെ മാത്രമായ ഉണ്ണിയായും ചുരുങ്ങി ജീവിച്ച ഭർത്താവ് അത്തരം പുരോഗമനകരമായ കാര്യങ്ങൾ ഒന്നും തന്നെ ടീച്ചറിന് പറഞ്ഞുകൊടുത്തിരുന്നതുമില്ല.
” ഞാൻ ആരെയും പതിനാറ് ദിവസം ജോലിക്കോ കൂലിക്കോ പോകാതെ അച്ഛനേയും ഓർത്ത് ഇരിക്കാനൊന്നും പറയുന്നില്ല. എല്ലാർക്കും അവരവരുടെ സ്വാതന്ത്ര്യങ്ങൾ ഉണ്ട്. യുക്തി പോലെ എന്തുമാകാം” – ചന്ദ്രമതിയമ്മയുടെ ശബ്ദത്തിൽ മുറ്റത്തൊരു ചാരുകസേര വലിച്ചിട്ടിരിക്കുന്ന അച്ഛൻ്റെ കനത്ത നിഴൽ വീണിട്ടുണ്ടോ എന്ന് മക്കൾ ഭയന്നു.
ഈ ദിവസങ്ങളിലെല്ലാം രക്തബന്ധത്തിൻ്റെ കണ്ണികൾ ചേർക്കാൻ ബന്ധുക്കളും പഴയ ഓർമത്തോടുകൾ പൊട്ടിച്ച് സഹപ്രവർത്തകരും ചൂരൽച്ചൂടും ചേർത്തു പിടിക്കലുമെല്ലാം ഓർത്തുകൊണ്ട് ശിഷ്യഗണങ്ങളും തോരാതെ വന്നുകൊണ്ടിരുന്നു. കൂട്ടത്തിൽ കുഴിവെട്ടി വീഴ്ത്തിയവരും വിളക്കൂതിയണച്ച് ഒറ്റപ്പെടുത്തിയവരും പിന്നിൽ നിന്ന് തള്ളിയിട്ട് പരിഹസിച്ചവരുമൊക്കെ ഉണ്ടായിരുന്നു. ചന്ദ്രമതിയമ്മ ആരുടെ നാട്യങ്ങൾക്കു മുമ്പിലും ദു:ഖപുത്രിയായി നിന്ന് വിതുമ്പിയില്ല. ഉള്ളിത്തോടടർത്തും പോലെ കരഞ്ഞില്ല. ആരോടും ചന്ദനക്കാതലുള്ള ഗുണഗണങ്ങൾ പറഞ്ഞില്ല. തീമല ചുമന്ന സഹനങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടില്ല. ഒപ്പം താൻ ഇനി തുഴക്കാരനില്ലാത്ത വഞ്ചിയാണെന്നും പറഞ്ഞില്ല! പകരം അവരാരും ഇന്നലെ വരെ കാണാത്ത പുതിയ മരമായി. അതിലെ പൂവായി. കാറ്റിൽ അടർന്ന് വീഴാത്ത ഫലമായി നിന്നു.
അവർ പതിനാറ് ദിവസവും തമ്പുരാൻമുക്കിലുള്ള “എ ഒൺ” എന്ന കാറ്ററിങ് സ്ഥാപനത്തിൽ നിന്നും തോരാതെ തീറ്റ സാധനങ്ങൾ വരുത്തി. രാവിലെ അപ്പവും ചപ്പാത്തിയും ഉപ്പുമാവും കുറുമക്കറിയും. ഉച്ചയ്ക്ക് തോരനും കിച്ചടിയും സാമ്പാറും അവിയലും രണ്ട് അച്ചാറും കൂട്ടിയുള്ള ഊണ്. രാത്രി കഞ്ഞിയും പയറും. കുറ്റവും കുറവും പറയാൻ അടുക്കള അനക്കിയില്ല. മക്കളും മരുമക്കളും പ്ലാസ്റ്റിക് കസേരകളിലും വരാന്തയിലും പിന്നെ കട്ടിലിലും ഒക്കെ മാറി മാറി ഇരുന്ന് കഴിച്ചു. കൊതിയും നുണയും അഴിച്ചു. നല്ല വിളമ്പലുകാരായി തഴച്ചു.
മരണാനന്തര ചടങ്ങുകൾക്ക് ചന്ദ്രമതിയമ്മ ആരുടെ കൈയിൽ നിന്നും ചില്ലിക്കാശ് വാങ്ങിയില്ല. ഓട്ടവീഴാത്ത ഖജനാവുമായി ചെലവുകൾക്ക് മീതെ പരുന്തിൻ ചിറക് വിരിച്ചു നിന്നു. ശവമെടുത്ത് കഴിഞ്ഞ ഉടൻ തട്ടുപാത്രം വച്ച് “കട്ടപ്പണം ” പിരിക്കാൻ നിന്ന സമുദായ പ്രതിനിധിയോട് : “അതൊന്നും ഇവിടെ വേണ്ട, എല്ലാം ഞാൻ ചെയ്തോളാം” എന്ന് കുലീനത ചുറ്റിയ താഴ്മയോടെ പറഞ്ഞു. തല ചൊറിഞ്ഞ്, താടിയുഴിഞ്ഞു നിന്ന പരികർമിക്ക് ചോദിച്ചതിലും കൂടുതൽ കാശു കൊടുത്തു. അയാൾ പരിസരം മറന്ന് ഒരു വെടല ചിരി ചിരിച്ചു.അങ്ങനെ ഒരിക്കൽ കറപിടിച്ച ഒരു അടത്തുണിയായി അടുക്കളപ്പുറത്ത് കിടന്ന ചന്ദ്രമതിയമ്മ വാളും ചിലമ്പും ഏറ്റിയ ഉഗ്രസ്വരൂപിണിയായി ഉയിർത്തെഴുന്നേറ്റു.
എല്ലാം കഴിഞ്ഞ്, അവസാനത്തെ ഇലയും കൊത്തി ബലിക്കാക്കകളും നാട്ടുകാരും ഉറ്റ ബന്ധുക്കളുമൊക്കെ പിരിഞ്ഞു പോയ ഒരു സന്ധ്യയിൽ, പകൽ വെളിച്ചം മാഞ്ഞു പോകുന്നതും നോക്കി അവർ വരാന്തയിൽ
അങ്ങനെ ഒറ്റയ്ക്കിരിക്കവേ മൂത്ത മകൻ അരികിൽ ചെന്നിരുന്നു. തിരിച്ചിട്ടാലും മറിച്ചിട്ടാലും മക്കളിൽ ഭേദം അവനായിരുന്നു. അമ്മയുടെ നാഗച്ചുഴിയുള്ള നരച്ച തലമുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവൻ ചോദിച്ചു:
“ ഞാൻ ഒരു കാര്യം ചോദിച്ചാൽ, അമ്മ സത്യസന്ധമായി പറയുമോ?”
അവർ മകനെ തിരിഞ്ഞു നോക്കി. ചെവി വട്ടം പിടിച്ചു.
” പറയ്…ഈ അച്ഛൻ നല്ല കാലത്ത് ഞങ്ങളെ കുറച്ചെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? അമ്മയെ അല്പമെങ്കിലും പരിഗണിച്ചിട്ടുണ്ടോ?
എന്നിട്ടും കിടപ്പിലായപ്പോൾ എന്തിനാണ് ഇത്രയും സ്നേഹവും കരുതലുമൊക്കെ കൊടുത്തത്? വല്ലപ്പോഴും പഴയ കാര്യങ്ങളൊക്കെ ചോദിച്ചിട്ടുണ്ടോ? അതോ എല്ലാം ഒരു അഭിനയം ആയിരുന്നോ? ”
അലിഞ്ഞലിഞ്ഞ് പോകുന്നൊരു ചന്ദ്രക്കല പോലെ ചന്ദ്രമതിയമ്മ കുറേ നേരം ഇരുട്ടിലേക്ക് നോക്കി മിണ്ടാതിരുന്നു. പിന്നെ വെളിച്ചത്തിലും വെളിച്ചമുള്ള ഒരു സത്യത്തെ ഹൃദയക്കടലിൽ നിന്നും മുങ്ങിയെടുക്കുന്ന, മുഴക്കമുള്ള ഒച്ചയിൽ പറഞ്ഞു:
“ഒന്നും മറന്നിട്ടുണ്ടായിരുന്നില്ല. എല്ലാം എണ്ണിയെണ്ണി ചോദിക്കണമെന്നും കരുതിയിരുന്നു. പക്ഷേ അതിനു മുന്നേ
ഞാൻ അയാൾക്ക് അമ്മയായി തീർന്നിരുന്നുവല്ലോ…… ”
***
തിരുവനന്തപുരം കരിക്കകത്ത് ജനിച്ച ശ്രീകണ്ഠൻ എട്ട് കഥാസമാഹാരങ്ങളുടെയും നാല് നോവലുകളുടെയും രണ്ട് ഓർമയെഴുത്ത് പുസ്തകങ്ങളുടെയും കർത്താവാണ്.നോവലുകളിൽ ‘സെയിൻ്റ് കൊറോണ’യ്ക്ക് എച്ച് ആൻ്റ് സി നോവൽ പുരസ്കാരം ലഭിച്ചു.കലാകൌമുദി കഥാ പുരസ്കാരം, അബുദാബി ശക്തി അവാർഡ്,വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം എന്നിവ ഉൾപ്പെടെ ഒരു ഡസനിലേറെ സാഹിത്യ പുരസ്കാരങ്ങൾക്കർഹനായ ശ്രീകണ്ഠൻ കരിക്കകം മികച്ച ഡോക്യുമെൻ്ററിരചനയ്ക്കുളള ദേശീയ പുരസ്കാരത്തിനും അർഹനായി.സാമൂഹിക പ്രസക്തിയുള്ള നൂറിലേറെ ഡോക്യുമെൻ്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചു.സർക്കാർ ഉദ്യോഗസ്ഥനായ ശ്രീകണ്ഠൻ കരിക്കകം വഞ്ചിയൂർ പോസ്റ്റ് ഓഫീസ് പരിധിയിലുള്ള ഗൌരീശപട്ടത്തിനടുത്ത് മുളവന പ്രഭാലൈനിൽ ‘നിർമാല്യ’ത്തിലാണ് താമസം. ഭാര്യ-ഷീജ,മക്കൾ-ശ്രീലക്ഷ്മി,തീർത്ഥ.
ഫോൺ-9446393101
🍀






