‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

‘എഎ റഹീമിൻ്റെ വ്യാകരണ പ്രശ്നമൊന്നും ജനകീയപ്രതിഷേധം കത്തിക്കാളാൻ തടസ്സമായില്ല’
തിരുവനന്തപുരം:’മീഡിയ വണ്ണി’നെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്.തൻ്റെ കൂടി സാന്നിധ്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഇടപെട്ട കാര്യത്തെ തെറ്റായി അവതരിപ്പിച്ചതിലാണ് അദ്ദേഹത്തിന് രോഷം.അദ്ദേഹം അത് ഫെയ്സ് ബുക്കിലൂടെ പ്രതിഫലിപ്പിച്ചു.
ഡോ.ടി.എം തോമസ് ഐസക്കിൻ്റെ ഫെയ്സ് ബുക് കുറിപ്പ്:
‘ബുൾഡോസർ രാജിൽ കേരളം ഇടപെടേണ്ടയെന്ന് കർണ്ണാടക സിപിഐ(എം) നേതൃത്വം പറഞ്ഞൂവെന്നുള്ള ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടി. കാരണമുണ്ട്. കർണ്ണാടകയിലേക്ക് സിപിഐ(എം) എംപിമാരുടെ ഒരു സംഘത്തെ അയക്കുന്ന കാര്യം അവിടുത്തെ പാർട്ടി നേതൃത്വവുമായി സംസാരിക്കുമ്പോൾ സ. എം.എ. ബേബിയുടെ അടുത്ത് ഞാനുമുണ്ടായിരുന്നു.
എന്തിന് മീഡിയ വൺ ഇത്തരമൊരു വ്യാജപ്രചാരണത്തിനു മുൻകൈയെടുക്കണം. സിപിഐ(എം)നെക്കുറിച്ച് അവർ സൃഷ്ടിക്കുന്ന നുണയുടെ ഒരു ആഖ്യാനമുണ്ട്. സിപിഐ(എം) മുസ്ലിം വിരുദ്ധരാണ്. എന്നാൽ കോൺഗ്രസോ? ഇതുപോലൊരു ന്യൂനപക്ഷ സംരക്ഷകർ ഇല്ലായെന്ന മട്ടിലാണ് ‘മീഡിയ വണ്ണി’ന്‍റെ വാർത്തകളും വിശകലനവും.

ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം -ദളിത് വിഭാഗക്കാരുടെ വീടുകൾ തകർത്ത സംഭവത്തിൽ സ്ഥലം സന്ദർശിക്കുന്ന എ എ റഹീം എം പി
ബംഗളൂരുവിലെ ബുൾഡോസർ കുടിയൊഴിപ്പിക്കലിൽ സിപിഐ(എം) ഇടപെടുന്നതുവരെ അവിടുത്തെ സർക്കാരോ കോൺഗ്രസ് പാർട്ടിയോ അനങ്ങിയിട്ടില്ല. ആദ്യം സംഭവസ്ഥലത്ത് എത്തിയതും പ്രതിഷേധത്തിനു നേതൃത്വം നൽകിയതും കർണ്ണാടകയിലെ സിപിഐ(എം) നേതൃത്വമാണ്. പിന്നെ എഎ റഹീം എംപിയും കെടി ജലീൽ എംഎൽഎയും സ്ഥലത്തെത്തി.
കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. ഇതൊക്കെ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് കർണ്ണാടകത്തിലെ സർക്കാരും കോൺഗ്രസും ചലിച്ചത്. കർണാടക ന്യൂനപക്ഷ ക്ഷേമ ഹജ്ജ്-വഖഫ് മന്ത്രി സമീർ അഹമ്മദിന്‍റെ പ്രതികരണം തന്നെ ഉദാഹരണം. കുടിയൊഴിപ്പിക്കലിൽ അത്രവലിയ വിഷമമുണ്ടെങ്കിൽ കുടിയിറക്കപ്പെട്ടവർക്ക് പിണറായി വിജയൻ വീടുണ്ടാക്കി കൊടുക്കട്ടെ എന്നായിരുന്നു സമീർ അഹമ്മദിന്‍റെ പരിഹാസം. അങ്ങനെ പരിഹസിച്ച മന്ത്രിക്ക് പിന്നെ സംഭവസ്ഥലം സന്ദർശിച്ച് കുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കേണ്ടി വന്നത് എങ്ങനെ?
ജനകീയപ്രതിഷേധം നാട്ടിലും ദേശീയതലത്തിലും ശക്തമായപ്പോഴാണ് മുൻനിലപാടിൽ നിന്നും അവർക്കു പിന്മാറേണ്ടിവന്നത്. അതിനു കാരണമോ? സിപിഐ(എം) നേതൃത്വത്തിന്റെ ഇടപെടൽ. എഎ റഹീമിൻ്റെ വ്യാകരണ പ്രശ്നമൊന്നും ജനകീയപ്രതിഷേധം കത്തിക്കാളാൻ തടസ്സമായില്ല. ആ ഇടപെടലിന്‍റെ സത്യസന്ധതയും ആത്മാർത്ഥതയും ജനങ്ങൾക്കു ബോധ്യമായിട്ടുണ്ട്. അതുമതി!’






