‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

മലയാളത്തിലെ ഏറ്രവും ചെലവേറിയ ചിത്രം, ‘പാട്രിയറ്റ്’ വിഷുവിന് എത്തിയേക്കും
കൊച്ചി: മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ൻ്റെ ചിത്രീകരണം പൂർത്തിയായി.കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു ഈ ചിത്രത്തിൻ്റെ ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. വിഷു റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം.മമ്മൂട്ടിയുടെ സീനുകളാണ് പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത്.
ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ ത്രില്ലറാണെന്നാണ് പ്രചാരണം.മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിൻ്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
2006-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രിമഴ -ക്ക് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചുകൊണ്ടാണ് മഹേഷ് നാരായണൻ സിനിമയിലേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം എഡിറ്റിംഗ് നിർവഹിച്ചു. ബ്യുട്ടിഫുൾ, കന്യക ടാക്കീസ്, എന്നു നിന്‍റെ മൊയ്തീൻ.. തുടങ്ങിയ ചിത്രങ്ങളിലെ വർക്കുകൾ മഹേഷ് നാരായണന് ഈ രംഗത്ത് സ്ഥാനമുറപ്പിയ്ക്കുന്നതിന് സഹായിച്ചു. കമലഹാസന്‍റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപത്തിന്‍റെ എഡിറ്റിംഗും മഹേഷ് നാരായണനായിരുന്നു.
2017-ൽ മഹേഷ് നാരായണൻ സംവിധായകനായി ടെയ്ക്ക് ഓഫ് ആയിരുന്നു ആദ്യ സംവിധാന ചിത്രം.ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം,എഡിറ്റിംഗ് എന്നിവയെല്ലാം നിർവഹിച്ചത് മഹേഷ് നാരായണനായിരുന്നു. രണ്ടാമത്തെ ചിത്രമാണ് മാലിക്. ഫഹദ് ഹഫാസിൽ നായകനായ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെയും കഥ,തിരക്കഥ,സംഭാഷണം,സംവിധാനം,എഡിറ്റിംഗ് എല്ലാം മഹേഷ് നാരായണൻ തന്നെയാണ്.
രോഗബാധിതനായിരുന്ന മമ്മൂട്ടി ആരോഗ്യം വീണ്ടെടുത്ത് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത് പാട്രിയട്ടിൽ അഭിനയിക്കാനായിരുന്നു.മോഹൻലാലിന് ഫാൽക്കെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഈ ചിത്രത്തിൻ്റെ സെറ്റിൽ മമ്മൂട്ടി മോഹൻലാലിന് പൊന്നാട ചാർത്തിയതിന് വലിയ സ്വീകാര്യത ലഭിച്ചു.






