അരുന്ധതി റോയിക്ക് മലയാറ്റൂർ ഫൗണ്ടേഷൻ്റെ സമഗ്ര സംഭാവന പുരസ്കാരം

പുരസ്കാര വിതരണം തിരുവനന്തപുരത്ത്
തിരുവനന്തപുരം:പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷൻ്റെ
പ്രഥമ സമഗ്ര സംഭാവന പുരസ്കാരം പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് . 50,000രൂപയും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

അരുന്ധതിറോയി
പ്രമുഖ സാഹിത്യ നിരൂപകൻ ഡോ. വി.രാജകൃഷ്ണൻ ചെയർമാനായ ജൂറിയുടേതാണ് തീരുമാനം.ചിത്രകാരനും എഴുത്തുകാരനുമായ ബി.ഡി. ദത്തൻ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹിം, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി. ആർ. ശ്രീകുമാർ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

അരുന്ധതിറോയിയും അമ്മ മേരി റോയിയും
ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയി. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. ‘മദര്‍ മേരി കംസ് ടു മി’ എന്ന അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം മേരി റോയ് എന്ന അവരുടെ അമ്മയെക്കുറിച്ചാണ്.
‘കേരളത്തിന്, വിശേഷിച്ചും സുറിയാനി നസ്രാണി സമുദായത്തിലെ സ്ത്രീകള്‍ക്ക്, മേരി റോയ് ഒരു വീരവനിതയായിരുന്നു. നിലവിലുണ്ടായിരുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ പോരാടി വിജയിച്ച ഒരു ധീരവനിത. എന്നാല്‍, അവരുടെ മക്കള്‍ക്ക്, അവരൊരു ഭീതിദമായ സാന്നിദ്ധ്യമായിരുന്നു. കുപ്രസിദ്ധമായ ക്ഷുബ്ധപ്രകൃതമുള്ള ഒരാള്‍.’-അരുന്ധതി റോയി തുറന്നെഴുതി.






