‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ

‘വി ഡി സതീശന് അലോരസം ഉണ്ടാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ മാപ്രകൾ സംരക്ഷിച്ചു’
കൊച്ചി:പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഇത്രയേറെ കരുതലും കാരുണ്യവും മലയാള മാധ്യമ പ്രവർത്തകർക്ക് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് പി എസ് സി മുൻ ചെയർമാനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാന്‍സലറുമായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.കെ എസ് രാധാകൃഷ്ണൻ.2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറായ അദ്ദേഹം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പി എസ് സി ചെയര്‍മാനുമായി.തുടർന്ന് ബിജെപിയലെത്തിയ ഗ്രന്ഥകാരനും പ്രഭാഷകനും കൂടിയായ ഡോ.രാധാകൃഷ്ണൻ,പ്രതിപക്ഷനേതാവ് വി.ഡി സതീശനെ സംരക്ഷിക്കാൻ വേണ്ടി മാപ്രകൾ ചെയ്ത സേവനം എന്നും പ്രകീർത്തിക്കപ്പെടുകയും ചെയ്യുമെന്ന് പരിഹസിക്കുന്നു.

ഡോ.കെ എസ് രാധാകൃഷ്ണൻ
ഡോ.കെ എസ് രാധാകൃഷ്ണൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘വി ഡി സതീശന് അലോരസം ഉണ്ടാക്കുന്ന ഒരു ചോദ്യവും ചോദിക്കാതെ അവർ(മാപ്രകൾ) അദ്ദേഹത്തെ സംരക്ഷിച്ചു. അദ്ദേഹം നിഷ്കളങ്കനും നിരപരാധിയുമാണെന്ന് ഭംഗ്യന്തരേണ സ്ഥാപിക്കാനും അവർ ശ്രമിച്ചു. എത്ര നല്ല പി ആർ ജോലിയാണ് ഇവർ ചെയ്യുന്നത്. തക്കതായ പ്രതിഫലം അവർക്ക് ലഭിക്കുന്നുണ്ടാകും എന്നു കരുതാം.
സതീശനെ കുറ്റവിമുക്തനാക്കിയാണ് വിജിലൻസ് റിപ്പോർട്ട് നല്ലിയത് എന്നും അവർ പ്രചരിപ്പിച്ചു. സതീശൻ അഴിമതി നടത്തി എന്നല്ല അദ്ദേഹത്തിന് എതിരെയുള്ള ആക്ഷേപം. അദ്ദേഹം സന്ദർശക വിസയിൽ വിദേശത്ത് പോയതിന് ശേഷം അവിടെ യോഗം വിളിച്ചു ചേർത്ത് പണപ്പിരിവ് നടത്തി എന്നാണ് ആരോപണം. ഇത് തെളിയിക്കാനാവശ്യമായ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
ഒരു യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് വെടിപ്പില്ലാത്ത ഇംഗ്ലീഷിൽ സതീശൻ പണം ചോദിക്കുന്ന വീഡിയോ ഞാനും കണ്ടിട്ടുണ്ട്. ഇതാകട്ടെ സമ്പൂർണ്ണമായ നിയമലംഘനമാണ്. നിലവിലുള്ള നിയമം അനുസരിച്ച് സന്ദർശക വിസയിൽ വിദേശത്ത് പോയി പണം പിരിക്കാൻ ഒരു ഇന്ത്യൻ പൗരനും അവകാശമില്ല. ഇങ്ങനെ എത്രപണം, ആരിൽ നിന്നെല്ലാം എന്ത് വ്യവസ്ഥയിൽ പിരിച്ചു എന്നതിൻ്റെ കണക്കും അദ്ദേഹം ഒരിടത്തും ഹാജരാക്കിയിട്ടില്ല. പണം പിരിച്ചതിന് തെളിവുണ്ട്; പിരിച്ച പണം ആരിൽ എത്തി എന്നതിന് തെളിവില്ല. ഇതാകട്ടെ വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇക്കാര്യം അന്വേഷിക്കാൻ യോഗ്യമായ ഏജൻസി സി ബി ഐ ആയതു കൊണ്ടാണ് സി ബി ഐ അന്വേഷിക്കണം എന്ന് വിജിലൻസ് നിർദ്ദേശിച്ചത്.
സതീശൻ മറ്റൊരു വിചിത്രമായ വാദവും ഉന്നയിക്കുന്നു. തൻ്റെ പേരിൽ താൻ ഒരു പൈസ പോലും സ്വീകരിച്ചിട്ടില്ല. ഈ പണം സ്വീകരിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻ ജി ഒ ആണ്. അവർക്ക് വിദേശത്ത് നിന്നും പണം കൈപ്പറ്റാൻ അവകാശമുണ്ട്. ഏതാണ് ഈ മണപ്പാട്ട് ഫൗണ്ടേഷൻ? മണപ്പാട്ട് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി എസ് ആർ ഫണ്ട് കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് മണപ്പാട്ട് ഫൗണ്ടേഷൻ. അമീർ അഹമ്മദ് ചെയർമാനായ ഈ സ്ഥാപനം 1993 മെയ് 20 നാണ് സ്ഥാപിച്ചത്. അനാഥരെ സേവിക്കുക, അഗതികൾക്ക് ആഹാരം നൽകുക, വിദ്യാഭ്യാസ വികസനം, പണം പലിശക്ക് കൊടുക്കുന്ന മൈക്രോ ഫിനാൻസ് നടത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. യു എ ഇ, ഒമാൻ, യു കെ എന്നിങ്ങനെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും പണം കൈപ്പറ്റുന്നുണ്ട്. എറണാകുളം ബാനർജി റോഡിലാണ് ഫൗണ്ടേഷൻ്റെ ഓഫീസ്. യു കെയിലും മണപ്പാട്ട് ഫൗണ്ടേഷൻ്റെ ശാഖ പ്രവർത്തിക്കുന്നുണ്ട്. അലിഗഢ് മുസ്ലിം സർവ്വകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. മിഷൻ 2040 എന്ന പദ്ധതി അവർ നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീങ്ങൾ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ കൈവരിച്ച ഉന്നമനത്തെ മാതൃകയാക്കി ഉത്തരപ്രദേശിലെ മുസ്ലീ ജനങ്ങൾക്ക് ഉന്നതി ഉണ്ടാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതു പ്രകാരം ഉത്തരദേശത്തെ 60 ഗ്രാമങ്ങൾ അവർ ദത്ത് എടുത്ത് പ്രവർത്തിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഈ സംഘടന ഒരിടത്തും വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് കൊടുത്തതായി കേട്ടിട്ടില്ല. സതീശൻ വിദേശത്ത് നിന്നും പിരിച്ച പണം എന്തു വ്യവസ്ഥയിലാണ് മണപ്പാട്ട് ഫൗണ്ടേഷനെ ഏല്പിച്ചത്? മണപ്പാട്ട് ഫൗണ്ടേഷന് വേണ്ടി പണം പിരിക്കാൻ ഫൗണ്ടേഷൻ സതീശനെ ചുമതലപ്പെടുത്തിയിരുന്നോ? അങ്ങനെ ഫൗണ്ടേഷൻ സതീശനെ പണം പിരിക്കാൻ ചുമതല പ്പെടുത്തിയിട്ടില്ലെങ്കിൽ എന്ത് അധികാരത്തിലാണ് സതീശൻ പണം പിരിച്ചത്? മെത്തം പിരിച്ച പണത്തിൽ ബാങ്ക് വഴി എത്ര കിട്ടി? രൊക്കം പണമായി എത്ര പിരിച്ചു? മണപ്പാട്ട് ഫൗണ്ടേഷന് വേണ്ടി പണം പിരിക്കാനാണോ സതീശൻ വിദേശത്തു പോയത്? ഈ ആവശ്യത്തിലേക്കായി എത്ര രൂപയാണ് പിരിച്ചത്? ഇതിൻ്റെ കണക്ക് ലഭ്യമാണോ? ഇങ്ങനെ പിരിച്ചെടുത്ത പണം വീടുവെയ്ക്കാൻ മാത്രമാണോ ചെലവാക്കിയത്? എത്ര വീടുകൾ പണിത് നൽകി ? ഒരു വീടിൻ്റെ മതിപ്പ് ചെലവ് എത്ര? ഇതൊക്കെ സംബന്ധിച്ച
കണക്കും രേഖകളും ലഭ്യമാണോ? വീടു വെക്കാനായി സതീശൻ പിരിച്ച പണം ഫൗണ്ടേഷൻ വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോ? വിദേശത്ത് നിന്നും പണം പിരിച്ചത് നിയമലംഘനമല്ലേ? ഇങ്ങനെയുള്ള ഒരു ചോദ്യവും മാപ്രകൾ സതീശനോട് ചോദിച്ചില്ല. എന്തുകൊണ്ട്?’






