ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

25 വർഷം പൂർത്തിയാക്കി ‘കേരളകൗമുദി’ കോട്ടയം എഡിഷൻ
കോട്ടയം:മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ, സഹമന്ത്രി ഡോ. എൽ. മുരുകൻ .
‘കേരളകൗമുദി’ കോട്ടയം എഡിഷൻ്റെ ഒരുവർഷം നീണ്ട രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഹോളിവുഡ് സിനിമകളുടെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവൃത്തികൾ ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കൂടുതലായി നടക്കുന്നുണ്ട്. സർഗാത്മക സാങ്കേതികവിദ്യകളിലും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലും ഇന്ത്യയുടെ വർധിച്ചുവരുന്ന ശേഷിയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കാഴ്ചപ്പാടിനനുസൃതമായി, സർഗാത്മക സാങ്കേതികവിദ്യകൾക്കായുള്ള മികവിന്‍റെ കേന്ദ്രമായി ഇന്ത്യാ ഗവണ്‍മെന്‍റ് മുംബൈയിൽ ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്’ആരംഭിച്ചു. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ ഇന്ത്യയുടെ പ്രതിഭകളെ ശാക്തീകരിക്കാനും, സർഗാത്മക മേഖലയിലെ യുവപ്രൊഫഷണലുകൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ഈ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു .
മാറിക്കൊണ്ടിരിക്കുന്ന മാധ്യമ സാഹചര്യങ്ങളെക്കുറിച്ചു പരാമർശിക്കവേ, ഇന്നത്തെ കാലത്ത് ഏവരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണു വാർത്തകൾ കൂടുതലായി അറിയുന്നതെന്നും, ഈ മാറ്റത്തിനനുസരിച്ചു മാധ്യമസ്ഥാപനങ്ങൾ സ്വയം മാറണമെന്നും ഡോ. മുരുകൻ നിർദേശിച്ചു.ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആർക്കും ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, ഈ സ്വാതന്ത്ര്യം വാർത്തകളുടെ ആധികാരികതയും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന കരുത്തുറ്റ ധാർമിക ഉത്തരവാദിത്വത്തോടെയാകണം ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം അഭ്യർഥിച്ചുകോട്ടയം എഡിഷൻ 25 വർഷം പൂർത്തിയാക്കിയതിൽ ‘കേരളകൗമുദി’യെ മന്ത്രി അഭിനന്ദിച്ചു. 1911-ൽ ആരംഭിച്ചതുമുതൽ മലയാള പത്രപ്രവർത്തനത്തിനു ‘കേരളകൗമുദി’ നൽകുന്ന സുപ്രധാന സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. വിശ്വസനീയവും ജനകേന്ദ്രീകൃതവുമായ റിപ്പോർട്ടിങ്ങിലൂടെ പൊതുചർച്ചകൾക്കു രൂപംനൽകുന്നതിൽ ‘കേരളകൗമുദി’ വലിയ പങ്കുവഹിച്ചെന്നും, പ്രാദേശിക വിഷയങ്ങളെ ദേശീയ കാഴ്ചപ്പാടുകളുമായി സന്തുലിതമായി കോർത്തിണക്കി, ജനങ്ങളുടെ വിശ്വസ്തശബ്ദമായി നിലകൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കോട്ടയം നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാർ, എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കോട്ടയം ബ്യൂറോ ചീഫ് ബാബുരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






