Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

HeadlinesLiteratureShort stories
Home›Headlines›കഥ /ആ നീലയിലലഞ്ഞ്…

കഥ /ആ നീലയിലലഞ്ഞ്…

By Admin
January 11, 2026
722
6

കഥ /ആ നീലയിലലഞ്ഞ്…


ദിലിപ്രസാദ് സുരേന്ദ്രൻ

അതിമനോഹരമായിരുന്നു ആ ചിത്രം. ആകാശ കാഴ്ചയ്ക്ക് ആമുഖമായിരിക്കുന്ന ചില്ലുഗ്ലാസിലെ ആവി പറക്കുന്ന നീല നിറമുള്ള ചായ.

കാഴ്ചയിൽ തോന്നിയ കൗതുകം കൊണ്ട് ചിത്രത്തിന് താഴെ കമന്റിട്ടു. “ഇതെന്താ നീല ചായയോ, സംഗതി നല്ല ചേലുണ്ട്”.

അങ്ങനെയുള്ള ചിത്രങ്ങളും അതിനുള്ള മറുപടികളും ഫേസ്ബുക്കിൽ പുതുമ അല്ലാത്തതിനാൽ അത് അവിടെ വിട്ടു. കുറേകഴിഞ്ഞപ്പോഴാണ്, ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ശ്രദ്ധയിൽപ്പെട്ടത്. അത് നേരത്തേയിട്ട നീല ചായയുടെ കമന്റിനുള്ള മറുപടിയായിരുന്നു.

“ഇത് ശംഖുപുഷ്പം ചായയാണ്, കാണാൻ മാത്രമല്ല കുടിക്കുവാനും ചേലാണ്”.

ആഹാ കൊള്ളാമല്ലോയെന്ന് മനസ്സിലോർത്ത് കൊണ്ട് മറുപടിയിട്ടു.

“ശംഖുപുഷ്പം കണ്ണെഴുത്തുമ്പോഴാണ് ദുഷ്യന്തന് ശകുന്തളയെ ഓർമ്മ വരുന്നതെന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ അതെടുത്ത് ചായ ഉണ്ടാക്കിയാൽ ശകുന്തള എന്ത് ചെയ്യും”.

ഇത്രയുമെഴുതി അയച്ചിട്ട്, ശംഖുപുഷ്പത്തിന്റെ വിശേഷങ്ങളറിയാൻ വിക്കീപീഡിയ തപ്പിയിറങ്ങി. നീലപ്പൂവിന്റെ നിറം മുതൽ രൂപം വരെ വിവരിക്കുന്ന കുറിപ്പ് വായിച്ചു, നീയിത്ര മിടുക്കിയായിരുന്നല്ലേ എന്നൊരു ആത്മഗതവുമായി വീണ്ടും മുഖപുസ്തകത്തിലേക്ക് കയറി.

അപ്പോഴേക്കും അടുത്ത മറുപടി വന്നിരുന്നു.

“ദുഷ്യന്തൻ കുറച്ച് ബുദ്ധിമുട്ടും, ശംഖുപുഷ്പം ചായ മാത്രമല്ല കേക്കും പുട്ടും കൊഴുക്കട്ടയും വരെയായിട്ടുണ്ട്. ശംഖുപുഷ്പം കൊണ്ടുള്ള ഉപ്പുമാവാണ് ലേറ്റസ്റ്റ്”.

മറുപടിക്കൊപ്പം, നീല നിറത്തിലുള്ള കുറേ പലഹാരങ്ങളുടെ ചിത്രങ്ങളുമുണ്ട്. നിറത്തിന്റെ ആകർഷണീയത കൊണ്ടാവും പടങ്ങളെല്ലാം ഗംഭീരമായിരുന്നു.

“കൊള്ളാല്ലോ, ഇതിപ്പം ചോറും കറികളും കൂടി നീല നിറത്തിലായാൽ സംഗതി പൊളിക്കും. ‘ബാക്ക് ഗ്രൗണ്ടിൽ നീലക്കുറുക്കൻ ചായം കുളിച്ചേ’ എന്ന പാട്ട് കൂടി ചേർത്താൽ തകർക്കും”. എന്നെഴുതി അയച്ചിട്ട് കുറച്ചുനേരം നോക്കിയിരുന്നപ്പോഴേക്കും മറുപടിയെത്തി.

“ഇന്നാ പിടിച്ചോ ശംഖുപുഷ്പം ചോറ്, കൂടെ ശംഖുപുഷ്പം തോരനും, രസവും”.

ഒരു പാത്രത്തിൽ നീല നിറത്തിലുള്ള ചോറും, കറികളും വിളമ്പി വെച്ചിരിക്കുന്ന ചിത്രമാണുണ്ടായിരുന്നത്. ഇതിനിപ്പം എന്ത് മറുപടി അയക്കുമെന്ന് ആലോചിക്കുമ്പോഴേക്കും മെസഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നു. ഇതാരപ്പാ, എന്നോർത്തുകൊണ്ട് അങ്ങോട്ടേക്ക് നോക്കി. ദാ, അവിടവും ശംഖുപുഷ്പം കൊണ്ടുള്ള പലഹാരങ്ങളുടെ, പാനീയങ്ങളുടെ ചിത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു, കൂട്ടത്തിൽ “ഇതെല്ലാം ഫേസ്ബുക്കിൽ കൊണ്ടിട്ടാൽ ഇനി അതിന്റെ ചർച്ചയാകും, അതുകൊണ്ടാ ഇവിടെയിട്ടത്. ഒറ്റയ്ക്കിരുന്നു കണ്ടോ” എന്നൊരു കുറിപ്പുമുണ്ടായിരുന്നു.

സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇല്ലാത്ത ഒരാളിൽ നിന്നാണ് ഇതെല്ലാം വന്നിരിക്കുന്നത്, രാവിലെ ഏതോ സുഹൃത്തിന്റെ ചുമരിൽ കണ്ട പോസ്റ്റിലാണ് പോയി കമന്റിട്ടതെന്ന കാര്യം അപ്പോഴാണ് ഓർത്തത്. ശംഖുപുഷ്പത്തിന്റെ ഉടമയെ അറിയണമല്ലോയെന്ന് കരുതി അവരുടെ പ്രൊഫൈൽ ആകെയൊന്ന് പരതി. കണ്ണിൽപ്പെട്ടത് മുഴുവൻ ഭക്ഷണ ചിത്രങ്ങൾ ആയതുകൊണ്ട് രുചികരമായിരുന്നു കാഴ്ചകളെല്ലാം. വ്യക്തിവിവരങ്ങൾ നോക്കിയപ്പോൾ, സ്ത്രീയാണെന്നും തിരുവനന്തപുരമാണ് സ്വദേശമെന്നുമല്ലാതെ കൂടുതലൊന്നും ഉണ്ടായിരുന്നില്ല.

മെസഞ്ചറിൽ തിരികെ ചെന്ന് “ആഹാ ഭക്ഷണപ്രിയയാണല്ലോ” എന്നെഴുതി.

ഒരു സ്മൈലിയാണ് ആദ്യം വന്നത്, പിന്നാലെ “ഉണ്ടാക്കുവാനും വിളമ്പുവാനുമാണ് ഇഷ്ടം, കഴിക്കലെല്ലാം കണക്കാ” എന്നെഴുതിയതും, കപ്പയും മീൻകറിയും, ചോറും സാമ്പാറും പപ്പടവുമെല്ലാം നിരത്തി വെച്ചിരിക്കുന്ന പടവും വന്നു. ഒപ്പം “ഇത് ഇന്നത്തെ അങ്കമാണ്” എന്നൊരു കുറിപ്പും.

ചോറിൽ സാമ്പാറൊഴിച്ചു, കപ്പയും മീൻകറിയും ചേർത്തിളക്കി ഉരുളയാക്കി കഴിക്കുന്നതിന്റെ രുചി എഴുതി അറിയിച്ചതോടെ, “എനിക്ക് പാചകവും താങ്കൾക്ക് വാചകവുമാണല്ലോ മെയിൻ” എന്ന മറുപടിയും “ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാമോ” എന്നൊരു ചോദ്യവുമെത്തി.

റിക്വസ്റ്റ് സ്വീകരിച്ചുകൊണ്ട് മറുപടി എഴുതിയെങ്കിലും പിന്നെ മെസഞ്ചറിൽ നിന്നും അനക്കമൊന്നുമുണ്ടായില്ല.

അടുത്ത കുറച്ചുദിവസങ്ങൾ മെസഞ്ചർ നിരന്തരം തുറന്നു നോക്കുകയും, മറുപടി പ്രതീക്ഷിക്കുകയും, ഇടയ്ക്ക് പ്രൊഫൈൽ കയറി നോക്കുകയും ചെയ്‌തെങ്കിലും പോസ്റ്റുകളോ മറുപടിയോ ഒന്നുമുണ്ടായില്ല. നീല ചായയും പോസ്റ്റുമെല്ലാം പതുക്കെ മറന്നുതുടങ്ങിയപ്പോഴാണ്, പെട്ടെന്നൊരു ദിവസം മെസഞ്ചറിൽ സ്മൈലികൾ വന്നുനിറഞ്ഞത്. അതിനൊപ്പം ശംഖുപുഷ്പം കോർത്തുകെട്ടിയ ഒരു മാലയുടെ പടവുമുണ്ടായിരുന്നു.

“ശംഖുപുഷ്പം കഴിക്കുവാൻ മാത്രമല്ല മാലകെട്ടാനും ഉപയോഗിക്കുമോ?” എന്നങ്ങോട്ടു ചോദിച്ചു.

“അതെന്താ മാലകെട്ടാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ?”

“ഇല്ല, അങ്ങനാരും പറഞ്ഞില്ല, പതിവിൽ നിന്നും വ്യത്യസ്തമായ കാഴ്ചയായതുകൊണ്ട് ചോദിച്ചതാണ്”.

“ഇതുകൊണ്ടിങ്ങനെ വെച്ചുണ്ടാക്കിക്കൊണ്ടിരുന്നാൽ ബോറടിക്കില്ലേ, അതൊന്ന് മാറ്റിപ്പിടിച്ചതാണ്”.

“അതെന്തായാലും നന്നായി, പൂവിന് ഒരു മോചനം കിട്ടിയല്ലോ”.

മറുപടിക്ക് പകരം തമ്പ് കാണിച്ചു, നിമിഷങ്ങൾക്കകം മെസഞ്ചറിലെ പച്ചവെളിച്ചം അണഞ്ഞു.

ആദ്യത്തെ അനുഭവം ഓർമ്മയുള്ളതിനാൽ നിരന്തരം മെസഞ്ചറിലേക്ക് നോക്കുവാൻ പോയില്ല. പകരം പ്രൊഫൈലിൽ കയറി പഴയ പോസ്റ്റുകൾ ചികഞ്ഞു. ഭക്ഷണ പടങ്ങൾ കണ്ടും ആസ്വദിച്ചും പുറകിലോട്ടു പോകുന്തോറും മനോഹരമായ ചെറിയ കുറിപ്പുകൾ തെളിഞ്ഞു വന്നു, അതിനും പുറകിലേക്ക് പോയതോടെ അതിസുന്ദരിയായ ഒരു യുവതിയുടെ പടങ്ങൾ നിരനിരയായി വരുവാൻതുടങ്ങി. മനോഹരമായ നിറങ്ങളിലുള്ള പട്ടുസാരികൾ ധരിച്ച, നന്നായി അണിഞ്ഞൊരുങ്ങിയ ഒരുവളുടെ പലയിടങ്ങളിൽ നിന്നുള്ള കാഴ്ചകൾ. ആദ്യമുണ്ടായ കൗതുകം മാറിയപ്പോൾ അവയിലെല്ലാം എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നി. ചിത്രങ്ങളിലെല്ലാം അവളുടെ മുഖത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുടെ സമാനതയുണ്ടായിരുന്നു. മാത്രമല്ല, പട്ടുസാരികളും പശ്ചാത്തലങ്ങളും മാറുമ്പോഴും, അവൾ ദീപം തെളിയിക്കുന്നതോ ചെരാതുകൾക്ക് അരുകിൽ ഇരിക്കുന്നതോ ആയ പോസുകൾക്ക് മാറ്റമുണ്ടായിരുന്നില്ല.

കുറെയേറെ ചിത്രങ്ങൾ കണ്ടതോടെ മെസഞ്ചറിൽ ചെന്നു, “ഭക്ഷണം മാത്രമല്ല ഉണ്ടാക്കുന്ന ആളും കൊള്ളാമല്ലോ”യെന്ന് മെസേജിട്ടു.

അടുത്ത ദിവസം “ഒരുദിവസം വരൂ ഭക്ഷണം കഴിക്കാം” എന്ന മറുപടി വന്നു.

ഉടനെ തന്നെ “ലൊക്കേഷൻ അയക്കൂ”വെന്ന് പറഞ്ഞെങ്കിലും അനക്കമൊന്നും ഉണ്ടായില്ല.

കുറേദിവസം കഴിഞ്ഞാണ് അതിനുള്ള പ്രതികരണമുണ്ടായത്.

“യാത്രയിലായിരുന്നു, അതാ മറുപടി തരാത്തത്. ലുലുവിന് അടുത്തുള്ള ഫ്ലാറ്റാണ്. എപ്പോൾ വേണമെങ്കിലും വന്നോളൂ, ഇവിടെ വന്നിട്ട് വിളിച്ചാൽ മതി. ഇതാണ് നമ്പർ” എന്നെഴുതി നമ്പരും ചേർത്തിരുന്നു.

പോകണമെന്നാണാദ്യം തോന്നിയതാണ്, പക്ഷേ മനസ്സിൽ എന്തോ അരുതായ്ക തോന്നിയതോടെ പോകണ്ടായെന്ന് വെച്ചു. പിന്നെയും ഇടയ്ക്കെല്ലാം പോകണമെന്ന തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കുകയും, ഒപ്പം വേണ്ടായ്ക തോന്നുകയും ചെയ്തുകൊണ്ടിരുന്നു. ഒരുപാട് ചിന്തകൾക്ക് ശേഷം ഒരുദിവസം നേരെ ലുലുവിലേക്ക് ചെന്നു. ആ ഫോൺ നമ്പരിലേക്ക് വിളിച്ചു, നാലഞ്ച് ബെല്ലുകൾക്കൊടുവിൽ ചെറിയ ഇടർച്ചയുള്ള സ്ത്രീശബ്ദം കാതിൽ മുഴങ്ങി.

“ആരാ..?”

“ഞാനാണ്, എഫ്ബിയിൽ ശംഖുപുഷ്പത്തിന്റെ ചായയ്ക്ക് കമന്റിട്ട ആളാണ്”ന്ന് പറഞ്ഞു പരിചയപ്പെടുത്തി.

ആളെതിരിച്ചറിഞ്ഞുവെന്ന ഭാവം അവരുടെ ശബ്ദത്തിലുണ്ടായിരുന്നു.

“അയ്യോ ഇപ്പോഴിവിടെ കഴിക്കുവാൻ തരാൻ പ്രത്യേകിച്ചു..ഒന്നുമില്ലല്ലോ. എന്തായാലും, വരൂ നമ്മുക്ക് ഉള്ളതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം”.

അത്രയും പറഞ്ഞു ഫോൺ വെയ്ക്കുംമുൻപ് തന്നെ അവർ ചെല്ലേണ്ട വഴി പറഞ്ഞു തരുകയും, ലൊക്കേഷൻ അയക്കുകയും ചെയ്തു.

അവർ പറഞ്ഞുതന്ന അടയാളം വെച്ചു ഫ്ലാറ്റിലേക്ക് ചെന്നു, ലിഫ്റ്റിൽ കയറി ഫ്ലാറ്റിന്റെ മുന്നിലെത്തി ബെല്ലടിക്കുന്നതിന് മുൻപ് തന്നെ വാതിൽതുറക്കപ്പെട്ടു. തലമുടി പകുതിയോളം നരച്ച എഴുപതോളം വയസ്സ് പ്രായമുള്ള ഒരുസ്ത്രീയാണ് മുന്നിൽ വന്നത്. വളരെ സൗമ്യതയോടെ അവരെന്നെ അകത്തേക്ക് ക്ഷണിച്ചു. പ്രൊഫൈലിൽ കണ്ടിരുന്ന സുന്ദരിയായ സ്ത്രീ ഇത്രപെട്ടെന്ന് വയസ്സായതാണോയെന്ന ചിന്തയുണ്ടായെങ്കിലും, ചോദിക്കുവാൻ നിന്നില്ല. അവർ ചൂണ്ടിക്കാണിച്ചു തന്ന കസേരയിലേക്ക് ഇരിക്കുമ്പോഴേക്കും, അവർ മേശപ്പുറത്തിരുന്ന കാപ്പിയെടുത്തു തന്നു. നന്ദി പറഞ്ഞു, കാപ്പി കുടിച്ചുകൊണ്ട് മുറിയിലാകെ കണ്ണോടിച്ചു, വളരെ നന്നായി അടുക്കുംചിട്ടയോടും സൂക്ഷിച്ചിരിക്കുന്ന മുറിയാണെങ്കിലും, അധികമൊന്നും ഉപയോഗിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

‘ഇവിടേക്ക് വരുമ്പോൾ എന്നെയാണോ പ്രതീക്ഷിച്ചത്?”.

അവരുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അമ്പരന്നു പോയതോടെ, എന്ത് മറുപടി പറയുമെന്ന ആശങ്ക ഉടലെടുത്തു.

“അല്ല കുറേക്കൂടി ചെറുപ്പമായ ഒരാളെയാണ് പ്രതീക്ഷിച്ചത്”ന്ന ഉത്തരം സത്യസന്ധമായി പറഞ്ഞു.

“അങ്ങനെ ഒരുവളാണ് വാതിൽ തുറക്കേണ്ടിയിരുന്നത്, വിധി വശാൽ ഞാൻ തുറക്കേണ്ടി വന്നതാണ്”.

ആ മറുപടിയിൽ എന്തോ ദുരൂഹത തോന്നിയെങ്കിലും അങ്ങോട്ടൊന്നും ചോദിക്കാൻ തോന്നിയില്ല. നിമിഷങ്ങൾ കൊണ്ട് ആകപ്പാടെയൊരു മൂകത വന്നു മൂടി. അവരുടെ വർത്തമാനം പോലും വലിയ ഇടവേളകളിൽ വീഴുന്ന ശബ്ദങ്ങളായാണ് തോന്നുന്നത്. അവിടന്ന് ഇറങ്ങിയാലോ എന്നാലോചിക്കുമ്പോഴേക്കും അവർ മുന്നോട്ട് വന്നു കപ്പിനായി കൈനീട്ടി.

തിരികെ വാങ്ങിയ കപ്പ് മേശമേൽ വെച്ചിട്ട്, ഒരുനിമിഷം അവരെന്തോ ആലോചിച്ചു നിന്നു.

“ഞാൻ, എന്നെയിതുവരെ പരിചയപ്പെടുത്തിയില്ല. പേര് ഹരിത എന്നാണ്, കോളേജ് അധ്യാപികയായിരുന്നു. പെൻഷനായിട്ട് വർഷങ്ങളായി..ഇത് മകളുടെ ഫ്ലാറ്റ് ആണ്..അവളിവിടെ ഇല്ലാത്തത് കൊണ്ട് ഞാൻ ഇടയ്ക്ക് ഇവിടെ വന്നിരിക്കും..വല്ലപ്പോഴും അവളുടെ കൂട്ടുകാരിൽ ആരെങ്കിലും വരും..ആരുമില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് രാത്രി വരെ ഇവിടെയിരിക്കും..എന്നിട്ട് മടങ്ങിപ്പോകും”.

പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന അവരുടെ വാചകങ്ങൾക്കിടയിൽ അകലം കൂടിവരുകയും, ഇടയ്ക്കെല്ലാം അവർ ബദ്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിട്ടും അങ്ങോട്ടൊന്നും ചോദിക്കുവാൻ തോന്നിയില്ല.

“നിങ്ങളോട് ഫേസ്ബുക്ക് വഴി സംസാരിച്ചിരുന്നത് ഞാനല്ല, അതെന്റെ മകളായിരുന്നു. നിങ്ങളെ ഇവിടേക്ക് ക്ഷണിച്ചതും ഫോൺ നമ്പർ തന്നതും മാത്രമാണ് ഞാൻ ചെയ്തത്. എന്തോ, നിങ്ങൾ ഇവിടേക്ക് വരുമെന്ന് എനിക്ക് തോന്നിയിരുന്നു. നമ്പർ തന്ന അന്നുമുതൽ നിങ്ങളുടെ വിളി ഞാൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു”.

അവരത്രയും പറഞ്ഞത് കുറച്ചു വേഗത്തിലായിരുന്നു, എന്നോട് അങ്ങനെയെല്ലാം പറയണമെന്ന തീരുമാനം അവർക്ക് ഉണ്ടായിരുന്നുവെന്ന് തോന്നി. ഇനിയും ഒന്നും സംസാരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ, അവരുടെ മകളെക്കുറിച്ചു ചോദിക്കാമെന്ന് കരുതുമ്പോഴേക്കും, അവരെഴുന്നേറ്റു പോയി ഒരു മുറിയുടെ വാതിൽ തുറന്നു.

“ഇതായിരുന്നു അവളുടെ മുറി, അവളുടെ ലോകം”.

എന്തോ ഒരുൾപ്രേരണയാൽ അവർ തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ ഞാനകത്തേക്ക് കയറി. വളരെ വലിപ്പമേറിയ ഒരു മുറിയായിരുന്നു അത്.ഒരു മൂലയിലുണ്ടായിരുന്ന ഷെൽഫുകൾ നിറയെ മനോഹരമായ പാത്രങ്ങൾ അടുക്കിവെച്ചിരിക്കുന്നു, മുറിയുടെ ഉള്ളിലായി മേശ പോലെയൊരിടം ഭംഗിയായി ടൈൽ പതിപ്പിച്ചു വൃത്തിയാക്കി അതിൽ കുക്കിങ് റേഞ്ച് ഉറപ്പിച്ചിരിക്കുന്നു. ഒരുവശത്തെ കണ്ണാടി ചുവരിന് അരുകിലായി ഒരു കട്ടിലും, വശങ്ങളിൽ രണ്ട് ചെറിയ സ്റ്റൂളുകളിൽ പുസ്തകങ്ങളും പൂക്കളും വെച്ചിരിക്കുന്നു. അവർ ഏതോ സ്വിച്ച് ഇട്ടതോടെ അവിടമാകെ പ്രകാശം പരന്നു. ചുറ്റുമുള്ള ചുവരുകളിൽ നിറയെ ഫോട്ടോകൾ വരച്ചിരിക്കുന്നു. ഒന്നുകൂടെ ശ്രദ്ധിച്ചപ്പോഴാണ്, അതെല്ലാം മുഖപുസ്തകത്തിൽ കണ്ട യുവതിയുടെ ചിത്രങ്ങളാണെന്ന് മനസ്സിലായത്. തൊട്ടടുത്തുണ്ടായിരുന്ന ചുവരിലെ ചിത്രങ്ങളിൽ നിന്നുമാണ് അതൊന്നും വരച്ചതല്ല ചുവരിൽ പ്രിന്റ് ചെയ്തിരിക്കുന്നതാണെന്ന് മനസ്സിലായത്.

അമ്പരപ്പോടെ ചുറ്റും നോക്കിക്കൊണ്ടിരുന്ന എന്നോട് “അതെല്ലാം അവളാണ്, കുറേ കാശുമുടക്കി ആരെയെല്ലാമോ കൊണ്ടുവന്നു ചുവരിൽ പ്രിന്റ് ചെയ്യിച്ചതും അവളുടെ ഇഷ്ടത്തിനായിരുന്നു. അവൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളായതുകൊണ്ട് ഞാനെതിരൊന്നും പറഞ്ഞില്ല. എല്ലാപേർക്കും അവരവരുടെ സന്തോഷങ്ങളാണല്ലോ വലുത്”. ഇത്രയും പറഞ്ഞവർ നിശബ്ദയായി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞു “ഇനിയൊന്നുകൂടി കാണിക്കുവാനുണ്ട് വരൂ”..വെന്ന് പറഞ്ഞുകൊണ്ടവർ മുന്നോട്ടുപോയി ചുവരിലെ കണ്ണാടിവാതിൽ തുറന്നു.

അതുവരെയുണ്ടായ ഞെട്ടലിന്റെ ഇരട്ടിയായിരുന്നു പിന്നെയുണ്ടായത്. കണ്ണാടിവാതിലിന് പുറത്തെ ബാൽക്കണി നിറയെ ശംഖുപുഷ്പം പൂത്തുലഞ്ഞു കിടക്കുന്നു. ചട്ടികളിൽ നട്ടുപിടിപ്പിച്ച ശംഖുപുഷ്പത്തിന്റെ വള്ളികൾ നെടുകെയും കുറുകെയുമായി ബാൽക്കണിയുടെ വശങ്ങൾ മുഴുവൻ പടർത്തിയിരിക്കുന്നു. ഒരുപാട് പൂക്കൾ തറയിലും കൊഴിഞ്ഞു കിടക്കുന്നു, ചെടികൾക്കിടയിലെ കസേരയിൽ വാടിക്കരിഞ്ഞൊരു ശംഖുപുഷ്പമാല. ആ മാല കണ്ടതോടെ അന്നേരം വരെയുണ്ടായിരുന്ന ആശ്ചര്യം മുഴുവൻ മാഞ്ഞില്ലാതെയായിപ്പോയി.

“ഒരുപാട് കാലം ഈ പൂക്കളാണ് അവളെ സന്തോഷിപ്പിച്ചത്. ഇതിന്റെ നിറങ്ങളിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ആഹാരങ്ങൾ കാണുന്നതായിരുന്നു അവളുടെ ആനന്ദം. നീല ചായയുണ്ടാക്കി ഈ കൈവരിയിൽ വെച്ചു അവളെടുത്ത ഫോട്ടോ കണ്ടാണല്ലോ ആദ്യമായി നിങ്ങൾ അവൾക്ക് കമന്റിട്ടത്”.

“അതെ, അതൊരു ഗംഭീര ഫോട്ടോയായിരുന്നു. സത്യത്തിൽ അന്നവർ എന്റെ സുഹൃത്തായിരുന്നില്ല, പടം കണ്ട സന്തോഷത്തിൽ കമന്റിടുകയും ക്രമേണ സുഹൃത്തുക്കളാവുമായിരുന്നു. പക്ഷേ അധികം സംസാരമോ പരിചയമോ ഒന്നുമുണ്ടായിട്ടില്ല”.

“അതെനിക്കറിയാം, നിങ്ങളുടെ കമന്റുകളും അവൾ നിങ്ങളുമായി മെസഞ്ചറിൽ സംസാരിച്ചതുമെല്ലാം ഞാൻ കണ്ടിട്ടുണ്ട്”.

“ഇടയ്‌ക്കൊന്നും മിണ്ടാതെ അപ്രത്യക്ഷയാകും, പിന്നെ എപ്പോഴെങ്കിലും ആകും കാണുക. എന്തെങ്കിലും കുറച്ചു സംസാരിക്കും, അതെല്ലാം ഭക്ഷണത്തെ കുറിച്ചായിരിക്കും. അല്ലാതെ വേറെ പരിചയപ്പെടൽ ഒന്നുമുണ്ടായിട്ടില്ല. ഞാൻ ഇവിടെ വരെ വന്നിട്ടും മകളെ കണ്ടില്ലല്ലോ”.

ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ നിന്ന അവർ ബാൽക്കണിയുടെ ഉള്ളിലേക്ക് കയറി ആ ശംഖുപുഷ്പമാലയിലേക്ക് വിരൽചൂണ്ടി.

“നിങ്ങൾ അവസാനമായി അവളുമായി സംസാരിച്ചത് ഈ പുഷ്പമാലയെ കുറിച്ചായിരുന്നു. ഇവിടെ ഈ തറയിൽ, ശംഖുപുഷ്പങ്ങൾക്കിടയിൽ അവളുടെ പ്രീയപ്പെട്ട പട്ടുസാരികൾക്ക് മുകളിൽ ഇതേ നീലനിറത്തിലുള്ള പട്ടുസാരിയുടുത്താണ് അവളന്ന് കിടന്നിരുന്നത്. ഞാൻ വരുമ്പോൾ ഒരു നേർത്ത ശ്വാസം മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ കസേരയിൽ അവളുടെ ഫോണും അതിനരുകിൽ ഈ മാലയുമുണ്ടായിരുന്നു. ആശുപത്രിയിലാക്കിയെങ്കിലും അവളെ തിരികെ കിട്ടിയില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവളുടെ സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെച്ചപ്പോഴാണ് ഫോൺ വീണ്ടും ചാർജ്ജ് ചെയ്തത്. അവളുടെ മെസഞ്ചറിൽ നിങ്ങളുടെ മെസേജാണ് അവസാനം വന്നുകിടന്നിരുന്നത്. അധികം ആരോടും അടുപ്പം കാണിക്കാത്തവൾ നിങ്ങളോട് എന്താണ് സംസാരിച്ചതെന്നറിയുവാനുള്ള ആകാംക്ഷ കൊണ്ടാണ് മെസേജുകൾ മുഴുവൻ വായിച്ചതും, നിങ്ങൾ അയച്ച കമന്റും അവളുടെ മറുപടികളും പരിശോധിച്ചതും. എന്തോ നിങ്ങൾ ഇവിടെ വന്ന് അവളുടെ ലോകം കാണണമെന്ന് എനിക്ക് തോന്നി, അതാണ് ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചതും നമ്പർ തന്നതും”.

അവർ പറഞ്ഞു തീർക്കും വരെ നിശബ്ദനായി കേട്ടുനിൽക്കുകയായിരുന്നു ഞാൻ, ആദ്യം അമ്പരപ്പും, പിന്നെ സഹതാപവും ഒടുവിൽ ഭയവുമെല്ലാം കൂടി എന്നെ ചകിതനാക്കിയിരുന്നു. ഒന്നും പറയാതെ അവിടന്നിറങ്ങി ഓടിപ്പോകാനാണ് ആദ്യം തോന്നിയത്, അത്തരം ഒരവസ്ഥയിൽ അങ്ങനെ പെരുമാറിയാൽ എന്തുണ്ടാകുമെന്ന് ചിന്തിക്കുവാനുള്ള മാനസികാവസ്ഥ പോലും കൈമോശം വന്നുപോയിരുന്നു. വളരെ ബദ്ധപ്പെട്ടാണ് ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറിയത്, മുറിയിലെ ചുമരുകളിലെ ചിത്രങ്ങൾ എന്നെ പേടിപ്പെടുത്തുവാൻ തുടങ്ങിയതോടെ, കാലുകൾ വലിച്ചിഴച്ചുകൊണ്ടു ആ മുറിയിൽനിന്നും പുറത്തേക്കിറങ്ങി, ആദ്യമിരുന്ന കസേരയിൽ പോയിരുന്നു. ഏതാനും മിനിട്ടുകൾ കഴിഞ്ഞാണ് അവർ അകത്തേക്ക് കയറി വന്നത്.

“അവൾക്ക് ചെറിയ തോതിലുള്ള ഡിപ്രെഷൻ ഉണ്ടായിരുന്നു, ആദ്യമാരും കാര്യമാക്കിയില്ല. അവളുടെ പ്രായത്തിൽ സ്ത്രീകളിൽ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമായിട്ടേ ഞങ്ങളും അതിനെ കണ്ടുള്ളൂ. അവളും കുട്ടികളും ഭർത്താവുമെല്ലാം അമേരിക്കയിലായിരുന്നു, അവിടെ വെച്ചു അവൾ രണ്ടുപ്രാവശ്യം ആത്‌മഹത്യാശ്രമം നടത്തിയതോടെ പ്രശ്നമായി, അവിടത്തെ നിയമങ്ങൾ അവളെ കൂടുതൽ പ്രതിസന്ധിയിലാക്കിയതോടെ ഇങ്ങോട്ട് വരികയായിരുന്നു. അവളുടെ ഇഷ്ടത്തിനാണ് ഈ ഫ്ലാറ്റ് വാങ്ങി വേണ്ടതെല്ലാം ഉണ്ടാക്കിയത്. ആദ്യമെല്ലാം അവൾ സന്തോഷവതിയായിരുന്നു, കുറേനാൾ പട്ടുസാരികളോടായിരുന്നു ഭ്രമം. ഇവിടുന്ന് തമിഴ്‌നാട്ടിലും കർണ്ണാടകയിലും വരെ പോയി സാരികൾ വാങ്ങിക്കൊണ്ട് വരുമായിരുന്നു. അതുടുത്ത് പടങ്ങൾ എടുക്കുകയും അതെല്ലാം ചുവരിൽ പ്രിന്റ് ചെയ്യുകയും ചെയ്യുന്നതായിരുന്നു അവളുടെ വിനോദം. കുറച്ചുനാൾ കഴിഞ്ഞു പുസ്തകങ്ങളോടായി ഇഷ്ടം. ധാരാളം വായിക്കുകയും എന്തെല്ലാമോ കുത്തിക്കുറിക്കുകയും ചെയ്തിരുന്നു, അങ്ങിനെയാണ് കുറെ എഴുത്ത്കൂട്ടങ്ങളിൽ അവളും ചേർന്നത്, അതിലൊരാൾ ഒരിക്കൽ ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെക്കുറിച്ചു കവിത എഴുതിയിടുകയും, അതിഷ്ടപ്പെട്ട അവൾ അന്നുമുതൽ ആ പുഷ്പത്തിന്റെ ആരാധികയായി മാറുകയും ചെയ്തു”.

അങ്ങോട്ടൊന്നും ചോദിക്കുവാനില്ലാതെ അവർ പറയുന്നതും കേട്ടിരുന്നു, മകളുടെ പ്രതിസന്ധികളുടെ ഇടയിൽ അവൾക്ക് കാവലാകുവാൻ ശ്രമിച്ചു പരാജയപ്പെട്ടുപോയ ഒരമ്മയാണ് മുന്നിലിരിക്കുന്നത്, അവർ അനുഭവിക്കുന്ന തീവ്രമായ മാനസികവ്യഥ അവരുടെ വാക്കുകൾക്കിടയിൽ വിതുമ്പിപ്പിടയുന്നുണ്ട്. ആരോടെങ്കിലും സംസാരിച്ചാൽ അവർക്ക് ആശ്വാസമാകുമെങ്കിൽ അത് കേട്ടിരിക്കേണ്ട ബാധ്യതയുണ്ടെന്ന തോന്നൽ അപ്പോഴേക്കും മനസ്സിൽ കടന്നുകൂടിയിരുന്നു.

“നിങ്ങൾക്ക് അവളെ അറിയില്ലെന്നും, അവളെ ഒരിക്കലും കണ്ടിട്ടില്ലെന്നും എനിക്കറിയാം. എങ്കിലും ഇതുവരെ വരുവാൻ നിങ്ങൾക്ക് തോന്നിയല്ലോ”.

“ഞാൻ ഒന്നും അറിഞ്ഞുകൊണ്ട് വന്നതല്ല”.

“അതും എനിക്കറിയാം, അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ ഒരിക്കലും ഇവിടേക്ക് വരില്ലെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്”.

അവരുടെ ആ മറുപടി എന്നെ നിശ്ശബ്ദനാക്കിയെങ്കിലും, കുറച്ചുനേരത്തിനുശേഷം ഞാൻതന്നെ മൗനം ഭഞ്ജിച്ചു.

“മരുമകനും കുട്ടികളും ഒന്നും വന്നില്ലേ?”

“വന്നിരുന്നു, എല്ലാപേരും ചേർന്ന് തിരുനെല്ലിയിൽ പോയിരുന്നു. അവൾക്ക് അവിടെയെങ്കിലും സമാധാനം കിട്ടുമെന്ന പ്രതീക്ഷയിൽ അവളെ അവിടെ ഏൽപ്പിച്ചിട്ട് ഞങ്ങൾ മടങ്ങി. വന്നവരെല്ലാം അവരുടെ ലോകത്തേക്ക് മടങ്ങിപ്പോയിട്ടും ഞാൻ ഇവിടെ അവളുടെ ലോകത്തിന് കാവലിരിക്കുകയാണ്. അവൾ എന്നെങ്കിലും വന്നാലോയെന്ന ചിന്തയൊന്നുമില്ല, കാത്തിരിക്കുവാൻ വേറൊന്നുമില്ലാത്ത വൃദ്ധയ്ക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ”.

ഇനിയുണ്ടാകാവുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അവരുടെ അവസാന വാചകത്തിലുണ്ടായിരുന്നു. കൂടുതൽ ഒന്നും ചോദിക്കാനില്ലാത്തതിനാൽ ഇറങ്ങിപ്പോയാലോയെന്ന് ആലോചിച്ചതാണ്, പക്ഷേ മനസ്സ് മറ്റൊന്നാണ് ചെയ്തത്. നേരെ അവളുടെ മുറിയിലൂടെ ആ ബാൽക്കണിയിലേക്ക് ഇറങ്ങി, നിറയെ പൂത്തുകിടന്ന ശംഖുപുഷ്പചെടികളിൽ നിന്നും അടർത്തിയെടുത്ത രണ്ട് പൂക്കളുമായി അവരുടെ മുന്നിൽ ചെന്നുനിന്നു.

“ഇത് ഞാൻ കൊണ്ടുപോയ്‌ക്കോട്ടെ”.

അവരുടെ മറുപടി കാക്കുവാൻ നിന്നില്ല. ലിഫ്റ്റിൽ കയറി താഴെയിറങ്ങിയ ഞാൻ വേഗത്തിൽ ഫ്ലാറ്റിന് പുറത്തേക്ക് നടന്നു. ലുലുവിന് അടുത്തെത്തിയപ്പോഴാണ് കൈക്കുള്ളിലിരുന്നു ഞെരുങ്ങിയ പൂക്കളിൽ നിന്നും നീലനിറം കൈവിരലുകൾക്കിടയിലൂടെ പുറത്തേക്കൊഴുകുന്നത് കണ്ടത്, കൈവിടർത്തി കുടഞ്ഞതോടെ നീലനിറം ഉടുപ്പിലും പുറത്തുമെല്ലാം പടരുവാൻ തുടങ്ങി. കഴുത്തിലൂടെ കവിളിലെത്തി കണ്ണുകളിലേക്ക് നിറഞ്ഞ നീലനിറം കാഴ്ചമറച്ചതോടെ, ഞാൻ അടിതെറ്റി റോഡരുകിലേക്ക് മറിഞ്ഞുവീണു.

ദിലിപ്രസാദ്‌ സുരേന്ദ്രൻ – ഫോൺ നമ്പർ 8281905765

TagsDeli Prasad Surendran
Previous Article

വാജിവാഹനം സ്വന്തമാക്കി,തന്ത്രിയുടെ അറസ്റ്റ് അനിവാര്യമായിരുന്നെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ

Next Article

‘ബി എസ് രാജീവ് ഇന്നും പ്രകാശധാര…’

Related articles More from author

  • GeneralHeadlines

    പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ

    December 26, 2025
    By Admin
  • HeadlinesTravel

    ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം

    November 28, 2025
    By Admin
  • GeneralHeadlines

    ജൈവമാലിന്യത്തിൽ നിന്ന് ഊർജ്ജം : കൊല്ലം കുരീപ്പുഴയിൽ സിബിജി പ്ലാന്‍റ്

    February 9, 2026
    By Admin
  • Headlines

    പെൻഷൻകാർക്ക് 70 രൂപയ്ക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുമായി തപാൽ വകുപ്പ്

    November 19, 2025
    By Admin
  • HeadlinesHealth

    രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

    January 26, 2026
    By Admin
  • CareerHeadlines

    മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്,  അപേക്ഷ ക്ഷണിച്ചു

    January 2, 2026
    By Admin

6 comments

  1. Sheeja Gopakumar 11 January, 2026 at 16:43 Reply
  2. Sheeja Gopakumar 11 January, 2026 at 16:44 Reply

    Super Novel

    • ദിലിപ്രസാദ് സുരേന്ദ്രൻ 22 January, 2026 at 03:43 Reply

      Thank u

  3. Kasthoori Bhai 12 January, 2026 at 16:02 Reply

    കഥയിഷ്ടമായി
    നവീനവും കാലികവുമായ പ്രമേയാവതരണം.
    വാർധക്യം എന്നത് ഒറ്റപ്പെടലിൻ്റെ പര്യായമായി മാറുന്ന പുതിയകാലത്തെ സംബോധന ചെയ്യുന്ന കഥ.

    തീർത്തും അപരിചിതരായ മനുഷ്യർതമ്മിൽ കണ്ടുമുട്ടാൻ നവമാധ്യമങ്ങൾ തുറന്നിടുന്ന വാതിൽ അതിവിശാലമാണ്. ഒന്നോ രണ്ടോ മെസേജുകളുടെ പിൻബലത്തിൽ ഇറങ്ങിപ്പുറപ്പെടുന്ന ഒരാളുടെ പ്രതീക്ഷയ്ക്ക് ഏൽക്കുന്ന പ്രഹരം കൂടിയാണ് കഥ ചർച്ച ചെയ്യുന്നത്

    ചായ എന്ന ലഹരി നീലശംഖുപുഷ്പം എന്ന രൂപകവുമായി ചേർത്ത് കഥ വ്യത്യസ്തമായ മറ്റൊരു വായനയും നൽകി.

    ദിലിക്ക് ആശംസകൾ

    • ദിലിപ്രസാദ് സുരേന്ദ്രൻ 22 January, 2026 at 03:44 Reply

      വളരെ സന്തോഷം ചേച്ചി

  4. Ajayakumar. N. S 14 January, 2026 at 10:12 Reply

    ആ നീലയിലലഞ്ഞ്…..
    നുമ്മ ആളിന്റെ കഥയല്ലേ പിന്നീട് വായിക്കാം എന്ന് കരുതി ദിവസങ്ങൾ പോയി…അപ്പോഴാണ് നിലാവിൽ തുരുതുരെ അഭിനന്ദനങ്ങളുടെ തിര…. പിന്നെ ഒന്നും നോക്കിയില്ല മുറ്റത്തെ മുല്ല കോംപ്ലക്സ് ഒക്കെ മാറ്റി വച്ചുകൊണ്ട് കഥ വായിച്ചു.
    അസാധാരണമായ കൈവഴക്കത്തോടെ കഥ വികസിക്കുന്നതും ഒടുവിൽ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ കഥ അവസാനിക്കുന്നതും നൊമ്പരത്തോടെ നോക്കി കണ്ടു. ഒടുവിൽ ശംഖുപുഷ്പത്തിന്റെ നീല മുഴുവനും മനസ്സിൽ അലിഞ്ഞിറങ്ങിയത്… ഇപ്പോഴും നീലിച്ചു കിടപ്പുണ്ട്..

Leave a Reply to ദിലിപ്രസാദ് സുരേന്ദ്രൻ Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions