വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാവും
തിരുവനന്തപുരം:കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ആധുനിക ‘സ്കാഡ എ ഡി എം എസ് ‘ സംവിധാനത്തിലൂടെ സമഗ്രമായി നവീകരിക്കുവാൻ കെ എസ് ഇ ബി പദ്ധതി നടപ്പിലാക്കുന്നു.
വൈദ്യുതി വിതരണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി വിതരണ ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ മൂന്ന് നഗരങ്ങളിലെയും വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമാകും.

വൈദ്യുതി വിതരണം സംബന്ധിച്ച് തത്സമയ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. സബ്‌സ്റ്റേഷനുകളിലെയും വിതരണ ശൃംഖലയിലെയും വിവരങ്ങൾ തത്സമയം കൺട്രോൾ സെന്‍ററുകളിൽ ലഭ്യമാകും. 11കെ വി ഫീഡറുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ലൈനുകളിൽ എവിടെയെങ്കിലും തകരാറുകൾ ഉണ്ടായാൽ, നിമിഷങ്ങൾക്കകം അത് കൃത്യമായി കണ്ടെത്താനും തകരാറുള്ള ഭാഗം മാത്രം വേർതിരിച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും സഹായിക്കുന്ന ‘ഫ്ളിസർ’ സാങ്കേതികവിദ്യയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി 1915 റിംഗ് മെയിൻ യൂണിറ്റുകൾ, ഫീഡർ റിമോട്ട് ടെർമിനൽ യൂണിറ്റുകൾ, 1500 -ഓളം ഫാൾട്ട് പാസ്സ് ഇൻഡിക്കേറ്ററുകൾ എന്നിവ വിതരണ ശൃംഖലയിൽ സ്ഥാപിക്കും. പദ്ധതിയുടെ നിർവ്വഹണത്തിനായി മൂന്ന് നഗരങ്ങളിലും ഓരോ സ്കാഡ കൺട്രോൾ സെന്‍ററും എറണാകുളത്ത് ഒരു ഡിസാസ്റ്റർ റിക്കവറി സെന്‍ററും സ്ഥാപിക്കും. ഏതെങ്കിലും കാരണവശാൽ ഒരു കൺട്രോൾ സെന്‍ററിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടാൽ എറണാകുളത്തെ സെന്‍ററിൽ നിന്നും ആ നഗരത്തിലെ വിതരണ ശൃംഖല നിയന്ത്രിക്കാൻ സാധിക്കും. നൂതന സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, കെ-ഫോൺ ഒപ്റ്റിക്കൽ ഫൈബർ, 4G/5G സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഫീൽഡ് ഉപകരണങ്ങളും കൺട്രോൾ സെന്‍ററുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്.
ഉപഭോക്തൃസേവനം ഏറെ മെച്ചപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത. ലൈനുകളിലെ വോൾട്ടേജ് വ്യതിയാനങ്ങൾ നിരീക്ഷിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് ആയി നടത്തുന്നതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനും സാങ്കേതികനഷ്ടം കുറയ്ക്കാനും സാധിക്കും. വൈദ്യുതി മുടക്കം സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിപ്പെടുന്നതിന് മുൻപ് തന്നെ കൺട്രോൾ റൂമിൽ അറിയാനും, ജീവനക്കാരെ വേഗത്തിൽ അയച്ച് തകരാർ പരിഹരിക്കാനും കഴിയും. 1912 കസ്റ്റമർ കെയറുമായി സ്കാഡ സംവിധാനം ബന്ധിപ്പിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വൈദ്യുതി പുന:സ്ഥാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും സാധിക്കും.
സ്കാഡ ഡി എം എസ് പദ്ധതി പൂർത്തിയാകുന്നതോടെ കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ വൈദ്യുതി ഗുണമേന്മയോടെ ലഭ്യമാക്കുന്നതിനൊപ്പം, വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കെ.എസ്.ഇ.ബിക്ക് സാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘സ്മാർട്ട് ഗ്രിഡ്’ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്‍റെ സുപ്രധാന ചുവടുവയ്പ്പാണിത്.






