‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’

വി.ഡി സതീശൻ ഇപ്പോൾ തിണ്ണ മാറിയിരുന്നു മെഴുകുന്നു എന്നേ ഉള്ളൂ:എ.വിജയരാഘവൻ
തിരുവനന്തപുരം:കോൺഗ്രസിനോടല്ലാതെ ഇടതുപക്ഷത്തോട് ഇരിക്കാനും കിടക്കാനുമൊന്നും ആരും പറയാറില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ.
സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാം, കിടക്കരുത് എന്നാണ് വി ഡി സതീശന്‍റെ നിർദേശത്തിനാണ് ഈ മറുപടി.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ
സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാം, കിടക്കരുത് എന്നാണ് വി ഡി സതീശന്‍റെ ഇന്നത്തെ ഉപദേശം.
ഇരിക്കലും കിടക്കലുമൊക്കെ നിങ്ങളുമായി ബന്ധപ്പെട്ടതാണ് സതീശാ. കോൺഗ്രസിനോടല്ലാതെ ഇടതുപക്ഷത്തോട് ഇരിക്കാനും കിടക്കാനുമൊന്നും ആരും പറയാറില്ല. അങ്ങനെ പറയാതിരിക്കാനുള്ള അന്തസ് അവർക്കും പറയിക്കാതിരിക്കാനുള്ള അന്തസ് ഞങ്ങൾക്കും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നന്നാവും.
ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം എന്നാണ് സതീശന്‍റെ ഉപദേശം! അങ്ങനെ ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് അവർക്ക് സതീശനോട് പറയേണ്ടിവരുന്നത്.
അഞ്ചാം മന്ത്രി സ്ഥാനവും താക്കോൽ സ്ഥാനവും ഒക്കെ ഓർമയുണ്ടല്ലോ, അന്ന് പറഞ്ഞിടത്ത് ഇരിക്കുകയും ഇരുന്ന് നിരങ്ങുകയും കിടന്ന് മെഴുകുകയുമൊക്കെയാണല്ലോ ചെയ്തത്. ഇപ്പോൾ തിണ്ണ മാറിയിരുന്നു മെഴുകുന്നു എന്നേ ഉള്ളൂ.
പത്തുവർഷമായി ഭരണത്തിലില്ലാത്തതുകൊണ്ട് ഒരു “സമുദായത്തിന് വന്ന നഷ്ടം നികത്താൻ” ഭരണം പിടിക്കാൻ പോകുന്ന സമുദായത്തിന്‍റെ കോലായിലും ഭീകരവാദം കൊണ്ട് താലിബാൻ വിസ്മയം തീർക്കുന്ന തിണ്ണകളിലും കമ്മ്യൂണിസ്റ്റുകളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അവസാനിപ്പിക്കണമെന്ന് പറഞ്ഞ സർസംഘചാലകിൻ്റെ പുറമ്പോക്കിലും ഒക്കെയാണല്ലോ സതീശന്‍റെ ഇരിപ്പും കിടപ്പും. മനുഷ്യനല്ല, “മതമാണ്, മതമാണ് മതമാണ് ഞങ്ങടെ പ്രശ്നം” എന്നത് സതീശൻ നേതാവായ യു ഡി എഫിൻ്റെതാണല്ലോ അല്ലേ? അത് നടക്കട്ടെ, ഉപദേശം ഇങ്ങോട്ട് വേണ്ട.






