‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

സുനിതാ വില്യംസിനെ ഹസ്തദാനം ചെയ്ത മന്ത്രി എം.ബി രാജേഷ്
കോഴിക്കോട്:ഫിഡൽ കാസ്ട്രോയെ ആദ്യം കണ്ട് ഹസ്തദാനം ചെയ്തപ്പോൾ “ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ തോന്നി”യെന്ന് പറഞ്ഞത് ഫുട്ബോൾ ഇതിഹാസം മറഡോണ .തദ്ദേശ മന്ത്രി എം.ബി രാജേഷിന് അതേ അനുഭവം ഉണ്ടായത് ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സുനിതാ വില്യംസണിനെ നേരിൽ കണ്ടപ്പോഴാണ്.
ആ അനുഭവം മന്ത്രി എം.ബി രാജേഷ് പങ്കുവച്ചത്:
നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തെ നേരിൽ കണ്ടു. അതിരെഴാത്ത ഗഗനവീഥിയിൽ വിഹരിച്ച താരവനിത ഭൂമിയിൽ ഞങ്ങൾക്കൊപ്പമിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഡിജിറ്റൽ ഗവർണൻസും സാമൂഹിക നീതിയും എന്ന ചർച്ചയിൽ പങ്കെടുത്ത ശേഷം ലോഞ്ചിലെത്തിയപ്പോഴാണ് സുനിതാ വില്യംസിനെ കാണാനുള്ള അസുലഭാവസരം ഉണ്ടായത്. അവർ ഞങ്ങളോടൊപ്പമിരുന്ന് സാധാരണക്കാരിയായി ലളിതമായി സംസാരിച്ചു. കേരളത്തെക്കുറിച്ച് ഇവിടുത്തെ മനുഷ്യരെക്കുറിച്ചും നാടിന്‍റെ ഭംഗിയെക്കുറിച്ചുമൊക്കെ.കേരളത്തിൻ്റെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ മികവിലും വിസ്മയം പൂണ്ടു.

മന്ത്രി എം.ബി രാജേഷും സുനിതാ വില്യംസും
കുറച്ച് മാദ്ധ്യമ പ്രവർത്തകരും സുഹൃത്തുക്കളും അവർക്കൊപ്പം ഫോട്ടോ എടുക്കാൻ ശുപാർശ ചെയ്യാൻ എന്നെ സമീപിച്ചു. എണ്ണം കൂടിയപ്പോൾ ക്ഷമാപണത്തോടെ ഞാൻ അവരോട് പറഞ്ഞു ‘ബഹിരാകാശത്ത് അധിക സമയവും ചിലവിടുന്ന അങ്ങയെപ്പോലെയല്ല ഭൂമിയിൽ കഴിയുന്ന ഞാൻ. എനിക്ക് ഇവരുടെ ശുപാർശകളെ അവഗണിക്കാനാവില്ല.അതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്.’അതുകേട്ട് അവർ പൊട്ടിച്ചിരിച്ചു.
അല്പസമയം ഞങ്ങൾക്കൊപ്പം ചിലവിട്ട് ആരാധകരുടെ ആരവങ്ങൾക്ക് നടുവിലൂടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ വേദിയിൽ നിന്ന് അവർ കുടുംബത്തോടൊപ്പം പുറത്തിറങ്ങി.
“എനിക്ക് അദ്ദേഹത്തെ തൊട്ടപ്പോൾ ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ തോന്നി”യെന്ന്, ക്യൂബൻ വിപ്ലവ ഇതിഹാസമായ ഫിഡൽ കാസ്ട്രോയെ ആദ്യം കണ്ട് ഹസ്തദാനം ചെയ്ത അനുഭവത്തെക്കുറിച്ച് ഫുട്ബോൾ ഇതിഹാസം മറഡോണ പറഞ്ഞിട്ടുണ്ട്. എനിക്കും ഇന്നലെ അതാണ് തോന്നിയത്






