1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ,350 കോടിയുടെ നിക്ഷേപം,പെരുമ്പാവൂരിനെയും മാറ്റി സർക്കാർ

കഴിഞ്ഞ വർഷത്തെ നിക്ഷേപവാഗ്ദാനം ഒരു വർഷത്തിനുള്ളിൽ ഉല്പാദനം നടത്തിയ അനുഭവം
കൊച്ചി:പെരുമ്പാവൂരിൽ 1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കത്തക്കവിധം 350 കോടിയുടെ നിക്ഷേപം നടത്തിയ കെയ്ൻസ് ടെക്‌നോളജിയെ ആദ്യ യൂണിറ്റായി കൊണ്ടുവരാൻ സാധിച്ചതിൻ്റെ അനുഭവം പങ്കുവയ്ക്കുകയാണ് വ്യവസായ മന്ത്രി പി.രാജീവ്.കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് അവിടെ നിന്ന് നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടറും വേദിയിൽ വച്ച് ഏറ്റുവാങ്ങിയത് വിവരിച്ച് മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി പി.രാജീവിൻ്റെ കുറിപ്പ്:
‘ഇടതുപക്ഷ സർക്കാർ പെരുമ്പാവൂരിനെയും മാറ്റിത്തീർക്കുന്നു. ട്രാവൻകൂർ റയോൺസിന്റെ ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കാനും അവിടെ ഇന്ത്യയിലെത്തന്നെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയെ ആദ്യ യൂണിറ്റായി കൊണ്ടുവരാനും ഞങ്ങൾക്ക് സാധിച്ചു. 350 കോടിയുടെ നിക്ഷേപമാണ് പെരുമ്പാവൂരിൽ കെയിൻസ് നടത്തുന്നത്. 2001 മുതൽ അടഞ്ഞു കിടന്ന റയോൺസ് ഭൂമിയിൽ സ്റ്റേഡിയം സ്ഥാപിക്കണമെന്നതുൾപ്പെടെ പല നിർദ്ദേശങ്ങൾ ഉയർന്നെങ്കിലും ഇലക്ട്രോണിക്സ് വ്യവസായ പാര്‍ക്ക് വികസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതുകൊണ്ടാണ് 1500+ ഹൈ സ്കിൽ തൊഴിലവസരങ്ങൾ കേരളത്തിലെ ചെറുപ്പക്കാർക്ക് ലഭിക്കുന്ന കെയിൻസ് ടെക്നോളജി ഇവിടെ ആരംഭിക്കാൻ സാധിച്ചതും. ഇവിടെ നിന്ന് നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടറും വേദിയിൽ വച്ച് ഏറ്റുവാങ്ങി.

2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപനചെയ്ത് നിർമിക്കുന്ന, മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍സിന് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉൽപാദന യൂണിറ്റുകളുള്ളത്. കേരളത്തിലെ കമ്പനിയുടെ ആദ്യ മാനുഫാക്ചറിങ്ങ് യൂണിറ്റാണിത്.’






