‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

ജീവനക്കാർക്ക് 5000 മുതൽ 20,000 രൂപവരെ അധികം ലഭിക്കുമെന്നും ധനമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്‍കാല പ്രാബല്യമില്ല.ജീവനക്കാർക്ക് 5000 മുതൽ 20,000 രൂപവരെ അധികം ലഭിക്കുമെന്നും കൊട്ടാരക്കരയിൽ വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു. ഇടതു സർക്കാർ ചെയ്യാൻ കഴിയുന്നതു മാത്രമേ പറയാറുള്ളൂ, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്‍റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് വി ഡി സതീശന്‍റെ സ്ഥിരം പ്രയോഗം. ഒരു നുണ പലയാവർത്തി പറഞ്ഞാൽ സത്യമാക്കാം എന്ന ഹിറ്റ്ലറുടെ പ്രചരണ വിഭാഗം തലവൻ ഗീബൽസിൻ്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിൻ്റേതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം സർവവിധത്തിലും കേരളത്തിനർഹമായ വിഹിതങ്ങൾ നിഷേധിക്കുമ്പോഴും നമ്മുടെ തനത് വരുമാനം വർദ്ധിപ്പിച്ചാണ് നാം പിടിച്ചുനിൽക്കുന്നത്. ചെലവുകൾ വെട്ടിക്കുറക്കാനല്ല, ചെലവുകൾക്ക് അനുസരിച്ച് വരുമാനം വർദ്ധിപ്പിക്കാനാണ് കേരളം ശ്രമിച്ചത്.
നമ്മുടെ കടമാകട്ടെ കുറയുകയും ചെയ്തു. ആകെ ജി.എസ്.ഡി.പിയുടെ 39 ശതമാനം വരെയുണ്ടായിരുന്ന സംസ്ഥാനത്തിന്‍റെ കടം ഇപ്പോൾ 34 ശതമാനത്തിന് താഴേക്ക് എത്തിയിരിക്കുന്നു. ഇതൊന്നും പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല. യാഥാർത്ഥ്യം തുറന്നു പറഞ്ഞാൽ എൽഡിഎഫ് ഗവൺമെൻ്റിനെ പ്രകീർത്തിക്കേണ്ടി വരും എന്നതുകൊണ്ട് നുണയുടെ പുകമറ ഉണ്ടാക്കുന്നതാണ്.
‘പ്രതിപക്ഷ നേതാവിന്‍റെ പൂച്ചകൾ ഏതായാലും ഭാഗ്യം ചെയ്തവരാണ്. രണ്ട് ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയിൽ ജീവിക്കാനുള്ള ഭാഗ്യം അവർക്ക് കിട്ടിയല്ലോ.’-മന്ത്രി കെഎൻ ബാലഗോപാൽ പരിഹസിച്ചു.






