ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക

ജനങ്ങൾക്ക് ഓൺലൈൻ മുഖേന മാർച്ച് 15 മുതൽ മുറികൾ ബുക്ക് ചെയ്യാം
ഇടുക്കി:കേരള വാട്ടർ അതോറിറ്റിയിൽ വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ ഒരുങ്ങുന്നു.ആദ്യഘട്ടമായി ഇടുക്കിയിലെ ചെറുതോണി,പൈനാവ് എന്നിവിടങ്ങളിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകൾ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകൾക്കും ടാങ്കുകൾക്കും മുകളിലും താഴെയുമായിട്ടാണ് ഈ മുറികൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

പൈനാവ് ഗസ്റ്റ് ഹൌസ്
കൂടുതൽ വിവരങ്ങൾ: ചെറുതോണി: 15 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി 2 സ്യൂട്ട് റൂമുകളും 4 ഡീലക്സ് റൂമുകളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ 200 പേർക്ക് ഇരിക്കാവുന്ന ‘പെരിയാർ’ എന്ന് പേരിട്ടിരിക്കുന്ന കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്‍റെ മനോഹരമായ ദൃശ്യം ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം.
പൈനാവ്: 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്‍റിന് താഴെയായി 3 സ്യൂട്ട് റൂമുകളും 2 സാധാരണ റൂമുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടിടത്തും വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
വാടക വിവരം: സ്യൂട്ട് റൂമുകൾ: ₹3,000 / ദിവസം 🔸 സാധാരണ റൂമുകൾ: ₹1,000 / ദിവസം 🔸 കോൺഫറൻസ് ഹാൾ: ₹10,000 / ദിവസം
മാർച്ച് 15 മുതൽ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം.
ഈ സംരംഭം വിജയിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.






