‘കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും’

‘എല്ലാ പരാധീനതകൾക്ക് ഇടയിലും നമ്മൾ കെട്ടിപ്പടുത്ത ഈ ടൗൺഷിപ്പ് നാടിന് അഭിമാനകരമായ ലോകമാതൃകയാണെ’ന്ന് ഹരീഷ് വാസുദേവൻ ശ്രീദേവി
കൊച്ചി:കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യുമെന്ന് പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ ശ്രീദേവി.2019 ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ ദുരന്തശേഷമുള്ള പുനർനിർമ്മാണത്തിൻ്റെ വെല്ലുവിളികളെ
സാമൂഹികമായി എങ്ങനെ മറികടന്നു എന്ന 2018 ലെ കേരളത്തിന്‍റെ അനുഭവമാണ് അന്ന് അദ്ദേഹം ലോകത്തിന് മുമ്പിൽ വെച്ചതെന്ന് അന്ന് അതിലെ കേൾവിക്കാരനായിരുന്ന അദ്ദേഹം പറയുന്നു.അന്ന് പലരും അതിനെ ട്രോളിയെങ്കിലും പി ആർ എന്ന് പരിഹസിച്ചെങ്കിലും കേരളം നടത്തുന്ന പുനർനിർമ്മാണം ലോകമാതൃക ആണെന്ന് അംഗീകരിക്കാൻ പലർക്കും വൈമനസ്യം ഉണ്ടായിരുന്നുവെന്ന് ഹരീഷ് വ്യക്തമാക്കുന്നു.

ഹരീഷ് വാസുദേവൻ ശ്രീദേവി
ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘ഈ ദിവസം കാലം അടയാളപ്പെടുത്തും….
ലോകമാതൃക എന്ന വാക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ഉപയോഗിച്ച് പലർക്കും വിശ്വാസം വരാറില്ല. എന്നാൽ ഈ ദുരന്തശേഷമുള്ള പുനരധിവാസത്തിൽ കേരളം ലോകത്തിന് ഏറ്റവും മികച്ച മാതൃകയാണ്. ലോകത്ത് ഒരു ദിക്കിലും ഒരു ദുരന്തശേഷവും മനുഷ്യർക്ക് അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധമുള്ള ഒരു ടൗൺഷിപ്പ് പുനരധിവാസം സമ്പൂർണമായി സർക്കാരിൻ്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും ചെയ്ത് ഇത്രവേഗം പൂർത്തീകരിച്ചു കാണാൻ കഴിയില്ല എന്നാണ് എന്‍റെ അറിവ്.
2019 ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ (UNDRR) Reconstruction Conference ൽ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സെഷനിൽ സംസാരിച്ചപ്പോൾ കേൾക്കാൻ ഞാനും ഉണ്ടായിരുന്നു. ദുരന്തശേഷമുള്ള പുനർനിർമ്മാണത്തിൻ്റെ വെല്ലുവിളികളെ
സാമൂഹികമായി എങ്ങനെ മറികടന്നു എന്ന 2018 ലെ കേരളത്തിന്‍റെ അനുഭവമാണ് അന്ന് അദ്ദേഹം ലോകത്തിന് മുമ്പിൽ വെച്ചത്. പണമോ സാങ്കേതിക വിദ്യയോ ഇച്ഛാശക്തിയോ ഒന്നിനും കുറവുണ്ടായില്ല – ഒറ്റക്കെട്ടായി ആണ് നാമതിനെ നേരിട്ടത്.

അന്ന് പലരും അതിനെ ട്രോളി. ചിലരെങ്കിലും അത് PR ആണെന്ന് പറഞ്ഞു. കേരളം നടത്തുന്ന പുനർനിർമ്മാണം ലോകമാതൃക ആണെന്ന് അംഗീകരിക്കാൻ പലർക്കും വൈമനസ്യം ഉണ്ടായിരുന്നു.
എനിക്കുറപ്പുണ്ട്, 2027 ൽ UNDRR World Reconstruction Conference ഉണ്ടെങ്കിൽ അതിലും കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും. അന്നും കേരളത്തിന്‍റെ ജനപ്രതിനിധി കയ്യടികളാൽ ആദരിക്കപ്പെടും. പാർട്ടിയോ മുന്നണിയോ നോക്കിയല്ല അത്. നമ്മുടെ നാടിന്‍റെ അഭിമാനമായി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഈ മോഡൽ പഠിക്കാൻ സെർച്ച് ചെയ്യും… കാരണം എല്ലാ പരാധീനതകൾക്ക് ഇടയിലും നമ്മൾ കെട്ടിപ്പടുത്ത ഈ ടൗൺഷിപ്പ് നാടിന് അഭിമാനകരമായ ലോകമാതൃകയാണ്. ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ അതിജീവിച്ച മനുഷ്യർക്ക് അന്തസ്സോടെ പാർക്കാൻ സുരക്ഷിതമായ ഒരിടം. സർക്കാർ അത് സാധ്യമാക്കി.
നമ്മൾ ഒന്നിച്ചിറങ്ങിയാൽ ലോകമാതൃകകൾ സൃഷ്ടിക്കാം.. ഒരു മലയാളി എന്ന നിലയിൽ എന്‍റെ സർക്കാരിന് നന്ദി.’






