‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ്
തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ഇ മേഘനാദ് . പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനാണ്.

എൻ ഇ മേഘനാദ്
വീണാ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം , മികച്ച നിലയിലുണ്ടായിരുന്ന ആരോഗ്യമേഖലയാകെ കുത്തഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ സ്ഥാപിക്കുന്നതെന്ന് മേഘനാദ് ചൂണ്ടിക്കാട്ടുന്നു. അവർക്കെതിരെ ആസൂത്രിത മാധ്യമ ആക്രമണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് , മാതൃഭൂമി , മനോരമ , മീഡിയ വൺ , ന്യൂസ് 24 എന്നീ ചാനലുകളം മാതൃഭൂമി , മനോരമ പത്രങ്ങളും മത്സരിച്ചാണ് അവരെ ഇകഴ്ത്തുന്നത്. വീണ ഒരു മാധ്യമ പ്രവർത്തകയായിരുന്നു . ഒരു പൂർണ സമയ മാധ്യമ പ്രവർത്തക മന്ത്രി പദവിയിലെത്തുമ്പോൾ , സഹപ്രവർത്തകയുടെ സ്ഥാനലബ്ധിയിൽ സന്തോഷിക്കുന്നതിനു പകരം …. അസൂയയും കൊതിക്കെറുവും കാരണം അവർക്കെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ . ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം തെളിവു സഹിതം വ്യക്തമാക്കുകയാണ് .ഒരു വ്യക്തിയെ ഇകഴ്ത്താൻ മലർന്നു കിടന്ന് തുപ്പരുതെന്ന മേഘനാദിൻ്റെ ഉപദേശം കേരളത്തിലെ മാധ്യമങ്ങളെ കണ്ണാടി നോക്കാൻ പ്രേരിപ്പിച്ചെങ്കിൽ!
എൻ ഇ മേഘനാദിൻ്റെ കുറിപ്പ് വായിക്കാം:
‘കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണ്.
എല്ലാ സുചകങ്ങളിലും ലോകത്തെ തന്നെ ഏറ്റവും മികച്ച പൊതു ആരോഗ്യ സംവിധാനമാണ് കേരളത്തിൻ്റേത്. അത് ഒറ്റ രാത്രി കൊണ്ടുണ്ടായതോ വീണാ ജോർജ്ജ് മാന്ത്രിക വടി വീശി ഉണ്ടാക്കിയതോ അല്ല. മിഷനറിമാരുടെ കാലത്തിട്ട കല്ലിന്മേൽ ജനാധിപത്യ ഭരണകൂടം ഘട്ടം ഘട്ടമായി പടുത്തുയർത്തിയതാണ് ഇന്നത്തെ ആരോഗ്യ കേരളം . അക്കാരണം കൊണ്ടു തന്നെയാണ് മഹാമാരികളെ വലിയ പരിക്കില്ലാതെ അതിജീവിക്കാൻ നമുക്കായത്.
വീണാ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം , മികച്ച നിലയിലുണ്ടായിരുന്ന ആരോഗ്യമേഖലയാകെ കുത്തഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ സ്ഥാപിക്കുന്നത്. അവർക്കെതിരെ ആസൂത്രിത മാധ്യമ ആക്രമണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് , മാതൃഭൂമി , മനോരമ , മീഡിയ വൺ , ന്യൂസ് 24 എന്നീ ചാനലുകളം മാതൃഭൂമി , മനോരമ പത്രങ്ങളും മത്സരിച്ചാണ് അവരെ ഇകഴ്ത്തുന്നത്. വീണ ഒരു മാധ്യമ പ്രവർത്തകയായിരുന്നു . ഒരു പൂർണ സമയ മാധ്യമ പ്രവർത്തക മന്ത്രി പദവിയിലെത്തുമ്പോൾ , സഹപ്രവർത്തകയുടെ സ്ഥാനലബ്ധിയിൽ സന്തോഷിക്കുന്നതിനു പകരം …. അസൂയയും കൊതിക്കെറുവും കാരണം അവർക്കെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ . ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല .
അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ
‘അസുയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’ പരാതികൾരണ്ടു സ്ത്രീകളുടെ ഗർഭാശയത്തിൽ , സർജറി സമയത്ത് കത്രികകുടുങ്ങിയ നിർഭാഗ്യകരമായ സംഭവത്തെ വീണാ ജോർജുമായി ചേർത്താണ് ഒടുവിലത്തെ അക്രമണം . സകല പരിധികളും ലംഘിച്ച് അവർക്കു നേരെ നടന്ന കയ്യേറ്റത്തെ പോലും ആഘോഷിക്കുകയാണ് മാധ്യമങ്ങൾ . രണ്ടു സംഭവങ്ങൾ നടന്നപ്പോഴും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് വീണയല്ല എന്ന് മാധ്യമങ്ങൾക്കറിയാം. അത് മറച്ചു വച്ച് വീണ കത്രിക കൊണ്ടിട്ടു എന്ന മട്ടിലാണ് പ്രചാരണം .

കേരളത്തിൽ പ്രതിവർഷം 11- 12 കോടി ഒ.പി ടിക്കറ്റുകൾ സർക്കാർ ആശുപത്രികളിൽ നിന്ന് വിതരണം ചെയ്യുന്നു. ശരാശരി 90000 മുതൽ ഒരു ലക്ഷം വരെ ചെറുതും വലുതുമായ ശസ്ത്രക്രിയകൾ നടക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനകം ഉയർന്ന 40 ൽ പരം ഗൗരവതര പരാതികളിൽ 30 എണ്ണവും സ്വകാര്യ ആശുപത്രികൾക്കെതിരെയാണ് . സർക്കാർ ആശുപത്രിയിൽ സർജറി പിഴവ് സംബന്ധിച്ച് നാലോ അഞ്ചോ പരാതിയുണ്ടായി. തീർച്ചയായും അവ ഒഴിവാക്കപ്പെടേണ്ടതാണ്.
അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ . പക്ഷെ മാധ്യങ്ങൾ നിർമ്മിച്ച പൊതുബോധം …… സർക്കാർ ആശുപത്രിയിൽ സർജറി ചെയ്താൽ …. തീർന്നു എന്നാണ്. ഈ നരേറ്റീവിനു പിന്നിൽ പല പല കാരണങ്ങളുണ്ട് .
അതിൽ ഒന്ന് വീണയോടുള്ള ചൊരുക്കാണ്.
വിവാദമാക്കിയ രണ്ട് സംഭവങ്ങൾ . ആദ്യത്തേത് ഫർസീനയുടെത്. ആ സർജറി നടന്നത് 2017 നവംബർ 30. മറ്റൊന്ന് ഉഷാ ജോസഫിൻ്റെ കേസ് . 2021 മെയ് 10ന് സർജറി. 2021 മെയ് 15ന് ഡിസ്ചാർജ്. വീണാ ജോർജ്
മന്ത്രിയാകുന്നത് 2021 മെയ് 20 . അതായത് വീണ കത്രിക കൊണ്ടിട്ടെന്ന് ആരോപിക്കുന്ന സമയത്ത് അവർ മന്ത്രി പോലുമായിട്ടില്ല. ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. പക്ഷെ വീണയെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തു നടത്തുന്ന പ്രചാരണം ഗൂഡോദ്ദേശ്യത്തോടെയെന്ന് വ്യക്തം. കെ എസ് യു അതിക്രമത്തിൽ കഴുത്തിന് ക്ഷതമേറ്റത് പോലും അഭിനയമാണെന്ന് അധിക്ഷേപിക്കുന്നു. അവരുടെ വ്യക്തി ജീവിതത്തെ പോലും അപഹസിക്കുന്നു.

വീണ ചുമതലയേറ്റശേഷം ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങളുടെ പി.ആർ ഈയുള്ളവൻ്റെ പണിയല്ല . ഒരു കാര്യം മാത്രം . നിങ്ങൾ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തി ശരിയായ വ്യക്തിഗത വിവരം നൽകി ചികിത്സ തേടിയാൽ ….. സംസ്ഥാനത്തെ സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പടെ ഏത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയാലും നിങ്ങളുടെ പൂർവ്വകാല മെഡിക്കൽ ഹിസ്റ്ററി ഒരു ക്ലിക്കിൽ ലഭിക്കുന്ന ഇൻ്റഗ്രേറ്റഡ് ഹെൽത്ത് സിസ്റ്റം നടപ്പായ ഏക സംസ്ഥാനമാണ് കേരളം . താലൂക്ക് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ , റോബോട്ടിക് സർജറി …. തുടങ്ങി മുൻ വിധി മാറ്റി വച്ച് കണ്ണ് തുറന്നു നോക്കിയാൽ മാറ്റം ആർക്കും കാണാം. എന്ന് വച്ച് എല്ലാം 100 ശതമാനം ശരിയെന്നല്ല. വീഴ്‌ച്ചകൾ , പോരായ്മകൾ ഒക്കെ ഉണ്ട്. തിരുത്താനായി ചൂണ്ടിക്കാട്ടാം . പക്ഷെ ഒരു വ്യക്തിയെ ഇകഴ്ത്താൻ മലർന്നു കിടന്ന് തുപ്പരുത്.’






