വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നല്‍കുന്ന ഇന്‍ട്രസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ടൂറിസം വകുപ്പിനു കീഴിലുള്ള കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി (കെആര്‍ടിഎംഎസ്) പദ്ധതി നടപ്പാക്കും. കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണവും വിപുലീകരണവുമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ സംരംഭകര്‍ക്കായി ഇത്തരമൊരു പദ്ധതി .
നിലവില്‍ കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് വായ്പ നല്‍കുക. വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും ഈ സബ്സിഡി ലഭിക്കും.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയില്‍ കൂടുതല്‍ വനിതാ സംരംഭകര്‍ക്ക് കടന്നുവരാന്‍ ഈ പദ്ധതി പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് കെആര്‍ടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.
ഇന്‍ററസ്റ്റ് സബ് വെന്‍ഷന്‍ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നല്‍കി നേരത്തെ സര്‍ക്കാര്‍ ഉത്തരവായിരുന്നു.
ലോണ്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കളായ വനിതകള്‍ ആവശ്യമായ രേഖകളോടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് അംഗീകരിക്കുന്നവ കെആര്‍ടിഎംഎസ് വനിതാ വികസന കോര്‍പ്പറേഷന് സമര്‍പ്പിക്കും. വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മാത്രമാണ് ഈ വായ്പാ പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം ലഭ്യമാവുക.
പദ്ധതിക്ക് വേണ്ടി തുക നല്‍കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സിയും കെആര്‍ടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാറും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
അപേക്ഷയ്ക്കും വിശദാംശങ്ങള്‍ക്കും: https://www.keralatourism.org/responsible-tourism/uploads/tenders/interest-subvention-scheme-20260312135426628705.pdf.
2025-26 സാമ്പത്തിക വര്‍ഷം കെആര്‍ടിഎംഎസിനായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുകയില്‍ 50 ശതമാനം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ളതാണ്. കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ 70 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലോ സ്ത്രീകള്‍ നടത്തുന്നതോ ആണ്.






