ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

ആൻ്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങളിൽ നാഴികക്കല്ല്
തിരുവനന്തപുരം:എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്‍റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും 5 പഞ്ചായത്തുകൾ ആന്‍റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു. ആന്‍റിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനതലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്‍റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ആന്‍റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ലോകത്താദ്യമായി ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ, ആൻ്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന ആശയങ്ങൾ കാർസാപ്പിൻ്റെ (കേരള ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി രൂപീകരിച്ചിരുന്നു. ഇതിനായി സമഗ്രമായ ഒരു പ്രവർത്തന മാർഗ്ഗരേഖ സംസ്ഥാനം പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾക്കും രൂപം നൽകിയത്.
2024-ൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായ കാക്കോടിയേയും, ഒഴലപ്പതിയെയും ആൻ്റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചിരുന്നു. വൺ ഹെൽത്ത് എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ആൻ്റിബയോട്ടിക് സ്മാർട്ട് (സാക്ഷര) പഞ്ചായത്തുകൾ എന്ന ആശയം സംസ്ഥാനം മുന്നോട്ടുവച്ചത്. ഇതിൻ്റെ ഭാഗമായാണ് ആൻിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ഇതിനായുള്ള മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കോടി, ആലപ്പുഴ ജില്ലയിലെ പാണാവള്ളി, തകഴി, വീയപുരം, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളാണ് ആൻിബയോട്ടിക് സ്മാർട്ട് പഞ്ചായത്തുകൾ എന്ന നേട്ടം കൈവരിച്ചത്.
കേരളത്തിലെ തൃതീയ തലത്തിലെ ആദ്യത്തെ ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രി എന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രി കൈവരിച്ചു. മാത്രമല്ല ദ്വിതീയ തലത്തിലെ ആദ്യത്തെ ആൻ്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ എന്ന നേട്ടം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവ കൈവരിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമയബന്ധിതമായി ആൻ്റിബയോട്ടിക് സ്മാർട്ട് ആക്കുക എന്നതാണ് ലക്ഷ്യം.






