പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,10 പവൻ സ്വർണാഭരണം

പിണറായി വിജയന്‍റെ കൈയിലുള്ളത് 10,000 രൂപ,യും ഭാര്യ കമലയുടെ കൈയിൽ 5000 രൂപ
കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. പിണറായി വിജയന് 43.35 ലക്ഷത്തിന്‍റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്‍റെ നിക്ഷേപവുമാണുള്ളത്. പിണറായിക്ക് 78 സെന്‍റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്‍റ് സ്ഥലവുമുണ്ട്. കമലയ്ക്ക് പത്ത് പവൻ സ്വർണാഭരണമുണ്ട്. ഇരുവരുടെയും പേരിൽ ബാധ്യതകൾ ഒന്നുമില്ല.
ധർമടം നിയമസഭാ മണ്ഡലത്തിലേക്ക് പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്.
പിണറായി വിജയന് 97.35 ലക്ഷത്തിന്‍റെയും ഭാര്യ കമലയ്ക്ക് 96.58 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളുമുണ്ട്.പിണറായി വിജയന്‍റെ പേരിൽ 52 ലക്ഷത്തിന്‍റെ സ്വത്തും ഭാര്യയുടെ പേരിൽ 36 ലക്ഷത്തിന്‍റെ സ്വത്തുമാണുള്ളത്.

പിണറായി വിജയൻ,ഭാര്യ കമല
ബാങ്ക് നിക്ഷേപം, ഓഹരി നിക്ഷേപം എന്നിവയിലായി പിണറായിക്ക് 45,35,620 രൂപയും ഭാര്യയ്ക്ക് 60,58,442 രൂപയുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷനിൽ 10,000 രൂപയുടെയും 20,000 രൂപയുടെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് രണ്ട് ലക്ഷത്തിന്‍റെയും ഓഹരിയുണ്ട്. എസ്ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5,13,847 രൂപയും പിണറായി സർവീസ് കോ ഓപറേറ്റീവ് ബാങ്കിൽ മൂന്ന് അക്കൗണ്ടുകളിലായി 6312 രൂപയും 1,81,822 രൂപയും 2000 രൂപയും വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039 രൂപയും നിക്ഷേപം ഉണ്ട്. പിണറായിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ 50123 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ജയിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്തായിരുന്നു. 1.18 കോടി രൂപയാണ് പിണറായി വിജയൻ്റെ ആസ്തിയെന്ന് . അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് കഴിഞ്ഞ വർഷം പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനായി നൽകിയ സത്യാവാങ്മൂലത്തിൽ നിന്നാണ് സ്വത്തുവിവരങ്ങൾ ശേഖരിച്ചത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഏറ്റവും കുറവ് സ്വത്തുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. 15 ലക്ഷവും 38000 രൂപയുമാണ് ആകെ സ്വത്ത്.ജമ്മു കശ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് രണ്ടാം സ്ഥാനത്തുള്ളത്. 55 ലക്ഷം രൂപയാണ് സമ്പാദ്യം
ഏറ്റവും കൂടുതൽ ആസ്തിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാം സ്ഥാനത്ത്. 931 കോടി രൂപയുടെ സ്വത്തുവകകൾ. തൊട്ടു പിറകിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 332 കോടി രൂപയുടെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. 51 കോടി രൂപയുടെ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരുടെയും കൂടി ആകെ ആസ്തി 1630 കോടി രൂപയാണ്.






