മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ,‘കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് യൂത്ത് ലീഗിൻ്റെ ഫ്ലക്സ് ബോർഡ്

‘മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണ’മെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം:കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ പരസ്യമായി രംഗത്തെത്തി.തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞ് ഒരാഴ്ച ആവും മുമ്പാണ് ഒരു കോൺഗ്രസ് നേതാവ് ലീഗിനെതിരെ പരസ്യ പ്രതികരണവുമായി വരുന്നത്.
മുസ്ലിം ലീഗ് യുഡിഎഫിൻ്റെ നട്ടെല്ലാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നുവെന്ന് കുഴൽനാടൻ ഓർമിപ്പിച്ചു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

മാത്യു കുഴൽനാടൻ
മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്.ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ഇന്നയാൾ ആകണമെന്ന് കോൺഗ്രസ് പറയുമോ? അങ്ങനെ പറയില്ല. ഒരു മുന്നണി സംവിധാനത്തിൽ ആശവിനിമയങ്ങൾ നടക്കുന്നതിനെ തെറ്റായി ചിത്രീകരിക്കരുത്.കോൺഗ്രസിന് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ,ഇതിനെതിരെ മുസ്ലിംലീഗിൽ അമർഷം പുകയുകയാണ്.പലേടത്തും ഫ്ലക്സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു.
കണ്ണൂർ ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്‍ലീം യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ഫ്ലക്സിൽ മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് ഫ്ലക്സിൽ പറയുന്നു. ‘പട നയിച്ചവർ ഭരിക്കട്ടെ’ എന്നും ബോർഡിൽ പറയുന്നു.






