ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം പി.വി. ജീജോയ്ക്ക്

ജീജോയുടെ ‘മാലിന്യമല്ല മാണിക്യം’ എന്ന വാർത്താ പരമ്പരയ്ക്കാണ് 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം
കോട്ടയം:പ്രമുഖ മാധ്യമ പ്രവർത്തകനും ‘മെട്രോവാർത്ത’ ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണന്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ‘ദേശാഭിമാനി’ കോഴിക്കോട് ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ പി.വി. ജീജോ അർഹനായി. ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘മാലിന്യമല്ല മാണിക്യം’ എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്കാരം.

ആർ. ഗോപീകൃഷ്ണൻ
ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, ദീപിക മുൻ ഡെപ്യൂട്ടി എഡിറ്റർ സെർജി ആന്റണി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പി.വി. ജീജോ
മാലിന്യത്തെ വ്യാവസായികതലത്തിൽ ഉപയോഗിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യക്തികൾ രൂപകല്പന ചെയ്തിട്ടുണ്ട്. അത്തരം ചില സംരംഭങ്ങളെ പരമ്പരയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഗുരുതരമായ സാമൂഹിക പരിസ്ഥിതി പ്രശ്നത്തെ ഫലപ്രദമായും ലാഭകരമായും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വാർത്താപരമ്പര പ്രചോദനാത്മകവും മാധ്യമധർമത്തിലധിഷ്ഠിതമാണെന്നും ജൂറി വിലയിരുത്തി.
ദീപികയിൽ മാധ്യമ പ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണൻ മംഗളം ചീഫ് ന്യൂസ് എഡിറ്റർ, കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം രണ്ടുതവണ നേടിയിട്ടുണ്ട്. ശ്രീലങ്കൻ ആഭ്യന്തര കലാപകാലത്ത് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള മാധ്യമപ്രവർത്തകനാണ്.






