സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ

‘പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’
തിരുവനന്തപുരം:’മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ.
‘വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്..?’-അദ്ദേഹം ചോദിച്ചു.
സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ അഭിപ്രായപ്പെട്ടതിനെതിരെയാണ് ഗണേഷ് കുമാറിൻ്റെ പ്രതികരണം. സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നു എന്നായിരുന്നു സിപി ജോണിന്‍റെ വിവാദ പരാമർശം. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
പരാമർശം വിവാദമായതോടെ, താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപി ജോൺ വ്യക്തമാക്കി.






