‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി’

എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എഴുതിയത് ഓർമിപ്പിച്ച് മുൻ ആരോഗ്യമന്ത്രി വീണാജോർജ്
തിരുവനന്തപുരം:ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നുംഅന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി എന്നും മുൻ ആരോഗ്യമന്ത്രി വീണാജോർജ്.സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിന് വിധേയരാണ്. എന്നാൽ അത് ചട്ടപ്രകാരം മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ചും മനുഷ്യത്വരഹിതമായുമുള്ള ട്രാൻസ്ഫറുകളാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. മാനദണ്ഡ പ്രകാരമല്ലാത്ത സ്ഥലംമാറ്റങ്ങൾ അഴിമതിക്കുള്ള അവസരം സൃഷ്ടിക്കലാണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി.
എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ‘ഹിന്ദു’ വിൽ എഴുതിയതും ഫെയ്സ്ബുക് കുറിപ്പിൽ വീണാജോർജ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വീണാജോർജ്
വീണാജോർജ് എഴുതിയ കുറിപ്പ് വായിക്കാം:
‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി ‘ഏറെ ദു:ഖകരമായ വിയോഗമാണ് കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപയുടേത്. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ദീപലേഖ 2026 ഫെബ്രുവരി മാസത്തിലാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് PHC യിൽ നിന്ന് ചൊക്ലി FHC യിലേക്ക് സ്ഥലം മാറി വന്നത്. അതിനിടയിൽ ഒരു വാഹന അപകടം ഉണ്ടാകുകയും കാലിന് നല്ല പരിക്കു പറ്റി മൂന്ന് മാസക്കാലം ബാൻ്റേജ് ഇട്ട് കിടപ്പിലാകുകയും ചെയ്തു . അതിനിടയിലാണ് ചൊക്ലി FHC യിൽ അഞ്ചുമാസം മാത്രമായിരിക്കെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി വീട്ടിൽ നിന്നും 80 കി.മി. അകലെയുള്ള മട്ടന്നൂരിലേക്ക് സ്ഥലം മാറ്റിയത്. ഈയൊരവസ്ഥയിൽ ദയവു ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന് ദീപ അപേക്ഷിച്ചു. കേട്ടില്ല എന്ന് മാത്രമല്ല രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം കൊടുത്തു . അതും മട്ടന്നൂരിന് സമാന ദൂരത്തിലേക്ക്. ചികിത്സ കഴിഞ്ഞെത്തിയ അവർ ദിവസങ്ങളുടെ വ്യത്യാസത്തിൽ തുടർച്ചയായി വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. മൂന്നാമത്തെ ട്രാൻസ്ഫർ ഓർഡർ കൂടി കിട്ടിയതോടെ അവർ മാനസികമായി ഏറെ തളർന്നു. കാസറഗോഡ് ആശാലതയുടെ മക്കൾക്ക് അമ്മയെ എന്നന്നേക്കും നഷ്ടമായി. പരിയാരം മെഡിക്കൽ കോളേജിൽ സ്ഥലംമാറ്റവുമായി ബന്ധപെട്ട് സംഘടനാ നേതാക്കൾ ചെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സമ്മർദവും മാനസികപീഡനവും താങ്ങാനാവാതെ വനിതാ ഡോക്ടർ ഹൃദയത്തിന്റെ പമ്പിംഗ് നന്നേ കുറഞ്ഞ് ഐസിയുവിലായി. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സർക്കാർ ഉദ്യോഗസ്ഥർ അതിക്രമത്തിന്റെ ഇരകളാകുന്നു. മൂന്നു സംഭവങ്ങളിലും വനിതാ ഉദ്യോഗസ്ഥർ ആണ് ഇരകളായത്. കണ്ണൂരിലെ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടത്.
സർക്കാർ ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിന് വിധേയരാണ്. എന്നാൽ അത് ചട്ടപ്രകാരം മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ചും മനുഷ്യത്വരഹിതമായുമുള്ള ട്രാൻസ്ഫറുകളാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. മാനദണ്ഡ പ്രകാരമല്ലാത്ത സ്ഥലംമാറ്റങ്ങൾ അഴിമതിക്കുള്ള അവസരം സൃഷ്ടിക്കലാണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ .
എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ശ്രി. ജിജി തോംസൺ പറഞ്ഞത്, കഴിഞ്ഞ ദിവസം വായിച്ചത് ഓർക്കുന്നു. (How institutions decay: On the perils of personal staff becoming parallel power centres
The Hindu , 10-08-2026).
ഒരു മുൻ ചീഫ് സെക്രട്ടറിക്ക് അങ്ങനെ പറയേണ്ടി വന്നു എങ്കിൽ ഭരണം എത്തരത്തിൽ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ’






