അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയുമാണ് പ്രശ്നം ഗുരുതരമാക്കിയിരിക്കുന്നതെന്നും കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം:സന്ധ്യയായി കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് ഇപ്പോൾ കേരളത്തിൽ പവർകട്ടുള്ളതെന്ന് മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ കെ.എൻ ബാലഗോപാൽ. അർദ്ധരാത്രി കഴിഞ്ഞും അത് തുടരുകയാണ്. കുഞ്ഞുങ്ങൾക്ക് പഠിക്കുവാനോ ഉറങ്ങുവാനോ കഴിയുന്നില്ല. രോഗികൾ, മുതിർന്ന പൗരജനങ്ങൾ തുടങ്ങി സകലരും കഷ്ടതയിലായിരിക്കുന്നു. ‘ഇന്ദിര കട്ട്’ എന്നാണ് ജനങ്ങൾ പരിഹാസപൂർവ്വം ഈ പവർകട്ടുകളെ വിളിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

കെ.എൻ ബാലഗോപാൽ
കെ.എൻ ബാലഗോപാലിൻ്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് ഉയർത്തിയ പ്രധാനപ്പെട്ട ഒരു ആശങ്ക യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇരുണ്ടകാലം തിരിച്ചു വരും എന്നതായിരുന്നു. പത്തുവർഷം മുൻപ് യുഡിഎഫ് കേരളം ഭരിച്ചിരുന്ന ഘട്ടത്തിൽ ഒരു മണിക്കൂർ മുതൽ മൂന്നു മണിക്കൂർ വരെ പവർകട്ട് ഇവിടെ ഉണ്ടായിരുന്നു. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ കേരളം പവർകട്ട്- ലോഡ് ഷെഡിങ് വിമുക്ത സംസ്ഥാനമായി മാറി. കഴിഞ്ഞ 10 വർഷക്കാലവും പവർകട്ടോ ലോഡ് ഷെഡിങ്ങോ മലയാളിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
പത്തോ പന്ത്രണ്ടോ വയസ്സുള്ള കുട്ടികൾക്ക് പവർകട്ട്, ലോഡ് ഷെഡ്ഡിങ് തുടങ്ങിയ വാക്കുകൾ പോലും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ ഏതാനും മാസം മുൻപ് പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുന്നു. സന്ധ്യയായി കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് ഇപ്പോൾ കേരളത്തിൽ പവർകട്ടുള്ളത്. അർദ്ധരാത്രി കഴിഞ്ഞും അത് തുടരുകയാണ്. കുഞ്ഞുങ്ങൾക്ക് പഠിക്കുവാനോ ഉറങ്ങുവാനോ കഴിയുന്നില്ല. രോഗികൾ, മുതിർന്ന പൗരജനങ്ങൾ തുടങ്ങി സകലരും കഷ്ടതയിലായിരിക്കുന്നു. ഇന്ദിര കട്ട് എന്നാണ് ജനങ്ങൾ പരിഹാസപൂർവ്വം ഈ പവർകട്ടുകളെ വിളിക്കുന്നത്.
യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയുമാണ് പ്രശ്നം ഗുരുതരമാക്കിയിരിക്കുന്നത്. പത്തുവർഷം ഏറ്റവും മികവുറ്റ രീതിയിൽ വൈദ്യുതി മേഖലയിൽ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് പവർക്കെട്ടും ലോഡിങ് ഇല്ലാതെ സംസ്ഥാനത്തിനു മുന്നോട്ട് പോകാനായത്. ഇപ്പോഴത്തെ സർക്കാരിന് അതിനൊന്നും കഴിയുന്നില്ല. വൈദ്യുതി മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് സ്വകാര്യ മുതലാളിമാർക്ക് വിറ്റു തള്ളാനുള്ള മാസ്റ്റർ പ്രോജക്ടിന്റെ ഭാഗമാണോ ഇപ്പോഴത്തെ നടപടികളെന്നും സംശയിക്കേണ്ടിയിരിക്കുന്നു’






