തുലാവർഷം തുടങ്ങി, സംസ്ഥാനമൊട്ടാകെ മഴ മുന്നറിയിപ്പ് ,വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലെർട്ട്

ഒക്ടോബർ 16 ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഒക്ടോബർ 16 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
17 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ, 19 ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചു
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നൽ ജാഗ്രത: വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം.
യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകളും ജലാശയങ്ങളോട് ചേർന്നുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
ചക്രവാതച്ചുഴികളുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണ് സാധ്യത





