കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.എം.എസ്.സി.എൽ) ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. കെ.എം.എസ്.സി.എൽ വഴി വാങ്ങുന്ന മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ കെ.എം.എസ്.സി.എൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മരുന്നുകളിൽ വ്യാപകമായി ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കോടിക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. മാത്രമല്ല കെ.എം.എസ്.സി.എൽ വാങ്ങുന്ന മരുന്നിന്‍റെ നിലവാരം അവരുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധിക്കുന്നത് അഴിമതിയ്ക്ക് ഇടയാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ കെ.എം.എസ്.സി.എൽ വഴി സംഭരിക്കുന്ന മരുന്നുകളുടെ നിലവിലുള്ള ഗുണനിലവാര ഉറപ്പാക്കൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

കെ മുരളീധരൻ
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമപരമായ അധികാരവും സാങ്കേതിക വൈദഗ്ധ്യവും നിയന്ത്രണ ചുമതലയും ഡ്രഗ്സ് കൺട്രോൾ വകുപ്പിനുണ്ട്. എന്നാൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് ഗുണനിലവാര പരിശോധനാ സംവിധാനം കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കാൻ ആവശ്യമുള്ള ജീവനക്കാരെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ, നിയമിക്കുന്നതിനും അനുമതി നൽകി. കെ.എം.എസ്.സി.എൽ വഴി സംഭരിക്കുന്ന എല്ലാ മരുന്നുകളും സർക്കാർ ആശുപത്രികളിലേക്കും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്യുന്നതിന് മുമ്പ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കൃത്യമായി പരിശോധിച്ച് ആവശ്യമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കും. മരുന്നുകളുടെ നിലവാര പരിശോധന സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടിയെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മന്ത്രി കത്ത് നൽകി.






