സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

‘എല്ലാ ജീവജാലങ്ങളിലും അന്തർലീനമായ ദൈവികമായ ഏകത്വത്തെക്കുറിച്ചുള്ള ആത്മീയ ബോധമാണ് ഈ സേവനത്തിന്‍റെ കാതൽ’
കൊല്ലം:സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ.
അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിൽ, മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിശ്വസേവാ ദിനാചരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്കാലം മുതൽക്കേ അമ്മ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ അറിയുകയും ഭക്ഷണവും വസ്ത്രവും സ്നേഹവും കരുണയും നൽകി സഹായിക്കുകയും ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങളിലും അന്തർലീനമായ ദൈവികമായ ഏകത്വത്തെക്കുറിച്ചുള്ള ആത്മീയ ബോധമാണ് ഈ സേവനത്തിന്‍റെ കാതൽ.മാതാ അമൃതാനന്ദമയി മഠത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രചോദനാത്മകമായ ഒന്നാണ് ആരോഗ്യരംഗത്തെ സേവനങ്ങൾ.1998 മുതൽ ഭാരതത്തിൽ 890 കോടിയിലധികം രൂപയുടെ കാരുണ്യ ചികിത്സാ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും സൗജന്യ ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയും 64 ലക്ഷത്തിലധികം രോഗികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
2022 ഓഗസ്റ്റിൽ ഫരീദാബാദിലെ അമൃത ആശുപത്രിയുടെ ഉദ്ഘാടന വേളയിൽ, അമ്മയെ “സ്നേഹം, കരുണ, സേവനം, ത്യാഗം” എന്നിവയുടെ മൂർത്തീഭാവമായും ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്‍റെ വാഹകയായും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഉപരാഷ്ട്രപതി അനുസ്മരിച്ചു.
സേവനം എന്നത് ഭാവിയിലേക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത് കൂടിയാണ്. മഠം ലോകമെമ്പാടുമായി 55,000-ത്തിലധികം സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് പുതിയ വഴികൾ തുറന്നുനൽകുന്നതിനായി ആവിഷ്കരിച്ച ടാബ്‌ലെറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, ട്യൂഷൻ കേന്ദ്രങ്ങൾ, മുതിർന്നവരുടെ സാക്ഷരത, തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങിയ പദ്ധതികൾ അദ്ദേഹം എടുത്തുപറഞ്ഞു.
‘അമൃതശ്രീ’ വഴിയുള്ള സ്ത്രീശാക്തീകരണത്തെ അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞു. 15,000-ത്തിലധികം സ്വയംസഹായ സംഘങ്ങളിലൂടെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 2.5 ലക്ഷം വനിതകൾക്ക് സ്റ്റാർട്ടപ്പ് മൂലധനം, തൊഴിലധിഷ്ഠിത പരിശീലനം, മൈക്രോഫൈനാൻസ് എന്നിവ നൽകി പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ഒരു സ്ത്രീ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോൾ, അതിന്‍റെ സ്വാധീനം ആ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നില്ല,” എന്ന് പറഞ്ഞ അദ്ദേഹം, അത് കുടുംബങ്ങളെയും സമൂഹത്തെയും ശക്തിപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കി. നാരീശക്തി എന്നത് വെറുമൊരു പങ്കാളിത്തം മാത്രമല്ല, മറിച്ച് ശാക്തീകരണവും ആത്മാഭിമാനവും അവസരങ്ങളും നേതൃത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഗ്രാമത്തിലെ കൊച്ചുപെൺകുട്ടിയുടെ കരുണയിൽ നിന്ന് തുടക്കമിട്ട പ്രസ്ഥാനം, ഇന്ന് ഭാരതത്തിലും ലോകമെമ്പാടുമായി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ സ്പർശിക്കുന്ന വമ്പിച്ചൊരു ജീവകാരുണ്യ പ്രസ്ഥാനമായി വളർന്നിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.
ഭവനരഹിതർക്കായി 50,000-ത്തിലധികം വീടുകളുടെ നിർമ്മാണം, ആയിരക്കണക്കിന് കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ, ഒരു ലക്ഷത്തിലധികം സാധുക്കൾക്കുള്ള പെൻഷൻ, ഉപജീവന പദ്ധതികൾ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങളുടെ വ്യാപ്തി ശ്രദ്ധേയമാണെങ്കിലും, ഈ കണക്കുകൾക്ക് പിന്നിലെ മനുഷ്യജീവിതങ്ങളിലാണ് യഥാർത്ഥ മഹത്വം കുടികൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, സേവനത്തെ കേവലം സ്ഥിതിവിവരക്കണക്കുകളിലൂടെയല്ല, മറിച്ച് അത് മനുഷ്യജീവിതത്തിൽ വരുത്തുന്ന പരിവർത്തനത്തിലൂടെയാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ മഠത്തിന്‍റെ ജീവകാരുണ്യ പദ്ധതികൾക്ക് ഉപരാഷ്ട്രപതി തുടക്കം കുറിച്ചു. നേപ്പാളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 2 കോടി രൂപയുടെ സഹായം ഇന്ത്യയിലെ നേപ്പാൾ സ്ഥാനപതി സുരേന്ദർ ഥാപ്പയ്ക്ക് അദ്ദേഹം കൈമാറി. കൊച്ചിയിലെയും ഫരീദാബാദിലെയും അമൃത ആശുപത്രികളിൽ നിർദ്ധനരായവർക്കുള്ള സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രങ്ങളും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായവും അദ്ദേഹം വിതരണം ചെയ്തു.
ഇന്ത്യയിലും ശ്രീലങ്കയിലുമായി 50,000 വീടുകൾ പത്തിയാക്കിയതിന്‍റെ സ്മരണയ്ക്കായി തയ്യാറാക്കിയ ‘അമൃതകുടീരം’ 30-ാം വാർഷിക സ്മരണികയും, ആശ്രമത്തിന്‍റെ പുതിയ മൂന്ന് പ്രസിദ്ധീകരണങ്ങളായ ‘ഹനുമാൻ ചാലിസ’, ‘ദി ഓഷ്യൻ ഓഫ് ഗ്രേസ്’, ‘സത്യം ശിവം സുന്ദരം’ എന്നിവയും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.
അമ്മയുടെ 73-ാമത് ജന്മദിനത്തിൽ അമൃതപുരിയിൽ സാന്നിധ്യമാകാൻ കഴിഞ്ഞത് “വലിയൊരു ഭാഗ്യവും അളവറ്റ സന്തോഷവുമുള്ള കാര്യവുമാണെന്ന് ” ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. മാതാ അമൃതാനന്ദമയി ദേവിക്ക് ആദരവോടെ പ്രണാമമർപ്പിച്ച അദ്ദേഹം, രാജ്യസേവനത്തിനു സമർപ്പിതമായ ദീർഘായുസ്സ് ആശംസിക്കുകയും ചെയ്തു.
പരിപാടിയിൽ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി. ഡി. സതീശൻ, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗോപിനാഥ്, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ തുടങ്ങിയവർ പങ്കെടുത്തു






