വഖഫ് ബോർഡ് പുനഃസംഘടന:എതിർപ്പ് കടുപ്പിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിഭാഗം,അനുനയ നീക്കം ഫലിച്ചില്ല,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹജ്ജ് കമ്മിറ്റി, മദ്രസാ ബോർഡ് നിയമനങ്ങളിൽ പരിഗണന നൽകാമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദേശങ്ങൾ കാന്തപുരം വിഭാഗം തള്ളി
കോഴിക്കോട്:വഖഫ് ബോർഡ് പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്, മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിഭാഗം വിട്ടുനിന്നു.ഭൂരിപക്ഷം വഖഫ് സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന സുന്നി വിഭാഗത്തെ ബോർഡിൽ നിന്ന് മനഃപൂർവം അവഗണിച്ചതായും അവർ ആരോപിക്കുന്നു.
പാർലമെൻ്റിൻ്റെ പരിഗണനയിലുള്ള ചില ബില്ലുകളും മറ്റ് സമുദായ വിഷയങ്ങളും ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് വിളിച്ച യോഗമാണ് കാന്തപുരം വിഭാഗം ബഹിഷ്കരിച്ചത്. കാന്തപുരം ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.
വഖഫ് ബോർഡിലെ കുറവ് പരിഹരിക്കാൻ വരാനിരിക്കുന്ന ഹജ്ജ് കമ്മിറ്റി, മദ്രസാ ബോർഡ് നിയമനങ്ങളിൽ പരിഗണന നൽകാമെന്ന ലീഗ് നേതൃത്വത്തിന്റെ അനുനയ നിർദേശങ്ങൾ കാന്തപുരം വിഭാഗം തള്ളിക്കളഞ്ഞു. നിലവിലെ സാഹചര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.
കാന്തപുരം വിഭാഗത്തെ കരുതിക്കൂട്ടി ഒഴിവാക്കിയതല്ലെന്നും നിലവിലെ നിയമങ്ങളിലെ ചില സാങ്കേതിക മാനദണ്ഡങ്ങൾ മൂലമാണ് ഇത് സംഭവിച്ചതെന്നും ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അവരുടെ പരാതി ന്യായമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ബോർഡ് പുനഃസംഘടനയിലെ അനീതിക്കെതിരെ ഒക്ടോബർ 22-ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാൻ കേരള മുസ്ലിം ജമാഅത്ത് തീരുമാനിച്ചിട്ടുണ്ട്
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഖഫിന് പകരമാവില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് വ്യക്തമാക്കി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനവും മദ്രസ ക്ഷേമനിധി ബോർഡ് അംഗത്വവും നൽകിയാൽ പോലും വഖഫിന് പകരമാവില്ലെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. 22ന് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കും മുൻപ് കാന്തപുരം വിഭാഗത്തിന്റെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത്. എന്നാൽ യുഡിഎഫിന് എപി വിഭാഗത്തോട് ധാർമികവും രാഷ്ട്രീയവുമായ ബാധ്യതയുണ്ടെന്ന് ആവർത്തിക്കുകയാണ് കേരള മുസ്ലിം ജമാഅത്ത്.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്ലിയാർ ആരോപിച്ചു. വഖഫ് ബോർഡിൽ മുഖ്യമന്ത്രി നേരത്തെ പ്രാതിനിധ്യം ഉറപ്പ് നഷകിയതായിരുന്നു. ടീം യുഡിഎഫ് എന്നാണ് സതീശൻ തുടക്കത്തിൽ പറഞ്ഞത്. പക്ഷെ പറഞ്ഞു വഞ്ചിച്ചുവെന്നും വടശ്ശേരി ഹസൻ മുസ്ലിയാർ കുറ്റപ്പെടുത്തി.
വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നികൾക്ക് നീതി നിഷേധിച്ചുവെന്നും നാമമാത്ര വഖഫ് കൈാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകിയപ്പോൾ സുന്നികളെ നോക്കുകുത്തിയാക്കി.സമസ്ത ഇ കെ വിഭാഗത്തെയും അവഗണിച്ചു.രണ്ടു വിഭാഗവും അവഗണിക്കപ്പെട്ടു. ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് മുസ്ലിം ലീഗാണെന്നും ചർച്ചകളോട് മുഖം തിരിഞ്ഞ് നിൽക്കില്ലെന്നും വടശ്ശേരി ഹസൻ മുസ്ലിയാർ വ്യക്തമാക്കി.
ഇ കെ വിഭാഗം മുശാവറ പുറത്താക്കിയയാൾ സമസ്തയുടെ പ്രതിനിധിയാണെന്ന് പറയുന്നത് അവഗണന മാത്രമല്ല പരിഹാസം കൂടിയാണെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിമർശിച്ചു. ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയ കെ എസ് ഹംസ വഖഫ് ബോർഡ് ചെയർമാനായപ്പോൾ, അദ്ദേഹം ലീഗ് പ്രതിനിധിയാണെന്ന് അന്നത്തെ സർക്കാർ പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് റഹ്മത്തുള്ള ചോദിച്ചു. കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള വഖഫ് ബോർഡ് പിരിച്ച് വിട്ട് നടത്തിയ പുനഃസംഘടന വിവാദമായതിനെ തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ നൽകിയ മറുപടിയോടാണ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു എസ്വൈഎസ് നേതാവിന്റെ പ്രതികരണം.
ഇരു സമസ്തകളുടെയും സാന്നിധ്യം ഒഴിവാക്കാൻ നല്ല ഗൂഢാലോചന തന്നെ നടന്നു. സ്ത്രീ പ്രാതിനിധ്യം നിയമ പ്രകാരം ഉള്ളതിനേക്കാൾ കൂടുതൽ എടുത്താണ് അംഗബലം ഒമ്പതിൽ എത്തിച്ചതെന്നും ലീഗുമായി സുന്നികൾ എന്നും കലഹിച്ചു കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിൽ തന്നെയുണ്ട്. അവർക്ക് വീണ്ടും വഴങ്ങരുതായിരുന്നെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
വഖഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം ‘സിറാജ്’ മുഖപ്രസംഗം എഴുതി.മുസ്ലിം ലീഗിനെയും എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. മുസ്ലിം ലീഗാണ് നിലവില്‍ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാര്‍ട്ടിയാണ് ലീഗ്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ ഒരു പോലെയും നീതിപരമായും പരിഗണിക്കണം. അതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നാണ് എപി വിഭാഗത്തിൻ്റെ വിമര്‍ശനം.






