വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് വഴങ്ങി മുസ്ലിംലീഗ്,നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും, പകരം കാന്തപുരം വിഭാഗത്തിന് പദവി

ഹജ്ജ് ചെയര്മാന് ആയി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്കാന് തീരുമാനം.കാന്തപുരം വിഭാഗത്തെ വഖഫ് ബോർഡിൽനിന്ന് ഒഴിവാക്കിയുള്ള പുനസംഘടനയ്ക്കെതിരെ അവർ അതിരൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷേോഭത്തിന് തീരുമാനിക്കുകയും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ മുസ്ലിംലീഗ് കീഴടങ്ങുകയായിരുന്നു.
നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനാണ് തീരുമാനം. ഹജ്ജ് ചെയര്മാന് പദവി കാന്തപുരം വിഭാഗത്തിലെ ഹുസൈന് സഖാഫി ചുള്ളിക്കോട് രാജിവെക്കും. പകരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്മാന് ആകും. കെ പി നൗഷാദലി എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്.
വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് പിന്നാലെ സുന്നി വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടി രൂക്ഷ വിമര്‍ശനായിരുന്നു ഉയര്‍ന്നത്. സമസ്തയിലെ ഇരുവിഭാഗങ്ങള്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. പിന്നാലെ യുഡിഎഫിനെതിരെ സമ്മര്‍ദ്ദ തന്ത്രവുമായാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. കേരള മുസ്ലിം ജമാ അത്ത് ഒക്ടോബര്‍ 22ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും ബഹുജന മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു. കാന്തപുരം വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്കാന് തീരുമാനച്ചതോടെ 22 ന് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചേക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ രണ്ട് വഖഫ് ബോര്‍ഡുകളിലും കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധികളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എം സി മായിന്‍ ഹാജിയെ ചെയര്‍മാനാക്കി പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ സമസ്തയ്ക്ക് പ്രതിനിധികളില്ലാത്തത് രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് കേരള മുസ്ലിം ജമാഅത്ത് എന്നും നീതി നിഷേധിക്കപ്പെട്ടെന്നുമായിരുന്നു സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിലപാടെടുത്തത്.






