‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

‘ദുഷ്‌കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രം’
കണ്ണൂര്‍:ഒരു ന്യായമില്ലാതെ കെപിസിസി പ്രസിഡന്‍റ് പദവിയില്‍ നിന്നും മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരൻ എംപി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് കെ സുധാകരന്‍റെ പരാമർശം.
സുധാകരൻ തന്‍റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു,വിവാദമായശേഷം അത് ഡിലീറ്റ് ചെയ്തു. സുധാകരൻ അനുകൂലികൾ വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.
‘അന്നത്തെ ദുഷ്‌കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രമാണ്. എന്നിട്ടും കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’ എന്ന് സുധാകരന്‍ തുറന്നടിച്ചു.
‘ കോണ്‍ഗ്രസിലെ ചില സഹപ്രവര്‍ത്തകരോടും ചിലത് തുറന്നുപറയാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഭരണം വരും പോകും. അധികാരങ്ങള്‍ മാറി മറയും. പക്ഷെ അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്‍റെ ആത്മാഭിമാനം അടിയറവ് വെയ്ക്കരുത്. സി.പി.എമ്മിന്‍റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളെ ആരും നിസ്സാരമായി കാണരുത്. തികഞ്ഞ വേദനയോടെ ചോദിക്കട്ടെ, അടിപതറി തകര്‍ന്നുതരിപ്പണം ആയിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഞാന്‍ കെപിസിസി പ്രസിഡന്‍റ് ആയി ഏറ്റെടുത്ത് കരകയറാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ലഭിച്ചത് എന്താണ്?’ -അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനെന്ന പോലെ ഭരണപക്ഷത്തിനും അര്‍ഹതയുണ്ടെന്നും സുധാകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
‘കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടിയ വ്യക്തി എന്ന നിലയിലാണ് ഞാന്‍ എന്‍റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. കേവലം ഒരു രാഷ്ട്രീയ പ്രസ്താവനയല്ല. എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ചുടുചോരയുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍സാക്ഷ്യമാണ്. ഇത് വ്യക്തിവൈരാഗ്യമല്ല. രാഷ്ട്രീയത്തിന്‍റെ പേരില്‍ മനുഷ്യജീവനുകള്‍ കരിച്ചുകളയുന്ന ഒരു സംസ്‌കാരത്തോടുള്ള കടുത്ത എതിര്‍പ്പാണ്. എതിര്‍രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവനെ മനുഷ്യനായി കാണാതെ ശത്രുവായി കണ്ട് അവന്‍റെ കുടുംബത്തേയും ജീവിതത്തേയും വേട്ടയാടുന്ന കിരാത രാഷ്ട്രീയത്തോടും എനിക്ക് ഒരിക്കലും പൊരുത്തപ്പെടാനാകില്ല. എന്‍റെ നിലപാട് ഇന്നും നാളെയും അതുതന്നെയായിരിക്കും’- സുധാകരന്‍ പറഞ്ഞു.
സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുകച്ച് പുറത്ത് ചാടിച്ചതാണെന്നും അതുപോലെ തന്നെയും പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നതായി കഴിഞ്ഞദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി തുറന്നുപറഞ്ഞിരുന്നു.






