ഒന്നാം രാഹുൽ ഒളിവിൽ ,രണ്ടാം രാഹുൽ ജയിലിൽ

രാഹുൽ ഈശ്വർ റിമാൻഡിൽ
തിരുവനന്തപുരം:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ഇരയെ അധിക്ഷേപിച്ച രാഹുൽ ഈശ്വർ ജയിലിലായി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വറിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റി.
അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായി സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്‍റെ ജാമ്യം തള്ളിയത്.
അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിൻ്റെ വാദം.അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല.നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു.
നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ, ജാമ്യ ഹർജിയെ ശക്തമായി എതിർത്തു.
രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്.പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഞായർ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്.അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും.ഇവർക്ക് ഹാജരാകാനായി സൈബർ പൊലീസ് നോട്ടീസ് നൽകും.പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.






