നടിയെ ആക്രമിച്ച കേസില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് മഞ്ജു വാര്യർ

‘കുറ്റം ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തില്‍’
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് കുറ്റപ്പെടുത്തി നടി മഞ്ജു വാര്യർ.കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നു വ്യക്തമാക്കിയ അവർ കുറ്റം ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്ന് ചൂണ്ടിക്കാട്ടി.

മഞ്ജു വാര്യർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിൻ്റെ പൂർണരൂപം:
‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ.’ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരു. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം’- നടി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പെരുമ്പാവൂര്‍ സ്വദേശി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം സ്വദേശി ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ സ്വദേശി വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം സ്വദേശി എച്ച് സലീം, ആറാം പ്രതി തിരുവല്ല സ്വദേശി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ശിക്ഷിച്ചത്. 1709 പേജുകളുള്ള വിധിയില്‍ ഗൂഡാലോചന തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി.






