‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ ചെറുകഥ


സുരേഷ് കുമാർ വി
അയാൾ പെട്ടെന്ന് എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കയ്യിൽ കോഫി ഹൗസിലെ നിറം മങ്ങിയ കപ്പും സോസറും.. മുമ്പിലുള്ള കസേരയിൽ ഇരുന്നോട്ടേ… എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു. പക്ഷേ, അനുവാദം കിട്ടുന്നതിന് മുമ്പ് തന്നെ അയാൾ ഇരുന്നു. മുഖത്ത്, ഒരു മന്ദഹാസം എനിക്കുവേണ്ടി കരുതിവച്ചിരുന്നു. ഇരുനിറക്കാരനാണ്. നല്ല ഉയരമുണ്ട്. അല്പം പോലും ദുർമേദസ്സില്ല.
പക്ഷേ മുഖത്തിന് ചേരാത്ത ഒരു മീശ.. അയാൾക്ക് അതൊട്ടും വേണ്ടാത്തതാണെന്ന് തോന്നി. ഒരിറക്ക് ചായ കുടിച്ചിട്ട് , അയാൾ മധുരത്തിൻ്റെ രസത്തിൽ അൽപനേരം നുണഞ്ഞിരുന്നു. എന്നിട്ട്, എന്നെ നോക്കി ചിരിച്ചു. ചിരികൾ സത്യത്തിൽ ഒരു ലിറ്റ്മസ് പേപ്പർ പോലെയാണ്. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുമ്പോഴേ അറിയാം അതിൻ്റെ നിറം ഏതാണെന്ന്.
എന്തുകൊണ്ടാണെന്ന് അറിയില്ല അയാളുടെ ചിരിയിൽ ദുരൂഹമായ ഒരു നിറമുണ്ടെന്ന് എനിക്ക് തോന്നി.
കോഫി ഹൗസിൻ്റെ പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. അയാളാവട്ടെ എന്നെത്തന്നെ നോക്കിയിരുന്നു. മുഖത്ത് യാതൊരു അപരിചിതത്വവും ഇല്ല. എനിക്കാണെങ്കിൽ അപരിചിതരുമായി പെട്ടെന്ന് അടുക്കാൻ ബുദ്ധിമുട്ടാണ്. ഭാര്യയ്ക്ക് നേരെ മറിച്ചാണ്. പരിചയം ഇല്ലാത്തവരോട് സംസാരിക്കുമ്പോഴാണ് അവൾ ആകെയൊന്ന് ഉണർന്നെഴുന്നേൽക്കുന്നത്. അവൾ പറയും .
സ്ട്രെയിഞ്ചേഴ്സാവുമ്പോൾ നമുക്ക് ഇല്ലാത്തതും ഉള്ളതുമൊക്കെ വേണ്ടപോലെ മാറ്റിയും മറിച്ചും പറയാമല്ലോ…
മഴ തകർക്കുകയാണ് ..
അയാൾ പറഞ്ഞു.
ഞാൻ ചിരിച്ചു
ഞാനിവിടെ വന്നിരുന്നതിൽ സാറിന് വിഷമം ഉണ്ടോ..?
എന്തിന്..?.
എൻ്റെ ചോദ്യം കേട്ട് അയാൾക്ക് സന്തോഷമായി . ഇളം നീല നിറത്തിൽ കറുത്ത കളം വരച്ച ഒരു ഷർട്ടാണ് അയാൾ ധരിച്ചിരുന്നത്.
ഒരു കാര്യം ചോദിച്ചാൽ വിഷമമാവുമോ..?
പറയൂ..

സാറിനെ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ അടുത്തകാലത്തായിട്ടാണല്ലോ ഇവിടെയൊക്കെ കാണുന്നത്.
നഗരമല്ലേ… എത്ര ആളുകൾ വന്നും പോയുമിരിക്കുന്നു.
ഞാൻ മനസ്സിൽ പറഞ്ഞു.
അയാൾ അപ്പോഴും എന്നിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. എൻ്റെ കണ്ണിലൂടെ അകത്ത് എവിടെയൊക്കെയോ പോയി നോക്കുന്നത് പോലെ.. വല്ലാത്ത സങ്കോചം തോന്നി.
ഇവിടെ ഒറ്റയ്ക്കാണോ താമസിക്കുന്നത്..?
അതേ ….
പക്ഷേ, കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സാറും ഭാര്യയും കൂടി ഈ കോഫീ ഹൗസിൽ വന്നിരുന്നല്ലോ…അന്ന് സാറിൻ്റെ ഭാര്യ ഒരു ചന്ദന നിറത്തിലുള്ള ചുരിദാറായിരുന്നു ഇട്ടിരുന്നത്.
പെട്ടെന്ന്, അടിച്ചുണ്ട് നന്നായൊന്നു പൊള്ളി…!
കാപ്പി ചുണ്ടോട് അടുപ്പിക്കുകയായിരുന്നല്ലോ… ചൂടുണ്ടെന്നുള്ളത് ഞാൻ മറന്നു .
എന്തോ ഒന്ന് മനസ്സിൽ തടഞ്ഞു നിൽക്കുന്നു. എങ്കിലും സൗഹൃദമായി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അതേ… ശരിയാണ്.. ഞങ്ങൾ രണ്ടുപേരും കൂടി ഇവിടെ വന്നിരുന്നു.
അപ്പോൾ അയാൾ ഒരു കാരണവരെപ്പോലെ പറഞ്ഞു.
നിങ്ങൾ ഇരുവരും ഇങ്ങനെ അകന്നു നിൽക്കുന്നത് ശരിയല്ല കേട്ടോ.. ഇത്രയൊക്കെ പഠിച്ചവരല്ലേ..
പൊതുവേ ലജ്ജാശീലനായ മനുഷ്യനാണ് ഞാൻ. അതുകൊണ്ടുതന്നെ പ്രതികരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഞങ്ങൾ അകന്നു നിൽക്കുന്നു എന്ന് എങ്ങനെയാണ് കണ്ടുപിടിച്ചത് ? എങ്ങനെയാണ് ഞങ്ങളുടെ ക്വാളിഫിക്കേഷൻസ് മനസ്സിലായത്? എന്തിനാണ് ഇതൊക്കെ അന്വേഷിച്ച് നടക്കുന്നത്? നിങ്ങൾ വാസ്തവത്തിൽ ആരാണ്?
ഇങ്ങനെ ചോദിക്കാനാണെങ്കിൽ ഒരുപാട് ചോദ്യങ്ങളുണ്ട്.
അവസാനം ഒരു ചോദ്യം മാത്രം ഞാൻ ചോദിച്ചു.
ഞങ്ങളെ രണ്ടുപേരെയും നേരത്തെ പരിചയമുണ്ടോ ?
അയാൾ പക്ഷേ അതിനു മറുപടി പറഞ്ഞില്ല. ആ മുഖത്ത് നോക്കിയപ്പോൾ ഓർമ്മ വന്നത് ഒരു ചതുരംഗപ്പലകയാണ്. അയാൾ ഒരു ചിരി , കാലാളിനെ നീക്കുന്ന പോലെ ഒരു കളം നീക്കി വച്ചു. എന്നിട്ട്, ഇനി നിങ്ങളുടെ മൂവ് എന്ന ഭാവത്തിൽ ഇരുന്നു. അപ്പോൾ വീണ്ടും മഴ അതിശക്തമായി പെയ്യാൻ തുടങ്ങി. കോഫിഹൗസിൻ്റെ മുറ്റം നിറയെ വെള്ളം തളം കെട്ടി. ആകാശം ഒന്നാകെ ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്ന് തോന്നി. കാര്യവട്ടം ക്യാമ്പസിലെ കുട്ടികൾ ഒരു പ്രത്യേക താളത്തിൽ …കുടകൾ ഉള്ളവരും ഇല്ലാത്തവരും കോഫി ഹൗസിലേക്ക് വരുന്നുണ്ടായിരുന്നു. അവരൊക്കെ മറ്റേതോ ലോകത്തു നിന്നാണെന്ന് എനിക്ക് തോന്നി..
അയാളൊഴിച്ച് ബാക്കിയുള്ള എല്ലാ മുഖങ്ങളും.. എല്ലാ നിറങ്ങളും ശക്തമായ മഴയ്ക്കപ്പുറത്തെന്ന പോലെ അവ്യക്തമായിരന്നു..

ക്ഷമയോടെ ഞാൻ വീണ്ടും ചോദിച്ചു.
ഞങ്ങളെ രണ്ടുപേരെയും നേരത്തെ പരിചയമുണ്ടോ ?
ചോദ്യം അയാൾ വീണ്ടും അവഗണിച്ചു.
മദ്രാസിൽ നിന്നും കൗൺസിലിങ്ങിന് വലിയ ഡിഗ്രി എടുത്ത ആളല്ലേ സാറിൻ്റെ ഭാര്യ…? പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ..?
അയാളുടെ നോട്ടം, ചതുരംഗപ്പലകയിലെ വേറൊരു കാലാളിനെ രണ്ട് കളം നീക്കിവെച്ച പോലെയായിരുന്നു. അപ്പോഴേക്കും അയാൾ കോഫി കുടിച്ചു കഴിഞ്ഞിരുന്നു. കോഫി കഴിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന ഒട്ടും ധൃതിയില്ലാത്ത ഭാവങ്ങളും ചലനങ്ങളും, കപ്പിലെ അവസാനത്തെ സിപ്പ് കൂടി ഇറക്കി കഴിഞ്ഞപ്പോൾ പെട്ടെന്ന് മാറി. ആരോ കീ കൊടുത്തതുപോലെ ചാടി എഴുന്നേറ്റ് എന്നോട് യാത്ര പോലും പറയാതെ മഴയുടെ ഉൾക്കാടുകളിലേക്ക് അയാൾ മറഞ്ഞു. കുറച്ചുനേരത്തേക്ക് മനസ്സുനിറയെ ഒരു പുകമറയായിരുന്നു.
രാത്രിയിൽ കിടക്കുന്നതിനു മുമ്പ്, വീണ്ടും ഞാൻ ആ മനുഷ്യനെ കുറിച്ച് ഓർത്തു. എന്തായിരിക്കും അയാളുടെ ലക്ഷ്യം ? ഭാര്യയുടെ കൗൺസിലിംഗ് ഡിഗ്രിയെ കുറിച്ചു വരെ അറിയാവുന്നയാൾ.. എന്നെപ്പോലെ, മര്യാദയ്ക്ക് പത്രം പോലും വായിക്കാത്ത.. ഒന്നിനെക്കുറിച്ചും ഒരു അഭിപ്രായവും ആരോടും പറയാൻ ധൈര്യമില്ലാത്ത.. എതിരെ വരുന്ന ഒന്നിലും.. എന്റെ വാക്കോ നോട്ടമോ ശരീരമോ മുട്ടരുതേ എന്ന് പ്രാർത്ഥിച്ച് ഒഴിഞ്ഞ് മാറി നടക്കുന്നവൻ… എന്തിനാണ് എന്റെ വ്യക്തിപരമായ വിവരങ്ങൾ ഇയാൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് ? തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം തീരെ വരുന്നുണ്ടായിരുന്നില്ല. അങ്ങനെ വീണ്ടും ഞാനെൻ്റെ ഭാര്യയെ കുറിച്ച് ഓർത്തു. അവളുമായിട്ടുള്ള ജീവിതം അലമാരയിൽ ഇരിക്കുന്ന എന്നോ വായിച്ചു കഴിഞ്ഞ, ഒരിക്കൽ കൂടി തുറക്കാൻ ഇഷ്ടമില്ലാത്ത ഒരു പുസ്തകം പോലെയാണ്. പക്ഷേ, ഇന്ന് എന്തോ ആ മനുഷ്യൻ്റെ സംസാരത്തിനു ശേഷം ഞാൻ മാധുരിയെ കുറിച്ച് ഓർത്തു. രണ്ടോ മൂന്നോ മാസം കൂടിയിരിക്കുമ്പോൾ അവൾ ഒരു ദിവസം ഇവിടെ വന്ന് താമസിക്കും. അതും രണ്ടു മുറികളിൽ. ആകെയുള്ളത് വെളുപ്പിനെ അവളെ ട്രെയിനിൽ കയറ്റി വിടാൻ ഒരുമിച്ചുള്ള ഒരു യാത്രയാണ്. പലപ്പോഴും സംസാരം തീരെ ഉണ്ടാവില്ല. പിരിയാൻ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, അടുക്കാൻ
പാലങ്ങളൊന്നും തന്നെയില്ല. ഒരു നിശബ്ദ സിനിമ പോലെ അതങ്ങനെ പോകുന്നതിനിടയ്ക്കാണ് അപരിചിതനായ ആ മനുഷ്യൻ എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.. എപ്പോഴും എൻ്റെ സ്വൈര്യം കെടുത്തിക്കൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കോഫി ഹൗസിൽ പോകുമ്പോഴൊക്കെ ഞാൻ ശ്രദ്ധിക്കും. എന്നാൽ, കുറെ ദിവസത്തേക്ക് അയാളെ പിന്നെ കണ്ടതേയില്ല. ഞാനെവിടെ പോയാലും, ഇപ്പോൾ പണ്ടത്തെ പോലെയല്ല. പഴയ പുസ്തകങ്ങൾ വിൽക്കുന്ന തെരുവിലായാലും ബുക്ക് മാർക്ക് കഫേലായാലും പബ്ലിക് ലൈബ്രറിയിലായാലും ഞാൻ വല്ലാതെ മറ്റുള്ള മനുഷ്യരെ നോക്കി തുടങ്ങി.. ചിലരെ കാണുമ്പോൾ അത് അയാളാണോ എന്ന് പെട്ടെന്ന് സംശയിക്കും. അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും..
ആരെയാണ് ഞാൻ തിരയുന്നത്…?
എന്നാൽ എനിക്കുറപ്പുണ്ട്.

സദാസമയം, എന്നെ ശ്രദ്ധിക്കുന്ന ഏതോ കണ്ണുകളെ ഞാൻ അന്വേഷിക്കുന്നുണ്ട്..
കുറച്ചുനാളത്തേക്ക് അയാളെ കണ്ടതേയില്ല. ജീവിതത്തിൽ പല പ്രശ്നങ്ങളും നമ്മുടെ മുമ്പിലേക്ക് വരികയും ഉദ്ദേശിച്ചത്ര വലിയ പ്രശ്നമല്ല അത് എന്ന് നമ്മൾ തിരിച്ചറിയുകയും ചെയ്യാറുണ്ടല്ലോ… അയാളെ ഞാൻ സാവധാനം
മറക്കാൻ തുടങ്ങിയിരുന്നു. ഒരു സന്ധ്യയ്ക്ക്, പബ്ലിക് ലൈബ്രറിയുടെ മുമ്പിൽ മേഘവിസ്ഫോടനം പോലെ മഴ പെയ്യുകയായിരുന്നു. റഫറൻസിനും മറ്റുമായി വന്ന ഗവേഷണ വിദ്യാർത്ഥികൾ ലൈബ്രറിയുടെ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അയാൾ വന്നത്. ആരാണ് എന്ന് തിരിഞ്ഞുനോക്കാൻ സമ്മതിച്ചില്ല. അതിനു മുമ്പേ തോളത്ത് കയ്യിട്ടു. നിർബന്ധപൂർവ്വം മുന്നോട്ടു നടത്തി. വലിയ ഉത്സാഹത്തോടെ പറഞ്ഞു.
ഇവിടുത്തെ കാൻ്റീനിൽ നല്ല ബജി കിട്ടും. ചൂട് ചായയും ബജിയും ഈ തുമ്പിക്കൈ മഴയും.. നല്ല കോമ്പിനേഷനായിരിക്കും.
ഇടയ്ക്ക് ചെവിയിൽ പറഞ്ഞു.
വല്ലാത്തൊരു ആൽക്കഹോളിക് വെതർ അല്ലേ..??
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
സാറിൻ്റെ ബ്രാൻഡ് കെയ്റോണല്ലേ..? എനിക്കറിയാം.
അത്രയും പറഞ്ഞിട്ട് അയാൾ, ചതുരംഗ കളത്തിൽ വളരെ ശ്രദ്ധിച്ച് ഒരു കരു നീക്കുന്നതുപോലെ ചിരിച്ചു.
വല്ലാത്ത ദേഷ്യമാണ് തോന്നിയത്.. അയാളുടെ കൈ തോളത്തുനിന്ന് തട്ടിമാറ്റി. കുടയിൽ നിന്നും പുറത്തുചാടി.. അപ്പോഴേക്കും ഞാൻ ആകെ നനഞ്ഞു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ടാവാം ആ മനുഷ്യനൊന്നു വിളറി.
നിങ്ങൾ ആരാണ് ഹേ….??
എന്നെക്കൊണ്ട് പറ്റുന്ന അത്ര ഉച്ചത്തിൽ ഞാൻ ചോദിച്ചു.. പക്ഷേ , അയാൾ വീണ്ടും എൻ്റെ ചുമലിൽ കയ്യിടുകയാണ് ചെയ്തത്. അത് ഒരു സൗഹൃദ
ഭാവത്തിലായിരുന്നില്ല. ആ കൈക്കുള്ളിൽ ഇരുമ്പ് കമ്പി ഉണ്ടെന്ന് തോന്നി.
ഹാർട്ട് പ്രോബ്ലംസ് ഒക്കെ ഉള്ള ആളല്ലേ…?
അയാൾ പറഞ്ഞു.
ഞാൻ രൂക്ഷമായൊന്നു നോക്കി..
അത് ശ്രദ്ധിക്കാത്ത പോലെ അയാൾ എന്നെയും കൊണ്ട് മുന്നോട്ട് നടന്നു..
ടെൽമ എയ്ട്ടി അല്ലേ കഴിക്കുന്നത് ?
ഞാൻ കഴിക്കുന്ന മരുന്നിൻ്റെ പേരാണ്.
സർവ്വശക്തിയും ഉപയോഗിച്ച് അയാളെ തള്ളി മാറ്റാൻ ഞാനൊരു ശ്രമം നടത്തി. . പക്ഷേ, ഞാൻ തോറ്റു . അയാളുടെ മുഖത്ത് മസിലുകൾ വല്ലാതെ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.
റംബൂട്ടാൻ കായ്ച്ചു നിൽക്കുന്ന മരത്തിന് വലയിട്ട പോലെ മഴ നഗരത്തെ പൊതിഞ്ഞു കഴിഞ്ഞിരുന്നു. കുറച്ചു നേരത്തേക്ക് അയാൾ ഒന്നും സംസാരിച്ചതേയില്ല. ഗഹനമായി ചിലത് ചിന്തിക്കുകയാണന്നു തോന്നി. ലൈബ്രറിയിലേക്ക് എത്തിയിട്ടും സംസാരിച്ചില്ല. ഒരു പുസ്തകമെടുത്ത് എൻ്റെ അടുത്തു വന്നിരുന്നു. ഞാനും മാസിക ഒന്നെടുത്തു. വായിക്കാനായിരുന്നില്ല. മുഖം ഒളിപ്പിക്കാനുള്ള മൂടിയായിട്ടായിരുന്നു. ചെസ്സ് ബോർഡ് പോലെ ഇരിക്കുന്ന അയാളുടെ മുഖം മാത്രമായിരുന്നു ഞാൻ കണ്ടുകൊണ്ടിരുന്നത്. തലച്ചോറിലോ വയറ്റിലോ എവിടെയൊക്കെയോ കിടന്ന് എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.
എന്നും വരുമോ ഇവിടെ ?
ശബ്ദമടക്കിയുള്ള ചോദ്യം..
വല്ലാത്ത മുഷിപ്പോടെ ഞാൻ തിരിച്ചു ചോദിച്ചു.

നിങ്ങൾക്ക് എൻ്റെ എല്ലാ കാര്യങ്ങളും അറിയാമല്ലോ. പിന്നെന്തിനാണ് ചോദിക്കുന്നത്..?
ശബ്ദമുണ്ടാക്കാതെയുള്ള ഒരു ചിരിയായിരുന്നു മറുപടി… ഇങ്ങനെയുള്ള ചിരികളിലൂടെ അയാൾ സമർത്ഥമായി എന്റെ ഓരോ കരുക്കളും വെട്ടി, കളത്തിന് പുറത്ത് വയ്ക്കുകയായിരുന്നു. ലൈബ്രറിയിലെ പഴയ പുസ്തകങ്ങളുടെ മണവും, പുറത്തെ മഴയും… അതിനിടയിലൂടെ വീണു കിടക്കുന്ന സന്ധ്യയും, പതിവ് വണ്ടിയും ട്രെയിനും ഒക്കെ പോയതിൻ്റെ വെപ്രാളത്തിൽ നിൽക്കുന്ന മനുഷ്യരും ഒക്കെ കൂടി വല്ലാത്തൊരു ഭയം എന്നിൽ ജനിപ്പിച്ചു. എങ്ങനെയും ഈ ചുറ്റുപാടിൽ നിന്നും രക്ഷപ്പെടണം. ഞാൻ ഇറങ്ങി നടക്കാൻ ശ്രമിച്ചു.
ഭയങ്കര മഴയാണ്.
അയാൾ പറഞ്ഞു. അങ്ങനെ ഒരു ശബ്ദം കേട്ടതായി ഞാൻ ഭാവിച്ചില്ല. വീട്ടിലെത്തിയിട്ടും മനസ്സു നിറയെ ആശങ്കകളായിരുന്നു. ഏതോ അജ്ഞാത കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് രണ്ട് കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മഴ നിന്നു. ദൂരെ മലനിരകൾ കാണാമായിരുന്നു. മാധുരി ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ചിന്തിച്ചു . ഒന്നിനും വേണ്ടിയല്ല. ഇങ്ങനെ ഈ ബാൽക്കണിയിൽ നിൽക്കുമ്പോൾ അവൾ കൂടിയുണ്ടായിരുന്നെങ്കിൽ…. കുറേനാൾക്കുശേഷമാണ് ഇങ്ങനെ ഒരു തോന്നൽ.
ഒരു കപ്പ് കാപ്പിയുമായി….
ചിലപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കുമായിരിക്കും. ആ മനുഷ്യനെക്കുറിച്ച് വലിയ ചർച്ചയിൽ ഏർപ്പെടുമായിരിക്കും..
അത്താഴം കഴിക്കാൻ എന്തോ ഇഷ്ടം തോന്നിയില്ല. വന്നു കിടന്നു. അപ്പോഴാണ് ഫോൺ ബെൽ അടിക്കുന്നത് ശ്രദ്ധിച്ചത്. അങ്ങേത്തലയ്ക്കലെ ശബ്ദത്തിൽ നിന്ന് ആളെ മനസ്സിലായി.
ഉറങ്ങിയോ…?
കുറച്ചുനേരത്തേക്ക് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
സാർ എന്നെ ഓർത്ത് വല്ലാണ്ട് ആശങ്കപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.
മറുപടി പറയുന്നതിനു പകരം ഞാൻ അയാൾ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.
മനസ്സ് വിഷമിപ്പിക്കരുത്. ഓവർതിങ്കിംഗ് ഇത്തിരി കൂടുതലാണ് സാറിന് .
അതുകൊണ്ട് പറഞ്ഞതാണ്. അതുപോട്ടെ.. ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ബാങ്കിൽ എഫ്ഡി ഇട്ടിരിക്കുന്ന കാശില്ലേ.. അത് വല്ല മ്യൂച്ച്വൽ ഫണ്ടിലേക്കും മാറ്റിക്കൂടേ…. ഇരുപതു ശതമാനമൊക്കെ കിട്ടുന്ന ഫണ്ടുകളുണ്ട്.
പെട്ടെന്ന് എനിക്ക് വല്ലാത്ത സമാധാനമായി… കക്ഷി എതോ മ്യൂച്ച്വൽ ഫണ്ടിൻ്റെ ഏജൻ്റോ മറ്റോ ആണ്. ഈ സർക്കസ്സൊക്കെ ഇതിനു വേണ്ടിയായിരുന്നു. ഇങ്ങനെയുണ്ട് ചിലർ. കിട്ടാവുന്നത്ര വിവരങ്ങൾ സംഘടിപ്പിച്ചിട്ട് നമ്മളെ സമീപിക്കും. ആശ്വാസമായി. അടുത്ത വാചകങ്ങൾ അയാൾ പറയാൻ പോകുന്നത് ഊഹിക്കാവുന്നതേയുള്ളൂ …
പറയൂ….
ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
ഏതു മ്യൂച്ച്വൽ കമ്പനിയിൽ നിന്നാണ്..?
അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
സാർ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. അങ്ങ് വിചാരിക്കുന്നതു പോലെ ഞാനൊരു ദല്ലാളല്ല.
അത്രയും പറഞ്ഞിട്ട് അയാൾ ഓർത്തോർത്ത് ചിരിക്കാൻ തുടങ്ങി.

ശരിയാണ് . സാറിനെ കുറ്റം പറയില്ല. ഒരുതരത്തിൽ നമ്മളെല്ലാവരും ഒന്നിൻ്റെയല്ലെങ്കിൽ മറ്റൊന്നിൻ്റെ ദല്ലാളന്മാരാണ്.
ഞാൻ മിണ്ടാതെ നിന്നു. അയാൾ ഒട്ടും മര്യാദയില്ലാത്ത പോലെ ഫോൺ കട്ടു ചെയ്തു. ഞാനിനിയും അയാളുടെ ഫോണെടുക്കില്ല എന്നുറപ്പിച്ചു. ഫോൺ നമ്പർ ‘ ബ്ലോക്കു ചെയ്യുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും കാര്യങ്ങൾക്ക് പരിഹാരമുണ്ടായില്ല. മറ്റൊരു നമ്പറിൽ നിന്നാണ് പിന്നീട് വിളി വന്നത്.
ധാരാളം പോൺ സൈറ്റുകൾ സാർ ഇപ്പോൾ കാണാൻ തുടങ്ങിയിട്ടുണ്ട്. തീർച്ചയായും അതു നല്ലതിനല്ല… വലിയ മാനസിക പ്രശ്നങ്ങൾക്ക് അതു വഴി വയ്ക്കും.
എൻ്റെ വയറ്റിൽ നിന്ന് ഒരു പാമ്പ് കുന്തം മറിഞ്ഞ് നെഞ്ചിലേക്ക് വന്നു…!
കണ്ണിൽ ഒരു വെള്ളി മിന്നി…
ഒന്നും പ്രതികരിക്കാൻ കഴിയാതെ ….. ഫോൺ കൈയിലിരുന്നു വിറച്ചു.
അയാൾ പിന്നെയും എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ഞാൻ കടുത്ത അപമാനഭാരത്താലും നിരാശയാലും വിറങ്ങലിച്ചു. . കുട്ടികൾ മൂന്നു പേരും മുതിർന്നവരാണ്. മൂന്നു പെൺകുട്ടികൾ. മൂന്നു പ്രത്യേക രാജ്യങ്ങളായി നിൽക്കുന്നവരാണ്. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകണമെങ്കിൽ വിസ വരെ വേണ്ടി വരുന്ന വലിയ രാജ്യങ്ങൾ . അവർ അറിഞ്ഞാലുണ്ടാകുന്ന യുദ്ധങ്ങൾ …
കുറച്ചു കഴിഞ്ഞ് ഞാൻ ആ നമ്പറിൽ വീണ്ടും വിളിച്ചു. എന്തുകൊണ്ടാണ് അപ്പോൾ അങ്ങനെ ചെയ്തതന്ന് എനിക്കു മനസ്സിലായില്ല.. പക്ഷേ ബെല്ല് നിരന്തരം മുഴങ്ങുന്നതല്ലാതെ ആരും ഫോണെടുത്തില്ല.
ഇത്രയുമൊക്കെയായിട്ടും ആ മനുഷ്യൻ്റെ പേരു പോലും എനിക്കറിയില്ല. ചോദിച്ചിട്ടുമില്ല. പക്ഷേ അയാൾക്ക് എൻ്റെ എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യാം.. എന്തൊരു ദുർബ്ബലനണ് ഞാനെന്നെനിക്കു തോന്നി..
വീണ്ടും വിളിച്ചു.. ഫോൺ ബെല്ലടിച്ചു നിൽക്കുന്നതല്ലാതെ ആരും എടുത്തില്ല.
ഞാൻ വൈഫൈ ഓഫാക്കി. ലോകത്തിൻ്റെ ഉപജാപച്ചരടുകൾ പൊട്ടി. ഫ്ലാറ്റും ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
രാത്രി ഉറങ്ങിയില്ല. നേരം വെളുത്തു തുടങ്ങിയപ്പോൾ പുറത്തിറങ്ങി. തലേന്നത്തെ മഴ നഗരത്തെ ഒരച്ചടക്കമുള്ള കുട്ടിയാക്കിയിരിക്കുന്നു. മൊബൈൽ എടുത്തില്ല. ഒരു പക്ഷേ മൊബൈൽ സ്വന്തമായി ഉണ്ടായതിനു ശേഷം ആദ്യമായാണെന്നു തോന്നുന്നു ഫോണില്ലാതെ പുറത്തിറങ്ങുന്നത്. പാൻ്റ്സിൻ്റെ ഇടത്തെ പോക്കറ്റ് ശൂന്യമായിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കി. കൂട്ടം തെറ്റിയവനെ പോലെയോ വഴിയറിയാത്തവനെ പോലെയോ ഞാൻ വലഞ്ഞു.. ഒരു മനുഷ്യനും എന്നെ കണ്ടെത്താൻ കഴിയില്ലെന്ന ഭയം … അപ്പോഴാണ്, ഒരു കാർ അടുത്തു വന്ന് നിന്നത്.. തിരിഞ്ഞു നോക്കിയത് ഡ്രൈവർ സീറ്റിലിരിക്കുന്ന അയാളുടെ മുഖത്തേക്കാണ്.
ഇന്നലെ ഉറക്കം തീരെ കിട്ടിയില്ലന്നു തോന്നുന്നു…?
അതു കേട്ടതും, ഞാൻ ജോഗിംഗ് ചെയ്യുന്ന ആളെപ്പോലെ ഓടാൻ തുടങ്ങി. പിന്നിൽ നിന്ന് അയാളുടെ ചിരി ഒരു തെരുവുപട്ടിയെ പോലെ എൻ്റെ പിന്നാലെ വന്നു കൊണ്ടിരുന്നു.
പോലീസിൽ അറിയിച്ചാലോ എന്നൊരു ചിന്ത എനിക്കുണ്ടായി. പെട്ടെന്ന് തന്നെ അതു വേണ്ടന്ന് തീരുമാനിച്ചു. അശ്ലീല ചിത്രങ്ങൾ ഞാൻ കാണുന്നു എന്നൊക്കെ അയാൾ പറഞ്ഞു പിടിപ്പിച്ചാലോ …
വേണ്ട … അതു വേണ്ട..
എനിക്കിവിടെ സുഹൃത്തുക്കളായി ആരും തന്നെയില്ല. അതു കൊണ്ടു തന്നെ ഈ വിഷമങ്ങളൊക്കെ ഉള്ളിലിട്ട് ജീവിക്കുകയാണ്. പെട്ടെന്ന്… മനസ്സിൽ തോന്നിയ ഉപായമാണ് ഒരു യാത്ര… അങ്ങനെയൊന്നു തരപ്പെടുത്തിയാലോ ?. പത്തു പതിനഞ്ചു ദിവസം മാറി നിൽക്കാം. മൊബൈലൊക്കെ ഓഫ് ചെയ്ത് ഒരു യാത്ര. അതിനെക്കുറിച്ച് ഓർത്തപ്പോഴേ എവിടെ നിന്നെന്നറിയില്ല.. വല്ലാത്ത ധൈര്യം തോന്നി. നഗരത്തിലെ തന്നെ മുന്തിയ ട്രാവൽ ഏജൻസിയെ പോയി കണ്ടു. ചെന്ന് അങ്ങോട്ടിരുന്നില്ല.. അതിനു മുമ്പേ പത്തു പതിനഞ്ച് പായ്ക്കേജുകൾ മുമ്പിലേക്കു വന്നു.
ഇവരുടെ പായ്ക്കേജുകളിൽ ഏറ്റവും നല്ലത് ബാലി ട്രിപ്പാണ്.
പിന്നിൽ നിന്ന് ആരോ അപ്പോൾ പറഞ്ഞു. ആരോ അല്ല.
അയാൾ..!
ആ ശബ്ദം…
ഞാൻ തിരിഞ്ഞുനോക്കിയില്ല. ആരോടും ഒന്നും പറയാതെ പുറത്തിറങ്ങി. റിസപ്ഷനിൽ ഇരുന്ന കുട്ടിയുടെ സാർ… സാർ… വിളികൾ കേട്ടില്ലെന്നു നടിച്ചു.
പുറത്ത് മഴ ശമിച്ചു നിൽക്കുകയാണ്. തെരുവുകളിൽ വെള്ളവും മാലിന്യവും വാഹനങ്ങളും അടിഞ്ഞു കൂടിക്കിടന്നു. വേഗം നടന്നു. പക്ഷേ, അപ്പോഴേക്കും അയാൾ കൂടെ എത്തി.
നമുക്ക് ഇന്ദ്രപ്രസ്ഥയിലേക്ക് കയറിയാലോ ?
അയാൾ പറഞ്ഞു.
ഈ തണുപ്പിന് രണ്ടെണ്ണം അകത്തുചെല്ലണം. അതു മാത്രമല്ല. നമ്മൾ ഇതുവരെ അങ്ങനെയൊന്നിരുന്നിട്ടുമില്ലല്ലോ..
ഞാൻ അയാളോടൊപ്പം നടന്നു എന്നു പറയാനാവില്ല. അയാൾ എന്നെ ബലമായി നടത്തിക്കുകയായിരുന്നു.
ഇന്ദ്രപ്രസ്ഥയിൽ തിരക്കുണ്ടായിരുന്നു.
അയാൾ എനിക്കിഷ്ടപ്പെട്ട ബ്രാൻ്റ് ഓർഡർ ചെയ്തു.
ഞാൻ കടുത്ത നീരസത്തോടെ ചോദിച്ചു..
നോക്കൂ.. എന്തിനാണ് നിങ്ങൾ എൻ്റെ പിന്നാലെ കൂടിയിരിക്കുന്നത്..?
യാതൊരു ബലവുമില്ലാത്ത ഒരു ചോദ്യമായിരുന്നു അത്. കൈകൾ കൂട്ടിത്തിരുമ്മി അയാൾ, ഓർഡർ ചെയ്തത് വരാനായി കാത്തിരുന്നു. ആ മുഖത്തെ ചിരി വീണ്ടും ചതുരംഗ കരുക്കൾ നീക്കുന്നതു പോലെ തന്നെയായിരുന്നു. അയാളുടെ മുമ്പിൽ അങ്ങനെയിരിക്കുമ്പോൾ എൻ്റെ കളങ്ങൾ ഏതാണ്ടൊക്കെ ഒഴിഞ്ഞതു പോലെയും അയാളുടെ കരുക്കൾ മൂർച്ച കൂടിയ ആയുധങ്ങളായി എൻ്റെ നേരെ ഉന്നം വച്ചു നിൽക്കുന്നതായും തോന്നി. തോൽക്കാൻ പോകുന്നവൻ്റെ തളർച്ച എന്നെ ബാധിച്ചു.
വല്ലാത്ത ദാഹമുള്ളവനെ പോലെയായിരുന്നു അയാൾ മദ്യം കഴിച്ചത്. ശരീരമെടുത്തൊന്നു കുടഞ്ഞിട്ട് പറയാൻ തുടങ്ങി.
സാർ.. സാറിൻ്റെ ഭാര്യയുടെ പേര് മാധുരി എന്നല്ലേ…?
ഞാൻ പ്രതികരിച്ചില്ല.
സാർ ഭാഗ്യം ചെയ്തയാളാണ്…
ഒരു ദീർഘനിശ്വാസത്തിനു ശേഷം അയാൾ പറഞ്ഞു.
അങ്ങനെ പറഞ്ഞതുകൊണ്ടു മാത്രം ഞാൻ തിരിച്ചു ചോദിച്ചു.
ഭാഗ്യമോ… എനിക്കോ ..?
മാധുരി.
അയാൾ ആ പേര് ഒന്നുകൂടി പറഞ്ഞു.. എന്നിട്ട് ഊറി ചിരിക്കാൻ തുടങ്ങി.

ഇതെങ്ങനെ സാധിച്ചു സാർ…?
എന്നിട്ട് ഇന്ദ്രപ്രസ്ഥത്തിലെ മറ്റുള്ളവർ കേൾക്കരുത് എന്ന ഭാവത്തിൽ പറഞ്ഞു.
ഭാര്യയുടെ പേരും മാധുരി. കാമുകിയുടെ പേരും മാധുരി. എവിടെ നിന്നു വേണേലും മാധുരിയോടു സംസാരിക്കാം. ഹോട്ടലിൽ മുറിയെടുക്കാം. ആരെങ്കിലും വിവരങ്ങൾ അന്വേഷിച്ചു വന്നാലും കുഴപ്പമില്ല. ഡോക്കുമെൻ്റേഷനൊക്കെ കറക്ട് .
സൂക്ഷം എൻ്റെ നെഞ്ചിൻകൂടിൻ്റെ ഒത്ത നടുക്ക് അപ്പോൾ ഒരു ഭൂകമ്പം ഉണ്ടായി…! എൻ്റെ കണ്ണുകൾക്ക് മുമ്പിൽ കറുത്ത തിരശ്ശീല വീണു….!
സാർ വിഷമിക്കണ്ട. ഞാനിതൊന്നും ആരോടും പറയാനൊന്നും പോകുന്നില്ല.
ചെറുതായിക്കൊണ്ടിരുന്ന എൻ്റെ മുഖത്തിന് നേരെ അയാളുടെ ഒരു ചിരി വന്നു നിന്നു.
ചെക്ക് ..
ചതുരംഗക്കളിയിലെ അവസാനത്തെ വാക്ക് .
ബാറിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴും മഴയുണ്ടായിരുന്നു. അയാൾ പിന്നാലെ വന്നില്ല. ഞാൻ തിരിഞ്ഞു നോക്കി. ഇന്ദ്രപ്രസ്ഥയുടെ പടിവാതിക്കൽ അയാൾ നിൽക്കുന്നുണ്ട്. എന്നെത്തന്നെ കൗതുകത്തോടെ നോക്കുകയാണ്. .
ഞാൻ വേഗം നടന്നു. ആകെ നനഞ്ഞു… കാറ്റടിക്കുമ്പോൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
പിന്നിൽ അയാളുടെ ശബ്ദം..
സാർ… എന്തിനാണിങ്ങനെ നനയുന്നത്..? വെറുതെ മനസ്സു വിഷമിപ്പിക്കുകയാണ്.
മധുരിയുടെ കാര്യം ഞാൻ … അല്ല അതു മാത്രമല്ല… സാറിൻ്റെ ഒരു കാര്യവും ഈ നാവീന്ന് മറ്റൊരാൾ അറിയില്ല.
അയാൾ എന്നെ അനുനയിപ്പിച്ച് കുടയിൽ കയറ്റാൻ ഒരു ശ്രമം നടത്തി. പക്ഷേ, ഇത്തവണ വിജയം എനിക്കായിരുന്നു. ഞാൻ അയാളുടെ പിടി വിടുവിച്ച് മഴയത്തു കൂടി നടന്നു.
അല്പദൂരം കഴിഞ്ഞപ്പോൾ വഴി രണ്ടായി പിരിഞ്ഞു. ഒരു വഴി കുത്തനെ താഴേക്കാണ്. എനിക്ക് പോകേണ്ടത് നേരെയുള്ള വഴിയിലൂടെയും. കയറ്റമായതുകൊണ്ട് മുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചു വന്നു..
കൈയിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
സാർ ഞാൻ വീണ്ടും പറയുന്നു. ഒന്നും ആരും അറിയില്ല. ഇനി മുതൽ ഞാൻ മുമ്പേ നടക്കാം. സാറ് എൻ്റെ പിന്നാലെ വന്നുകൊള്ളുക.
ഞാൻ നടത്തം നിർത്തി.
നിങ്ങൾ എന്താണിപ്പോൾ പറഞ്ഞത് ..?
അതെ .. ഒന്നും പുറത്തറിയരുത്. അതല്ലേ ആവശ്യം ..? ഏറ്റു. ..
പക്ഷേ, വളച്ചു കെട്ടില്ലാതെ പറയാം.. നിങ്ങൾക്കിനി പോകാനുള്ള വഴി ഞാൻ കാണിച്ചു തരാം. പിന്നാലെ പോരൂ…
അയാളുടെ ശബ്ദത്തിൽ ഒരു യജമാനൻ്റെ ഭാവം. നേരത്തെ കണ്ട വിനയമൊക്കെ പൊടുന്നനെ മാറിയിരിക്കുന്നു.
ഇന്നു മുതൽ ഞങ്ങളുടെ ആളാണ് നിങ്ങൾ. ഞങ്ങൾക്ക്… അല്ല നമ്മൾക്ക് സ്വന്തമായി ഒരു കോളനിയുണ്ട്. സ്വന്തമായി നിറമുണ്ട്. രക്തമുണ്ട്. കൊടിയുണ്ട് ..യൂണിഫോമുണ്ട്. പുസ്തകങ്ങളുണ്ട്.
നമ്മുടെ കൂട്ടർ താഴെ കാത്തു നിൽക്കുന്നുണ്ട് .
ഞാൻ അയാളെ തുറിച്ചു നോക്കി.
മാധുരിമാർ സുഖമായിരിക്കട്ടേ…
അയാൾ ഉറക്കെ ചിരിച്ചു..
നിങ്ങൾക്ക് എൻ്റെ പിന്നാലെ വരാം…
എന്നാൽ, അയാൾ തിരിഞ്ഞു നോക്കുകയോ ഒരു പ്രാവശ്യം കൂടി പിന്നാലെ വരാൻ നിർബന്ധിക്കുകയോ ചെയ്തില്ല. വാർ ക്രൈ പോലെ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇരുട്ടിനും മഴയ്ക്കുമിടയിലേക്ക് നടന്നു. ഞാൻ ആ മുനമ്പിൽത്തന്നെ നിന്നു. എന്തു ചെയ്യണമെന്ന് ഒരു രൂപവുമുണ്ടായില്ല. താഴേക്കുള്ള വഴിയിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് ഞാൻ ചുഴിഞ്ഞു നോക്കി. എവിടെ നിന്നോ പാളി വീണു കിടന്ന വെളിച്ചത്തിൽ മഴ വാൾത്തലകൾ പോലെ തിളങ്ങി.
അതോ .. അതൊക്കെ ശരിക്കും വാൾത്തലകൾ തന്നെയാണോ..?
ഞാൻ താഴേക്കുള്ള വഴിയിലേക്കിറങ്ങി. ആരെങ്കിലും കാണുന്നുണ്ടോ എന്നു ചുറ്റും നോക്കി. എന്നിട്ട് അയാളോടൊപ്പം എത്താൻ അതിവേഗം നടന്നു.
***
ഡിസി സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തിൽ സമ്മാനർഹമായ ‘ഡയാസ്പൊറ’യുടെ കർത്താവാണ് സുരേഷ് കുമാർ വി .ഡി.സി ബാലസാഹിത്യ നോവൽ മത്സര(2024)ത്തിൽ സമ്മാനം നേടിയ ‘സുബേദാർ ചന്ദ്രനാഥ് റോയ്’ എഴുതിയ സുരേഷ് കുമാർ ‘യഹൂദൻ’,’ഉറങ്ങുന്നവരുടെ ആംബുലൻസ്’ എന്നീ ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആലപ്പുഴ തകഴി സ്വദേശിയായ ഇദ്ദേഹം എസ്ബിഐ ലൈഫ് റീജിയണൽ മാനേജർ ആയിരുന്നു.






