എസ് ജയചന്ദ്രൻ നായർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും ജനുവരി രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ
തിരുവനന്തപുരം:’കലാകൗമുദി’,’സമകാലിക മലയാളം’ വാരികകളുടെ പത്രാധിപർ ആയിരുന്ന എസ് ജയചന്ദ്രൻ നായരുടെ പേരിലുള്ള ആദ്യ പുരസ്കാരം ‘കലാകൗമുദി’ പത്രാധിപർ ആയിരുന്ന എൻ ആർ എസ് ബാബുവിന്.പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

എൻ ആർ എസ് ബാബു
പത്രാധിപരും സാഹിത്യകാരനും ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായിരുന്ന എസ് ജയചന്ദ്രൻ നായർ വിടവാങ്ങിയിട്ട് ഒരു വർഷമാകുന്ന ജനുവരി രണ്ടിന്പ്രസ്ക്ലബ്ബിലെ ടി എൻ ജി സ്മാരക ഹാളിൽ പ്രഥമ എസ് ജയചന്ദ്രൻ നായർ സ്മാരക പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും നടക്കുമെന്ന്എസ് ജയചന്ദ്രൻ നായർ സ്മാരക സമിതിക്ക് വേണ്ടി സി അനൂപും നാരായണ ഭട്ടതിരിയും അറിയിച്ചു.
എംഎസ് മണി എഡിറ്ററായി അരനൂറ്റാണ്ടുമുമ്പ് ‘കലാകൗമുദി’ ആരംഭിച്ചപ്പോൾ എസ് ജയചന്ദ്രൻ നായരും എൻ ആർ എസ് ബാബുവും ആയിരുന്നു സഹപത്രാധിപൻമാർ.’കേരളകൗമുദി’യിൽ പ്രവർത്തിക്കവേ ആയിരുന്നു മൂവരും ‘കലാകൗമുദി’യിലെത്തിയത്.പിന്നീട് ,എൻ ആർ എസ് ബാബു ‘കേരളകൗമുദി’യിലേക്ക് തിരിച്ചുപോയി തിരുവനന്തപുരം ബ്യൂറോ ചീഫും അസിസ്റ്റൻ്റ് എഡിറ്ററുമായി.എസ് ജയചന്ദ്രൻ നായർ ‘സമകാലിക മലയാളം’ വാരികയുടെ പ്രഥമ എഡിറ്ററായപ്പോൾ എൻ ആർ എസ് ബാബു വീണ്ടും ‘കലാകൗമുദി’യിൽ എഡിറ്ററായി തിരിച്ചെത്തി.

പ്രമുഖ ചിത്രകാരൻ ബി ഡി ദത്തൻ,എസ് ജയചന്ദ്രൻ നായർ പുരസ്കാരം സമർപ്പിക്കും.മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ പ്രഥമ ജയചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ വിശകലനം ചെയ്തു കൊണ്ട് കേരള രാഷ്ട്രീയം പുതിയ വഴിത്തിരിവുകൾ എന്ന വിഷയത്തിലാണ് പ്രഥമ എസ് ജയചന്ദ്രൻ നായർ സ്മാരക പ്രഭാഷണം.

പി എം ബിനുകുമാർ എഡിറ്റ് ചെയ്ത ‘എസ്. ജയചന്ദ്രൻ നായർ ഒരു പത്രപ്രവർത്തകൻ്റെ അനുഭവക്കുറിപ്പുകളും ഓർമ്മകളും’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.






