വീയപുരം ചുണ്ടന്‍ സിബിഎല്‍ അഞ്ചാം സീസണ്‍ ചാമ്പ്യന്‍

അവസാന മത്സരമായ കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയില്‍ നിരണം ചുണ്ടന്‍ ജേതാക്കൾ
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിന്‍റെ കലാശക്കൊട്ടിനൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാരായി.

എന്നാല്‍ അവസാന മത്സരമായ കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയില്‍ വീയപുരത്തെ വീഴ്ത്തി നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ (03:36:548 മിനിറ്റ്) ജേതാക്കളായി. പതിനൊന്നില്‍ ഒമ്പത് കളിയും വിജയിച്ച് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി വീയപുരം നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചിരുന്നു.അഷ്ടമുടിക്കായലിലെ നെട്ടായത്തില്‍ നേരിയ വളവുള്ളതിനാല്‍ ഫൈനല്‍ മത്സരത്തിലെ ആദ്യത്തെ ലീഡ് നില നേരിട്ടുള്ള കാഴ്ചയില്‍ ദൃശ്യമായിരുന്നില്ല. എന്നാല്‍ ടിവി സ്ക്രീനിലെ ദൃശ്യങ്ങളില്‍ നിന്നാണ് മത്സരത്തിന്‍റെ കാഠിന്യം വ്യക്തമായത്. അവസാന ലാപ്പ് വരെ മേല്‍പ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), വീയപുരം, നിരണം എന്നീ മൂന്നു വള്ളങ്ങളും ഒപ്പത്തിനൊപ്പം. അവസാന ലാപ്പില്‍ അടനയമ്പ് കുത്തിമറിച്ച് നിരണം ഇരച്ചെത്തിയപ്പോള്‍ വീയപുരത്തിനും മേല്‍പ്പാടത്തിനും തുഴ തെറ്റി. വീയപുരം (03:37:826 മിനിറ്റ്) രണ്ടും മേല്‍പ്പാടം (03:40:233 മിനിറ്റ്) മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.
കൈനകരി, താഴത്തങ്ങാടി, പിറവം, കോട്ടപ്പുറം, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കല്ലട എന്നീ മത്സരങ്ങളില്‍ ട്രിപ്പിള്‍ ഹാട്രിക് നേടിയാണ് വീയപുരം എന്ന ആരാധകരുടെ ‘വീരു’ അഞ്ചാംസീസണ്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ നാല് സീസണിലും ചാമ്പ്യനായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ ഇക്കുറി ഒരിടത്തു പോലും മുന്നില്‍ കയറാന്‍ വീയപുരം വിട്ടില്ലെന്നത് പോരാട്ട വീര്യം വെളിവാക്കുന്നു. ചാമ്പ്യന്‍ഷിപ്പ് തുകയായ 25 ലക്ഷം രൂപയും സിബിഎല്‍ ട്രോഫിയും വീയപുരം ചുണ്ടന് വേണ്ടി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.
അടുത്ത സീസണിലേക്കുള്ള സൂചന നിലനിറുത്തിയാണ് നിരണം ചുണ്ടന്‍ പ്രസിഡന്‍റ്സ് ട്രോഫിയില്‍ അഷ്ടമുടിക്കായലിലെ നെട്ടായത്തിലിറങ്ങിയത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ അജയ്യരായ വീയപുരത്തിനെ അട്ടിമറിച്ച് ചാമ്പ്യന്‍മാരായത് കേവലം ഭാഗ്യം കൊണ്ടല്ലെന്ന് നിരണം തെളിയിക്കുകയായിരുന്നു. ആദ്യത്തെ ആറ് മത്സരങ്ങളില്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനത്തായി പോയതിന്‍റെ ക്ഷീണം അവര്‍ക്ക് അവസാനമത്സരങ്ങളില്‍ കാര്യമായി ബാധിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരു ടീം ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ ജലരാജാക്കന്‍മാരെ വീഴ്ത്തുന്നത് വള്ളംകളിയ്ക്ക് ഇതരജില്ലകളില്‍ ലഭിക്കുന്ന പൊതു സ്വീകാര്യത കാണിക്കുന്നു.
എം മുകേഷ് എം എല്‍ എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി പ്രസിഡന്‍റ്സ് ട്രോഫി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. എം.എല്‍.എഎന്‍. നൗഷാദ്, കൊല്ലം മേയര്‍ എം കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. ആര്‍. ലതാ ദേവി, കൊല്ലം ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍, ജില്ലാകളക്ടര്‍ എന്‍ ദേവീദാസ്, കേരളാ ടൂറിസം അഡി. ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യാ സുരേഷ് ,ഡെ.കളക്ടര്‍ രാകേഷ് കുമാര്‍, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ അന്‍സാര്‍ കെഎഎസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഷാനവാസ് ഖാന്‍ എ. ആര്‍, ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലൂബ്)നാല്, നടുവിലേപറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്), അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കൊല്ലത്തെ സ്ഥാനങ്ങള്‍.പതിനൊന്ന് മത്സരങ്ങള്‍ പിന്നിട്ട് സിബിഎല്‍ കൊടിയിറങ്ങുമ്പോള്‍ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന്‍ 108 പോയിന്‍റുമായി ഒന്നാം സ്ഥാനത്തും. 92 പോയിന്‍റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്തും. 86 പോയിന്‍റുമായി നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി.
നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലൂബ്)നാല്, നടുവിലേപറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്), അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് സിബിഎല്ലിലെ പോയിന്‍റ് അടിസ്ഥാനമാക്കിയുള്ള അവസാന നില.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. ഇതിനു പുറമേ ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. കൂടാതെ ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നല്‍കി.
കേരള ടൂറിസത്തിന്‍റെ ഏറ്റവും ജനപ്രിയതയുള്ള ഇനമായി കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സിബിഎല്‍ വളര്‍ന്നു കഴിഞ്ഞുവെന്നതിന്‍റെ തെളിവായിരുന്നു പതിനൊന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ ഇരച്ചെത്തിയ ജനക്കൂട്ടം. ചെറുവള്ളങ്ങളെ ഉള്‍പ്പെടുത്തി സിബിഎല്‍ കാസര്‍കോഡ്, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ഫറോക്ക് എന്നിവിടങ്ങളില്‍ നടത്തി. ജലപങ്കാളിത്തത്തില്‍ ആലപ്പുഴയുടെ ആവേശത്തോട് കിടപിടിക്കുന്ന ജനസഞ്ചയമായിരുന്നു മലബാറിലെ മത്സരങ്ങളിലും കണ്ടത്.






