ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

‘മുന്നോട്ടെടുത്ത രഥം അപ്രതീക്ഷിതമായി നിൽക്കുകയായിരുന്നു.ഒന്ന് പിന്നിലേക്ക് ഉരുട്ടി… വീണ്ടും മുന്നോട്ടെടുക്കുന്ന ആ നിമിഷത്തിൽ,ആ തേര് നേരെ അദ്ദേഹത്തിന്‍റെ അഭിമുഖമായി വന്നു നിന്നു.’-ലക്ഷ്മി രാജീവ് ,രഘുറായിയെ ഓർക്കുന്നു
തിരുവനന്തപുരം:ഇന്ത്യയിലെ എക്കാലത്തെയും തലപ്പൊക്കമുള്ള ഫോട്ടോഗ്രാഫർമാരിലൊരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച രഘുറായ്. അപ്രതീക്ഷിതമായി രഘുറായിയുടെ സ്നേഹസ്പർശം ഹൃദ്യമായ ബന്ധത്തിലേക്ക് വളർന്ന അനുഭവം കണ്ണീരോടെ ഓർത്തെടുക്കുകയാണ് എഴുത്തുകാരിയുംസൌന്ദര്യ സംവർധക സംരംഭക ബ്രാൻഡായ ‘ഇല’യുടെ ഉടമയുമായ ലക്ഷ്മി രാജീവ്.

രഘുറായിയോടൊപ്പം ലക്ഷ്മി രാജീവ്
ലക്ഷ്മി രാജീവ് ഫെയ്സ് ബുക്കിൽ കുറിച്ചത് വായിക്കാം:
‘അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ച ആയിരുന്നു ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന Raghu Rai.
അന്ന് ഞാൻ സ്കൂളിൽ പഠിക്കുകയായിരുന്നു. വൈകുന്നേരം കളികൾക്കിടെ മുറ്റത്ത് ഞങ്ങളെ നോക്കി ഇരിക്കുന്ന അച്ഛന്‍റെ മടിയിൽ ഇടയ്ക്കിടെ പോയി ഇരിക്കും. മഴ ആയിരുന്നു. അച്ഛൻ ഒരു പുസ്തകം മറിച്ചു നോക്കുന്നു — Illustrated Weekly ആയിരുന്നു എന്നാണ് ഓർമ്മ. അതിൽ ഒരു ചിത്രം. Indira Gandhiയുടെ അവസാന ചിത്രങ്ങൾ എടുത്ത ആളെന്ന് അച്ഛൻ പറഞ്ഞു.
“ഇതാണ് രഘു റായ്. ബോംബെയിലുള്ള വലിയ ഫോട്ടോഗ്രാഫർ. മോളുടെ കല്യാണത്തിന് നമുക്ക് വിളിക്കാം.”
ഞാൻ ചിരിച്ചു കൊണ്ട് ഓടി പോയി. നാട്ടിൻപുറത്തെ ഒരു പാവം മനുഷ്യൻ എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടിരുന്നു… പക്ഷേ ആ പേര് എന്‍റെ മനസ്സിൽ കിടന്നു. പിന്നെ നിരവധി തവണ ഞാൻ ആ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ പേപ്പറിൽ കണ്ടിരുന്നു Rajiv Gandhiയുടെ ചിത്രങ്ങൾ, Mother Teresaയുടെ അപൂർവ നിമിഷങ്ങൾ, Bhopal disasterയുടെ ഭീകരമുഖം ലോകത്തിനു കാണിച്ച ഫ്രെയിമുകൾ.
വർഷങ്ങൾക്ക് ശേഷം നിയോഗി ബുക്ക്സിൽ ജോലി ചെയ്യുന്ന സമയം, രഘു റായിയുടെ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിനായി എത്തി. വലിയ പ്രതീക്ഷയോടെ അദ്ദേഹത്തിന്‍റെ നമ്പർ കിട്ടുമോ എന്ന് ഞാൻ ചോദിച്ചു. കിട്ടിയില്ല.
പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ചരിത്രത്തോടും ഫോട്ടോഗ്രഫിയോടും കൂടുതൽ അടുപ്പം വന്ന കാലം. വെറുതെ ഒരു ഇമെയിൽ ഞാൻ അദ്ദേഹത്തിന് എഴുതി ബാല്യകാല ആരാധനയും അച്ഛന്‍റെ ഓർമ്മകളും ചേർത്ത്.
അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് അമിത് ചൗഹാൻ്റെ കോൾ.
“രഘു റായിക്ക് നിങ്ങളോട് സംസാരിക്കണം.”
ഞാൻ പേടിച്ച് കോൾ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. പരിഭ്രമത്തോടെ ഞാൻ സംസാരിച്ചു.
“നിങ്ങൾക്ക് എന്താണ് വേണ്ടത്?”
“തിരുവനന്തപുരത്തെക്കുറിച്ച് ഒരു ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു… നിങ്ങൾ ഒരുദിവസം വരികയാണെങ്കിൽ എടുത്ത ഫോട്ടോകളിൽ ഒരെണ്ണം എനിക്ക് കിട്ടിയാൽ അത് കവർ ഇമേജ് ആക്കണം…” — എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.
“ഞാൻ വരാം,” അദ്ദേഹം പൊട്ടിച്ചിരിച്ചു.
“രഘു റായ് മകളോടൊപ്പം ഒരു ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അച്ഛനോട് പറയൂ. വിവാഹത്തിന് ക്ഷണിച്ചില്ലല്ലോ…”അച്ഛൻ ഇപ്പോഴില്ല , എന്‍റെ ശബ്ദം ഇടറി. സാരമില്ല, മകൾ രഘു റായ് യുടെ കൂടെ വർക്ക് ചെയ്യുന്നത് അറിയും.
സന്ധ്യയായിരുന്നെങ്കിലും, വീട്ടിൽ ലൈറ്റ് ഇടാൻ പോലും മറന്ന് ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു.
ആ രാത്രി ഞാൻ വീണ്ടും അദ്ദേഹത്തിന് മെയിൽ അയച്ചു “താങ്കൾ വരികയാണെങ്കിൽ എത്ര രൂപ ചിലവാകും… അത് എനിക്ക് നൽകാൻ കഴിയില്ലെന്ന് തോന്നുന്നു…”
അടുത്ത ദിവസം വീണ്ടും കോൾ.
“പൈസയെക്കുറിച്ച് വിഷമിക്കേണ്ട. ഞാൻ വരുന്നു എന്ന് സർക്കാർ അറിയിച്ചാൽ അവർ സ്പോൺസർ ചെയ്യും,” വീണ്ടും ആ ചിരി.
എന്റെ ജീവിതം തന്നെ മാറ്റിമറിച്ച രണ്ട് വർഷങ്ങൾ… തിരുവനന്തപുരം പുസ്തകം തീരാറാകുമ്പോൾ അദ്ദേഹം ചോദിച്ചു — “നമുക്ക് തിരുപ്പതി ബുക്ക് ചെയ്യാം, വരൂ.”
തിരുപ്പതി ബുക്ക് ചെയ്യുമ്പോഴാണ് “കമ്മിറ്റ്മെന്റ്” എന്ന വാക്കിന്‍റെ അർത്ഥം ഞാൻ ശരിയായി മനസ്സിലാക്കിയത്.
രണ്ട് രാവും പകലും ഞങ്ങൾ തുടർച്ചയായി ഷൂട്ട് ചെയ്തു — Brahmotsavam.
Raghu Raiയുടെ കൂടെ പോയതുകൊണ്ട്, ലക്ഷങ്ങൾ വന്നു ചേരുന്ന ആ ബ്രഹ്മോത്സവത്തിൽ വിഗ്രഹത്തിനു വളരെ അടുത്ത് നിന്ന് ഷൂട്ട് ചെയ്യാൻ എനിക്ക് സാധിച്ചു.
പ്രോസഷൻ തുടങ്ങുമ്പോൾ,
“എട് കൊണ്ടലവാഡ വെങ്കടരമണാ ഗോവിന്ദാ…”
എന്ന് മൈക്കിലൂടെ പ്രഖ്യാപനം നടത്തുകയായിരുന്ന ആളു, അപ്രതീക്ഷിതമായി മൈക്ക് എന്‍റെ നേരെ നീട്ടി.
ആ നിമിഷത്തിൽ, ആ കുന്നുകൾ മുഴുവൻ കേൾക്കുന്ന രീതിയിൽ ഞാൻ ആ വിളി ആവർത്തിച്ചു.
ജീവിതം മുഴുവൻ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു അനുഭവമായി അത് മാറി.
അദ്ദേഹം ദൈവവിശ്വാസി ആയിരുന്നില്ല. ക്യാമറ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ദൈവം.
എന്നാൽ തിരുപ്പതിയിൽ ഷൂട്ട് ചെയ്യുന്ന അവസാന ദിവസം — വൈകുണ്ഠ ദർശനത്തിന്‍റെ എഴുന്നള്ളിയ തേര് ഞങ്ങളെ കടന്നു പോയി. തിരക്കിനിടെ ആ ചിത്രം ഞങ്ങൾക്ക് വേണ്ട ആംഗിളിൽ കിട്ടിയില്ല.
അൽപ്പം നിരാശയോടെ രഘു റായ് ക്യാമറ റീവൈൻഡ് ചെയ്തു നോക്കി.അപ്പോൾ, മുന്നോട്ടെടുത്ത രഥം അപ്രതീക്ഷിതമായി നിൽക്കുകയായിരുന്നു.
ഒന്ന് പിന്നിലേക്ക് ഉരുട്ടി… വീണ്ടും മുന്നോട്ടെടുക്കുന്ന ആ നിമിഷത്തിൽ,
ആ തേര് നേരെ അദ്ദേഹത്തിന്‍റെ അഭിമുഖമായി വന്നു നിന്നു.
ജനക്കൂട്ടം മുഴുവൻ മുന്നോട്ടൊഴുകി മാറി.
തലയിൽ ഉണ്ടായിരുന്ന തൊപ്പി ഊരി, ഒന്ന് തലകുനിച്ച്
ആ ഫ്രെയിം അദ്ദേഹം എടുത്തു.
“Thank you, Govinda…”
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അടുത്ത നിമിഷം, രഥം വീണ്ടും മുന്നോട്ടാഞ്ഞു.
അതിന് ശേഷം കേരളം, ശബരിമല… രണ്ട് പ്രോജക്ടുകൾ കൂടി തുടങ്ങി. അതിനിടയിൽ കൊവിഡ്. ആ രണ്ട് പുസ്തകങ്ങളുടെ ഡ്രാഫ്റ്റും ചിത്രങ്ങളും ഇന്നും എന്‍റെ പക്കൽ ഉണ്ട്.
അവസാന യാത്രയ്ക്ക് അദ്ദേഹത്തെ യാത്രയാക്കാൻ ഞാൻ എയർപോർട്ടിൽ പോയി. കണ്ണ് നിറഞ്ഞു.
“സർ, എത്ര വലിയ അംഗീകാരമാണ് നിങ്ങൾ എനിക്ക് നൽകിയിരിക്കുന്നത്… എന്‍റെ ഭാഗത്ത് നിന്ന് പല വീഴ്ചകളും ഉണ്ടായിട്ടുണ്ട്… എന്നേക്കാൾ എത്രയോ വലിയ ആളുകൾ നിങ്ങളോടൊപ്പം ബുക്ക് ചെയ്യാൻ കാത്തുനിന്നത് ഞാൻ കണ്ടിട്ടുണ്ട്… എന്നെ എന്തിനാണ് ഇങ്ങനെ സ്നേഹിച്ചത്?”
ഞാൻ വിങ്ങിപ്പൊട്ടി. അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
കഴിഞ്ഞ ആഴ്ച ഞാൻ വിളിച്ചപ്പോൾ, അമിത് ഫോൺ കൈമാറിയില്ല. “അസുഖമോ?” — മറുപടി ഇല്ല.
പുലർച്ചെ ആ മരണവാർത്ത കേൾക്കുമ്പോൾ ഹൃദയം നന്ദി കൊണ്ടും ആദരവ് കൊണ്ടും സ്നേഹം കൊണ്ടും സങ്കടം കൊണ്ടും ആർദ്രമായി.

രഘുറായിയോടൊപ്പം ലക്ഷ്മി രാജീവ്
എത്രയെത്ര അപൂർവ നിമിഷങ്ങൾ… എത്ര നിർദേശങ്ങൾ… എത്ര ഉപദേശങ്ങൾ… എത്ര തർക്കങ്ങൾ…
ഇന്ന് ഡൽഹിയിൽ ആ ഭൗതിക ശരീരം എരിഞ്ഞടങ്ങുമ്പോൾ, ആ ഹൃദയത്തിൽ ഞാൻ ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കുന്നു.
ക്യാമറ ഇല്ലാതെ ഒരിടത്തും അദ്ദേഹം കയറിയിരുന്നില്ല. ഇവിടെ Padmanabhaswamy Templeലും Attukal Bhagavathy Templeലും അദ്ദേഹത്തെ ക്യാമറയോടെ കയറാൻ അനുവദിച്ചില്ല.
“എനിക്ക് ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ല, ലക്ഷ്മി.”കർക്കശ്യകാരനും, അഹങ്കാരിയും, പിടിവാശിക്കാരനും ആയിരുന്നു റായ്.
പുസ്തകങ്ങളുടെ കവറിൽ ആരെയും ക്രെഡിറ്റ് ചെയ്യാറില്ലായിരുന്നു.
ആ രണ്ടു പുസ്തകങ്ങളുടെ കവർ വന്നപ്പോൾ
അത് ആഗ്രഹിക്കാനുള്ള യോഗ്യത പോലും എനിക്കില്ലെന്ന് ഞാൻ തന്നെ കരുതിയിരുന്നു.
എന്നാൽ, എന്നെ തന്നെ അതിശയിപ്പിച്ചുകൊണ്ട്,
അദ്ദേഹം ആ കവറിൽ എന്റെ പേരും ചേർത്തിരുന്നു.
ഇപ്പോൾ എന്താണ് എന്നെ ഭരിക്കുന്ന വികാരമെന്ന് എനിക്കറിയില്ല
നന്ദിയാണോ സങ്കടമാണോ അഭിമാനമാണോ ശൂന്യതയാണോ
ഒന്നായി ചേർന്ന് നിൽക്കുന്ന അനവധി വികാരങ്ങൾ,
ഒന്നിനെ മറ്റൊന്ന് വേർതിരിക്കാനാകാതെ,
ശാന്തമായി എന്‍റെ ഉള്ളിൽ ഇരിക്കുന്നു.
ശരീരം അസ്തമിക്കുന്നു, റായ്…
അങ്ങേക്ക് മരണമില്ല.
അച്ഛനെ കാണുമ്പോൾ പറയണേ ..നമ്മളോരുമിച്ചു വർക്ക് ചെയ്തുവെന്ന്.’






