‘തിരുവനന്തപുരം വെള്ളത്തിൽ മുങ്ങാൻ കാരണം : മഴവെള്ളം കടലിലേക്ക് ഒഴുക്കുന്ന നദികളുടെയും തോടുകളുടെയും കയ്യേറ്റവും നികത്തലും തടയാൻ ഒരു ഭരണാധികാരികൾക്കും ധൈര്യമില്ല!’

മുപ്പത് വർഷം മുൻപുണ്ടായിരുന്ന പല ജല വഴികളും ഇന്നില്ലെന്ന് ഭൗമ ശാസ്ത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെപി ജയ് കിരൺ
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസം മുൻപൊരു പെരുമഴ പെയ്തു. മണിക്കൂറുകൾക്കുള്ളിൽ നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. അതും ഓടകളിൽ നിന്നും നിറഞ്ഞൊഴുകിയ മലിന ജലത്തിൽ. അതോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളും ട്രോളുകളിൽ മുങ്ങാൻ തുടങ്ങി. ഇടത്തോട്ടും വലത്തോട്ടും.
മാറി മാറി വരുന്ന ഭരണ സംവിധാനങ്ങൾ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ നഗര വികസനം ചെയ്യുന്നതാണ് ഇതിന് കാരണമെന്നു പറയേണ്ടി വരുമെന്ന് ഭൗമ ശാസ്ത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെപി ജയ് കിരൺ പറയുന്നു . അതിന് ഇടതെന്നോ വലതെന്നോ മധ്യഭാഗമെന്നോ ഉള്ള വ്യത്യാസം ഇല്ലെന്നും യൂണിവേഴ്സിറ്റി കോളെജിലെ ജിയോളജി റിട്ട.വകുപ്പ് മേധാവിയും ചെത്തിനടന്ന എൺപതുകൾ,തൊണ്ണൂറുകൾ അതൊരടിപൊളിക്കാലം എന്നിവയുടെ കർത്താവുമായ അദ്ദേഹം വ്യക്തമാക്കി.

ഡോ.കെപി ജയ് കിരൺ
ഡോ.കെപി ജയ് കിരൺ എഴുതിയത് വായിക്കാം:
എന്ത് കൊണ്ട് ഈ അഭിപ്രായം എന്നതിൻ്റെ കാരണങ്ങൾ പറയട്ടേ-
1. നഗരത്തിലൂടെ ഒഴുകുന്ന രണ്ടു ചെറിയ നദികളും അവയുടെ ഇടുങ്ങിയ കൈവഴികളും ഏതാനും തോടുകളുമാണ് നഗരത്തിൽ വീഴുന്ന മഴവെള്ളം കടലിലേക്ക് ഒഴുക്കുന്നത്. ഇവയുടെ കയ്യേറ്റവും നികത്തലും തടയാൻ ഒരു ഭരണാധികാരികൾക്കും ധൈര്യമില്ല. മുപ്പത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പല ജല വഴികളും ഇന്നില്ല.
2. കുന്നുകളിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം തങ്ങിനിൽക്കാനും ഭൂമിക്കടിയിലേക്ക് കടത്തിവിടാനുമാണ് തണ്ണീർത്തടങ്ങളും പാടങ്ങളും ഉള്ളത്. ഇവയൊക്കെ നികത്തുന്നത് തടയാൻ ആർക്കുമാവില്ല.

3. ഒരു പുരയിടത്തിൽ വീഴുന്ന മഴ വെള്ളം അവിടത്തെ മരങ്ങളിൽ വീണും നിലത്ത് അരിച്ചിറങ്ങിയും ശേഷമുള്ളത് അടുത്തുള്ള ചാലുകളിലേക്കും ഓടകളിലേക്കും പോകുകയായിരുന്നു പണ്ട്. മരങ്ങൾ വെട്ടി നിരത്തി തറകളിൽ കോൺക്രീറ്റ്തേക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. മഴവെള്ളം വീഴുന്ന ഉടനേ തന്നെ റോഡിലേക്ക് ഒഴുക്കി വിടുന്നവരാണ് നമ്മളെല്ലാവരും. സ്റ്റാച്യുവിൽ മഴ പെയ്താൽ നിമിഷ നേരത്തിൽ മഴവെള്ളം കിഴക്കേകോട്ടയിലും തമ്പാനൂരും എത്തും. ഇത് നിയന്ത്രിക്കാൻ ആർക്ക് കഴിയും.
4. ഓടകളുടെ കാര്യമാണ് ഇതിലും കഷ്ടം. വീട്ടിലെ മാലിന്യം കവറിലാക്കി തോട്ടിലെറിയുന്നവർ നമുക്കിടയിൽ ധാരാളം. സ്വന്തം വീടിനു മുൻപത്തെ ഓടയിൽ പോലും മാലിന്യം എറിയുന്നവരെ എന്ത് പറയും.
ഇതൊക്കെ വായിച്ചിട്ടു നിങ്ങൾ തന്നെ പറയുക കാലാവസ്ഥ മാറിയ ലോകത്തിൽ പെയ്യുന്ന അതിതീവ്ര മഴയിലെ വെള്ളം എങ്ങോട്ട് ഒഴുകുമെന്ന്. അത് കിട്ടിയ വഴിയിലൂടെയെല്ലാം പോയി താഴ്ന്ന ഇടങ്ങൾ നിറയ്ക്കും. അത് ഇടത്തോട്ട് ചരിഞ്ഞ ഭൂമിയാണോ വലത്തോട്ട് ചരിഞ്ഞ ഭൂമിയാണോ എന്നൊന്നും നോക്കാറില്ല.
ഇനി നിങ്ങൾ തന്നെ പറയുക എന്താണ് ചെയ്യേണ്ടതെന്നും ആരാണ് ഇതൊക്കെ ചെയ്യേണ്ടതെന്നും.






