തൃശൂർ സുവോളജിക്കൽ പാർക്ക് കേരളത്തൻ്റെ പുതിയ ടൂറിസം ആകർഷണം

തൃശൂർ:ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനര്‍ സൂവും ആയി പുത്തൂർ സുവോളജിക്കൽ പാർക്ക്.രണ്ടു മാസത്തേയ്ക്കു മുൻ കൂട്ടി ബുക് ചെയ്യുന്ന നിശ്ചിത ആളുകള്‍ക്കു മാത്രമാകും പ്രവേശനം. കേരളത്തിന്‍റെ ടൂറിസം മാപ്പില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കാന്‍ പോകുന്ന ഇടമാവും ഇത്.
പ്രവേശന നിരക്ക് തീരുമാനമായിട്ടില്ല. വനംവകുപ്പിന്‍റെ കീഴിലാണ് മൃഗശാലയുടെ പ്രവര്‍ത്തനം. ഒരു ദിവസം മുഴുവന്‍ കാണാനുള്ള വിശാലമായ ഇടമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേത്.കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.

മൂന്നൂറേക്കറിലേറെ സ്ഥലത്താണ് സുവോളജിക്കല്‍ പാർക്കുള്ളത്.പൂര്‍ണമായും മുളങ്കാടുകളായിരുന്നു ഈ സ്ഥലം. മുളങ്കാടുകള്‍ മുറിച്ചുമാറ്റി. സൂ ഡിസൈന്‍ ചെയ്തു. ഓസ്ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ആണ് ഡിസൈന്‍ ചെയ്തത്. മൃഗങ്ങള്‍ക്ക് അവയുടെ ആവാസ വ്യവസ്ഥയനുസരിച്ച് ജീവിക്കാമെന്നതാണ് സവിശേഷത. കിടങ്ങുകള്‍ നിര്‍മിച്ചും വൈദ്യുത വേലി കെട്ടിയുമാണ് മൃഗങ്ങളെ നിയന്ത്രിക്കുന്നത്.336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്. മൃഗങ്ങൾക്ക് സ്വകാര്യമായി വിഹരിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങൾ മൃഗശാലയിലുണ്ട്. തൃശൂർ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റും.പുത്തൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയാണ്. സന്ദർശകർക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള വെർച്വൽ സൂ എന്നിവ ഒരുക്കിട്ടുണ്ട്.
സൈലൻ്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം.സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സൈലൻ്റ വാലിക്ക് സമാനമായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി.ആഫ്രിക്കന്‍ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് സുളു ലാന്‍ഡ്. ജിറാഫ്, ഹിപ്പോപൊട്ടാമസ്, സീബ്ര എന്നിവയുടെ വാസ സ്ഥലങ്ങളായി ഇത് മാറും.മാനുകള്‍ക്കുള്ള കന്‍ഹസോണില്‍ മധ്യപ്രദേശിലെ ആവാസവ്യവസ്ഥയാണ് . വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്കായി പാർക്കിൽ കെ.എസ്.ആര്‍.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. 6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവർക്കായിക്കൂടിയാണിത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാർക്കിനകത്തു കൂടി യാത്ര ചെയ്യും. പാർക്കിനകത്തെ പ്രത്യേക മേഖലകളിൽ ആളുകൾക്ക് ബസ്സിൽനിന്ന് ഇറങ്ങാനും കയറാനുമുള്ള സൗകര്യം ഉണ്ടാകും. ഒരു തവണ ബസ് ടിക്കറ്റ് എടുക്കുന്ന ആൾക്ക് ബസ്സിൽ കയറി ഓരോയിടത്തും ഇറങ്ങി കാഴ്ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത ഇടങ്ങളിലേക്കും അങ്ങനെ താല്പര്യാനുസരണം സൂവോളജിക്കൽ പാർക്ക് മുഴുവനായും ആസ്വദിക്കാനാകും.






