നെല്ല് സംഭരണം തുടങ്ങി

ആലപ്പുഴ : ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി.
ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരുവാറ്റ ഈഴഞ്ചീരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മില്ല് സംഭരിക്കും. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ മില്ലുകൾ സഹകരിക്കാത്തത് കാരണം നേരത്തെ നെല്ല് സംഭരണം തടസ്സപ്പെട്ടിരുന്നു. 75 ലോഡ് നെല്ല് കെട്ടിക്കിടക്കുന്ന ആലപ്പുഴ ജില്ലയിൽ അടിയന്തരസംഭരണം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു.
ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ്, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, പാഡി മാനേജർ കവിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാലക്കാട് ജില്ലയിൽ കൊയ്തു സൂക്ഷിച്ചിരിക്കുന്ന നെല്ലിന് സപ്ലൈകോയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തി പച്ചച്ചീട്ട് നൽകി കണക്കെടുക്കുകയും അടുത്തയാഴ്ചയോടെ സംഭരണം ആരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
മില്ലുടമകൾ ഉന്നയിച്ച ചില ആവശ്യങ്ങളിൽ പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് ചില മില്ലുകൾ സംഭരണപ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതുമൂലമാണ് സംഭരണം വൈകാൻ ഇടയായത്. ഈ സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച സംഭരണവിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് നെല്ല് വിൽക്കുവാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അടിയന്തരമായി പച്ചച്ചീട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചത്. കഴിഞ്ഞ സംഭരണവർഷത്തിൽ 28 രൂപ 20 പൈസ ആയിരുന്ന സംഭരണവില ഈ സീസൺ മുതൽ 30 രൂപയായി ഉയർത്തിയിട്ടുണ്ട്. സംഭരണവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വകാര്യമില്ലുകൾക്കോ വ്യാപാരികൾക്കോ ആരും നെല്ല് നൽകേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.






