സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

‘കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് ഈ പോരാട്ടത്തിലെ വലിയ വിജയം’
തിരുവനന്തപുരം:ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് ഈ പോരാട്ടത്തിലെ വലിയ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖറിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘ഇനിയൊരു ഒളിച്ചുകളിയില്ല!
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് ഈ പോരാട്ടത്തിലെ വലിയ വിജയമാണ്.
ആദ്യ ദിവസം മുതൽ എന്‍റെ നിലപാട് വ്യക്തമാണ്: ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ വൻ കൊള്ളയിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ സ്വതന്ത്ര അന്വേഷണം തന്നെ വേണം. ആ നിശ്ചയദാർഢ്യത്തോടെയാണ് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്.
ശബരിമലയിലെ കൊള്ളയെ മുഖ്യമന്ത്രി പിണറായി വിജയൻ വെറുമൊരു “വീഴ്ച” എന്ന് നിസ്സാരവൽക്കരിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഭരണകൂടം തന്നെ കൊള്ളക്കാർക്ക് കുടപിടിക്കുമ്പോൾ ഈ സർക്കാരിൻ്റെ ഒരു അന്വേഷണവും ആർക്കും വിശ്വാസമില്ല.
കോൺഗ്രസ് തുടങ്ങിവെച്ച ഈ കള്ളക്കളികൾ എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഈ രണ്ട് മുന്നണികളും ചേർന്നുള്ള ഒത്തുകളി തുറന്നുകാട്ടാൻ വിട്ടുവീഴ്ചയില്ലാത്ത കേന്ദ്ര അന്വേഷണം അനിവാര്യമാണ്.
പുണ്യക്ഷേത്രത്തെ കൊള്ളയടിക്കുകയും കോടിക്കണക്കിന് ഹിന്ദു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത ഓരോരുത്തരെയും അഴിയെണ്ണിക്കും വരെ പോരാട്ടം തുടരും.
ഭക്തരുടെ വിയർപ്പിൻ്റെ ഫലമായി ഉണ്ടായ സ്വർണ്ണത്തിൽ കൈവെച്ചവർ ഓരോരുത്തരും അനുഭവിക്കുക തന്നെ ചെയ്യും. നീതി നടപ്പിലാക്കിയിരിക്കും!’






