ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

‘നമുക്ക് ചുറ്റും കഥാപാത്രങ്ങൾ’
‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്.”
എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.

ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനിവാസൻ്റെ ശബ്ദം – “ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്.”
അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു
ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരിലെ താരങ്ങളിലൊരാളാണ് മലയാളിയായ ആനന്ദ് നീലകണ്ഠൻ. ‘അസുര’യും ‘ബാഹുബലി’യും ‘വാനര’യുമെല്ലാം എഴുതപ്പെട്ടതുമുതൽ ബെസ്റ്റ് സെല്ലറുകളാണ്. തന്നെ രചനയുടെ രസതന്ത്രവും സാങ്കേതികതയും പഠിപ്പിച്ചത്
ശ്രീനിവാസന്‍റെ തിരക്കഥകളാണ് എന്ന് അദ്ദേഹം എഴുതി.
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോവരുത്…, താത്ത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്…, എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്…, ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് ദാസാ… അങ്ങനെ പവനായി ശവമായി…
ഒരു ശരാശരി മലയാളി ലോകത്തിന്‍റെ ഏതുഭാഗത്തു ജീവിക്കുന്നവനായാലും ഏത് പ്രായത്തിലുള്ളവനായാലും ശ്രീനിവാസൻ എഴുതിയ ഇത്തരത്തിലുള്ള ഒരു ഡയലോഗ് പറയാതെയോ കേൾക്കാതെയോ ഒരു ദിവസം ജീവിക്കുന്നില്ല എന്ന് ധൈര്യമായി പറയാം.

സത്യൻ അന്തിക്കാടും ശ്രീനിവാസനും
ഇന്ന് ദാസന്‍റെയും വിജയന്‍റെയും ഡയലോഗുകൾ ട്രോൾ ആയി ഇറക്കുന്ന മിക്ക ന്യൂജെനറേഷൻ പിള്ളേരും ശ്രീനിവാസൻ ഇവ എഴുതുന്ന കാലത്ത് ജനിച്ചിട്ടുപോലുമുണ്ടായിട്ടില്ല.
സത്യൻ അന്തിക്കാട് എഴുതി:
ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
“കഥ കിട്ടി”
ശ്രീനി പറഞ്ഞു.
“കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ.”
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.
“നമുക്ക് പ്രകാശന്‍റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്‍റെ കഥ.”
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.

ഫഹദ് ഫാസിലാണ് പ്രകാശൻ.ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുൻനിർത്തിയുള്ള കഥയായതുകൊണ്ട് ‘മലയാളി’ എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവർക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്‍റെ അനുവാദവും കിട്ടി. അങ്ങനെയാണ് “വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു” എന്ന മുഖവുരയോടെ പേര് അനൗൺസ് ചെയ്യുന്നത്.
“ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവി പരിപാടികൾ പറഞ്ഞാൽ മതി” എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. ‘മലയാളി’ എന്ന പേരിൽ മുൻപൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ ഓർത്തിട്ടില്ലായിരുന്നു.
ആ സിനിമയുടെ നിർമ്മാതാവടക്കം പലരും പറഞ്ഞു – “സാരമില്ല, ഒരു സിനിമയുടെ പേരിൽ തന്നെ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ടല്ലോ”.
എങ്കിലും ഞങ്ങൾ ആ പേര് മാറ്റി-ആ സിനിമയാണ് ഞാൻ പ്രകാശൻ
ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. -സത്യൻ അന്തിക്കാട്
റിലീസ് ചെയ്തിട്ട് മൂന്നുപതിറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും ഇന്നും മലയാളികൾ മറക്കാത്ത സിനിമയാണ് ‘സന്ദേശം’ അത് എഴുതുകയും പ്രധാനപ്പെട്ട ഒരുവേഷം അഭിനയിക്കുകയും ചെയ്തതിന് ശ്രീനിവാസൻ നിർമാതാവിനോട് ആവശ്യപ്പെട്ടത് എൺപതിനായിരം രൂപയാണ്. അത് വല്ലാതെ കുറഞ്ഞുപോയി എന്ന് സംവിധായകനായ സത്യൻ അന്തിക്കാടിനു തോന്നി. ‘നാടോടിക്കാറ്റും’ ‘ഗാന്ധിനഗറും’ ‘വരവേൽപ്പു’മടക്കം തുടർച്ചയായി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ്. അതിന്‍റെ പകുതിപോലും വിജയിക്കാത്ത ചിത്രങ്ങളുടെ എഴുത്തുകാർ രണ്ടും മൂന്നും ലക്ഷം രൂപ പ്രതിഫലമായി വാങ്ങുന്ന കാലമാണ്. അത് ഓർമിപ്പിച്ചപ്പോൾ വളരെ കൂളായി സിഗരറ്റിന്‍റെ പുകയൂതിക്കൊണ്ട് ശ്രീനിവാസൻ പറഞ്ഞു:

സത്യൻ അന്തിക്കാട്,ശ്രീനിവാസൻ,മോഹൻലാൽ
‘‘അതെനിക്കറിയാം, ചോദിച്ചാൽ കൂടുതൽ കിട്ടുമെന്നുമറിയാം. പക്ഷേ, ഞാൻ ചെയ്ത ജോലിക്ക് ഇതു മതി എന്ന് ഞാനങ്ങു തീരുമാനിച്ചു. എന്‍റെ പ്രതിഫലത്തിന്‍റെ വലുപ്പം നോക്കിയല്ലല്ലോ ജനങ്ങൾ സിനിമ കാണാൻ കയറുന്നത്.’’
വരവേല്പ്’ എന്ന സിനിമകൈകാര്യം ചെയ്തത് നീറുന്ന വിഷയമാണ്. സ്വന്തം അനുഭവത്തിൽനിന്ന് ശ്രീനിവാസൻ മെനഞ്ഞെടുത്തതാണ് അതിന്‍റെ ഇതിവൃത്തം. വാസ്തവത്തിൽ ഒരു കഥയായിട്ടല്ല ശ്രീനി സംവിധായകനോട് പറഞ്ഞത്. ഒരു തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന തന്‍റെ അച്ഛൻ കഷ്ടപ്പെട്ടും കടംമേടിച്ചും ഒരു ബസ് വാങ്ങിയപ്പോൾ പെട്ടെന്ന്, മുതലാളിയായി മുദ്രകുത്തപ്പെട്ടതും അതിന്‍റെ പേരിൽ തൊഴിലാളികളും യൂണിയൻകാരുമൊക്കെച്ചേർന്ന് അദ്ദേഹത്തെ കുത്തുപാളയെടുപ്പിച്ചതുമായ യഥാർഥ സംഭവം. കേട്ടപ്പോൾ അതിലൊരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് തോന്നി. പക്ഷേ, അതൊരു ഗൗരവമേറിയ വിഷയമായി അവതരിപ്പിച്ചാൽ ശരിയാവില്ല -ശ്രീനിവാസൻ പറഞ്ഞു.
‘‘നമുക്കിതിനെ തമാശകൊണ്ടു പൊതിയാം’’. പൊതിഞ്ഞു. മോഹൻലാലിൻ്റെ മുരളിയെ കണ്ട് ജനം പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിലൂടെ ആ സന്ദേശം പ്രേക്ഷകമനസ്സിൽ പതിയുകയും ചെയ്തു.
തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരുടെ ഗതികേടിന്‍റെ കഥയായിരുന്നു ‘നാടോടിക്കാറ്റ്’. സ്വന്തം കാമുകി താമസിക്കുന്ന കോളനിയിൽ ഒരു ഗൂർഖയായി വേഷമിടേണ്ടിവന്ന ചെറുപ്പക്കാരന്‍റെ ധർമസങ്കടമാണ് ‘ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ്’. കടംകൊണ്ട് നിൽക്കക്കള്ളിയില്ലാതെ വലയുന്ന ഒരു പാവം ഹൗസ് ഓണറുടെ കഥയാണ് ‘സന്മസ്സുള്ളവർക്ക് സമാധാനം’. ‘ഒരു ഇന്ത്യൻ പ്രണയകഥ’യും ‘ഞാൻ പ്രകാശനും’ ഉൾപ്പെടെ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലെ പല സിനിമകളും പറയുന്നത് ഗൗരവമുള്ള വിഷയങ്ങളാണ്. ഹാസ്യത്തിന്‍റെ പരിവേഷം നൽകി അവതരിപ്പിച്ചതുകൊണ്ടാണ് കാണികൾക്ക് അതൊക്കെ ഇഷ്ടമായത്.
വേദനയുടെ അടിയൊഴുക്കുണ്ടാകുമ്പോഴാണ് ചിരി കൂടുതൽ ഓർമിക്കപ്പെടുന്നത് എന്നു തോന്നിയിട്ടുണ്ട്. ‘നാടോടിക്കാറ്റി’ൽ മോഹൻലാൽ ശോഭനയുടെ വീട്ടിലേക്ക് മണ്ണെണ്ണ വങ്ങാൻ വരുന്ന സീൻ ഓർത്തുനോക്കൂ. ദാരിദ്ര്യത്തിന്‍റെ നെറുകയിൽ നിന്നുകൊണ്ടാണ് അയാൾ മണ്ണെണ്ണയും അരിയുമൊക്കെ കടം ചോദിക്കുന്നത്. ആ രംഗത്തിലെ സംഭാഷണങ്ങളും മോഹൻലാലിന്‍റെ ഭാവങ്ങളുമൊക്കെ കണ്ട് നമ്മൾ പൊട്ടിച്ചിരിക്കുന്നു.
ഉഴുതുമറിച്ചിട്ട പാടത്തേക്ക് താറാവിൻകൂട്ടംപോലെ ഒരുപറ്റം ബംഗാളിത്തൊഴിലാളികൾ ഇറങ്ങിനടന്നു. കൺഫ്യൂഷനിലായ പ്രകാശൻ ചോദിച്ചു.
‘‘ഗോപാൽജി, ഇവിടെ ഞാനെന്തുചെയ്യാനാ’’
‘‘ഇവിടെ നീ ഞാറുനടും’’ ഗോപാൽജി പറഞ്ഞു.
‘‘എനിക്കിതൊന്നും അറിയില്ല ഗോപാൽജി’’
‘‘അറിയാനൊന്നുമില്ല. ഞാറിന്‍റെ കെട്ടഴിച്ചു കുറേശ്ശയെടുത്ത് ചെളിയിൽ നട്ടാൽമതി. ബംഗാളികൾ ചെയ്യുന്നതുനോക്കി അതുപോലെങ്ങ് ചെയ്യ്.’’
പ്രകാശൻ സംശയിച്ചുനിൽക്കവേ പാടത്തുനിന്ന് കോറസായി ഒരു ബംഗാളിപ്പാട്ട്.
‘‘ഇതെന്താ ഇത്?’’
‘‘ഇത് ബംഗാളികളുടെ ഞാറ്റുപാട്ട്. നമ്മുടെ പാടത്തൊക്കെ ഇപ്പൊ ഇവരുടെ പാട്ടല്ലേ കേൾക്കാറുള്ളൂ. നമ്മൾ പാട്ടുംമറന്നു. പണിയും മറന്നു’’.
സീൻ വായിച്ച് ഫഹദ് ഫാസിൽ ചിരിച്ചു.
‘‘നേരാണോ? ഇപ്പൊ നമ്മുടെ പാടത്തൊക്കെ ബംഗാളികളാണോ പണിയെടുക്കുന്നത്?’’
ഗോപാൽജിയായി അഭിനയിച്ച ശ്രീനിവാസൻ വിശദമായി ഇന്നത്തെ കർഷകന്‍റെ അവസ്ഥ ഫഹദിന് പറഞ്ഞുകൊടുത്തു.
2021 ജൂലൈ 14ന് സത്യൻ അന്തിക്കാട് ഫെയ്സ് ബുക്കിൽ കുറിച്ചു:

താമസം കൊച്ചിയിലല്ലാത്തതിനാൽ ഇപ്പോൾ നേരിയ ഒരു നിരാശയുണ്ട്. വേറൊന്നും കൊണ്ടല്ല. ശ്രീനിവാസന്‍റെ മേൽനോട്ടത്തിൽ ഓർഗാനിക് ഉത്പന്നങ്ങൾ ലഭിക്കുന്ന ‘ശ്രീനി ഫാംസ്’ തൃപ്പൂണിത്തുറയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഓൺലൈനിലും ഓർഡർ ചെയ്യാം. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും മാത്രമല്ല, മറ്റു പലവ്യഞ്ജനങ്ങളുമുണ്ട്. കൊച്ചി നഗരപരിധിയിലാണെങ്കിൽ ഫ്രീ ഹോം ഡെലിവറി. കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം. ഐശ്വര്യത്തിന്‍റെ സൈറൺ മുഴങ്ങുന്നതു പോലെയുണ്ട്. ശ്രീനിവാസൻ അങ്ങനെയാണ്. ഒരു കാര്യം ഏറ്റെടുത്താൽ അത് വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകും. തിരക്കഥയായാലും ജൈവകൃഷിയായാലും.
ഒരു കാര്യം ഉറപ്പാണ്. അധികം വൈകാതെ എറണാകുളത്തും ചുറ്റുവട്ടത്തും താമസിക്കുന്നവർ ചോദിക്കാൻ തുടങ്ങും – എന്താ ശ്രീനി ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്.”
മറുപടി മലയാളികൾക്കെല്ലാം അറിയാം. അതു തന്നെ.
ശ്രീനി ഫാംസിന് അന്തിക്കാട്ടെ കർഷകരുടെ വിജയാശംസകൾ.
ഒരു സിനിമ കണ്ട് ജീവിതത്തിൽ ആദ്യമായി കരഞ്ഞതിന്‍റെ ഓർമ. തലശ്ശേരി ലോട്ടസ് തിയറ്ററിൽ വച്ചാണ് ശ്രീനി ‘അനുഭവങ്ങൾ പാളിച്ചകൾ’ കണ്ടത്. പടത്തിന്‍റെ അവസാന ഭാഗത്ത് താനേറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന മകളുടെ കുഴിമാടത്തിനരികിൽ സങ്കടത്തിന്‍റെ കടൽ ഉള്ളിലൊതുക്കി നിൽക്കുന്ന സത്യൻ്റെ മുഖം കണ്ടപ്പോൾ ശ്രീനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്രെ.

ശ്രീനിവാസൻ
സത്യൻ അന്തിക്കാട് 2022 നവംബർ 30ന് എഴുതി
മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-
“ഞാൻ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.”
ഉറവ വറ്റാത്ത നർമത്തിന്‍റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,
“ശ്രീനിവാസന്‍റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.
ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.
നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.
സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.
എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ..
ശ്രീനാവാസൻ മടങ്ങിപ്പോയിരിക്കുന്നു.അനിവാര്യമാണ്.എങ്കിലും…






