ഐസിഐസിഐ ലംബാർഡ് ഇൻഷ്വറൻസ് തട്ടിപ്പിൻ്റെ അനുഭവം വിശദമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ

ഐസിഐസിഐ ലംബാർഡിനെതിരെ ഇൻഷ്വറൻസ് ഓംബുഡ്സ്മാനെ സമീപിക്കാൻ റെഞ്ചി കുര്യാക്കോസ്
തിരുവനന്തപുരം:സ്വകാര്യ വൻകിടഇൻഷ്വറൻസ് കമ്പനികളുടെ മെഡിക്കൽ ആനുകൂല്യങ്ങൾ നൽകാതെയുള്ള തട്ടിപ്പ് ഇപ്പോൾ വ്യാപകമാണ്.പൊതമേഖലാ ഇൻഷ്വറൻസ് കമ്പനകൾ സർക്കാരു കാര്യം കഴിച്ച് ജനത്തിന് ആനുകൂല്യം വിതരണം ചെയ്യാനും പണംകൊടുക്കാനും ഒക്കെ സർക്കാർ കാര്യം മുറപോലെ എന്ന സമീപനമെടുത്തപ്പോൾ ജനം സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്ക് കൈനീട്ടി.പക്ഷെ, ഇപ്പോൾ സ്വകാര്യ ഇൻഷ്വറൻസ് കമ്പനിക്കാരുടെ അർഹതപ്പെട്ട ഇൻഷ്വറൻസ് തട്ടിപ്പാണ് വ്യാപകപരാതിക്ക് കാരണം.ഇൻഷ്വറൻസ് ഓംബുഡ്സ്മാൻ ഇത്തരം കമ്പനകളെ മൂക്കകയറിടാൻ തയ്യാറായില്ലെങ്കിൽ വൻ ദുരന്തങ്ങളും കൂട്ട ആത്മഹത്യകളുമാവും കാരണമാവുക.

മുതിർന്ന മാധ്യമ പ്രവർത്തകൻ റെഞ്ചി കുര്യാക്കോസ്
മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻറായി വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ റെഞ്ചി കുര്യാക്കോസ് എഴുതുന്ന അനുഭവം വായിക്കാം:
മെഡിക്കൽ ഇൻഷ്വറൻസിന് പിന്നിലെ ചതി
മൂന്നു മാസം മുൻപ് എനിക്ക് കണ്ണിനു ഒരു ഓപ്പറേഷൻ വേണ്ടി വന്നു. എല്ലാം കഴിഞ്ഞു 60,000 രൂപയുടെ ബിൽ മെഡിക്കൽ ഇൻഷ്വ റൻസിനു കൊടുത്തപ്പോൾ അവർ തള്ളി.5 ലക്ഷം രൂപയുടെ കവറേജ് ഉള്ള എനിക്ക് ബി.പി. ഉണ്ടായിരുന്നതിനാൽ കണ്ണിന്‍റെ ശസ്ത്രക്രിയയ്ക്ക് പണം നൽകാൻ സാധിക്കില്ലെന്ന് ആണ് ഐസിഐസിഐ ലംബാർഡ് എന്ന സ്ഥാപനം കാരണമായി പറഞ്ഞത്.60,000 രൂപ അത്ര വലിയ തുക അല്ലെങ്കിലും ഇതിനെതിരെ ഇൻഷ്വറൻസ് ഓംബുഡ് സ്മാനെ സമീപിക്കാൻ പോകുകയാണ് ഞാൻ.ഇനി ഇതിന്റെ പിന്നിലെ തട്ടിപ്പിലേക്ക് പോകാം. ജോലിയിൽ ഇരുന്ന കാലത്ത് ഇതേ കമ്പനിയുടെ ഗ്രൂപ്പ് ഇൻഷ്വറൻസിൽ ഞാനും ഭാര്യയും മകളും ഉണ്ടായിരുന്നു.അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ ഇതേ കമ്പനിയിൽ തന്നെ ഇൻഷ്വറൻസ് തുടരാൻ തീരുമാനിച്ചു.സ്വന്തമായി ഇൻഷ്വറൻസ് എടുക്കാൻ ഐസിഐസിഐ ലംബാർഡിന്റെ വഴുതക്കാട് ഓഫിസിൽ നിന്ന് ഒരുവൻ എന്നെ വിളിക്കുന്നു. പേര്, ജനന തീയതി, ആധാർ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നു. പണം അടയ്ക്കാൻ പറഞ്ഞു. ഞാൻ അടച്ചു.മെഡിക്കൽ പരിശോധനയോ മറ്റു കാര്യങ്ങളോ ഒന്നും നടക്കുന്നില്ല. അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും അനക്കമില്ലാതെ വന്നപ്പോൾ ബന്ധപ്പെട്ട ആളെ വിളിച്ചു. പക്ഷെ കാശ് കിട്ടിയതിനാൽ അയാൾ ഫോൺ എടുക്കുന്നില്ല. മെസേജ് ഇട്ടപ്പോൾ പോളിസി ആയെന്നും കവറേജ് കിട്ടുമെന്നും അയാളുടെ മറുപടി മെസേജ് കിട്ടി. കണ്ണിന്റെ ഓപ്പറേഷന്റെ സമയത്തു ഇയാളെ വിളിച്ചു എങ്കിലും പതിവ് പോലെ ഫോൺ എടുത്തില്ല. മെസേജ് ഇട്ടപ്പോൾ വേറൊരുവന്റെ നമ്പർ തന്നു. അയാൾക്ക് ബിൽ കൊടുത്ത് ആഴ്ചകൾ കാത്തിരുന്നപ്പോൾ ക്ലയിം തള്ളിയതായി അറിയിപ്പ് ലഭിച്ചു. നമ്മൾ ക്ലയിം ചെയ്തില്ലെങ്കിലോ നമുക്ക് അർഹതപ്പെട്ട ക്ലയിം കൊടുക്കാതിരുന്നാലോ ഇവന്മാർക്ക് വലിയ നേട്ടം ആണ്.അത് കൊണ്ടാണ് ഇവന്മാർ വിശദ വിവരങ്ങൾ ഒന്നും നൽകാതെ ഇത്തരം പോളിസികൾ നൽകി നമ്മളെ പറ്റിക്കുന്നത്.അതേ സമയം ഗ്രൂപ്പ് ഇൻഷ്വറൻസിന്റെ കാര്യത്തിൽ ഇത്തരം അഭ്യാസങ്ങൾക്ക് ഇവന്മാർ തുനിയാറില്ല. അങ്ങനെ ചെയ്‌താൽ ആ കമ്പനിയിലെ മുഴുവൻ പേരുടെയും ബിസിനസ്സ് പോകുമെന്ന് ഇവർക്ക് അറിയാം.ഇതിനിടെ കബളിപ്പിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി ഐസിഐ സിഐ ലംബാർഡിന് ഔദ്യോഗികമായി ഞാൻ പരാതി നൽകി. ഏതാനും ദിവസം കഴിഞ്ഞു തീരുമാനം അറിയിക്കാം എന്നായിരുന്നു അവരുടെ മറുപടി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടുമൊരു മെസേജ് വന്നു. ഞങ്ങളുടെ ആളിന്റെ ഭാഗത്തു നിന്ന് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു. ആർക്ക് വേണം ഇവരുടെ ഖേദം. ക്ലെയിമിന്റെ കാര്യം എന്തായി എന്ന് ചോദിച്ചപ്പോൾ ദിവസങ്ങൾ കഴിഞ്ഞ് അടുത്ത മറുപടി വന്നു. ക്ലയിം തരാൻ നിർവാഹമില്ല. എങ്ങനെയുണ്ട് കളി.ഒരു മെഡിക്കൽ ഇൻഷ്വറൻസ് കമ്പനി മാത്രമല്ല മിക്കവാറും എല്ലാ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളും ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ട്.മെഡിക്കൽ രംഗം കച്ചവടം ആയി മാറിയതിനാൽ ഇത്തരം കഴുത്തറപ്പന്മാർ നമുക്ക് അർഹതപ്പെട്ടത് പോലും നിഷേധിക്കാൻ എന്തും ചെയ്യും. നമ്മുടെ റോഡുകളിലെ സകല ഹോർഡിങ്ങു കളിലും ഇപ്പോൾ സ്വകാര്യ ആശുപത്രികളുടെ പരസ്യം ആണ്. ഫുൾ ബോഡി ചെക്ക്അപ്പിന്റെ പേരിൽ ആശുപത്രികൾ ജനത്തെ നിത്യ രോഗികൾ ആക്കി മാറ്റുകയാണ് എന്ന് സമീപ കാലത്ത് ഒരു ഡോക്റ്റർ തന്നെ വെളിപ്പെടുത്തിയിരുന്നു. മെഡിക്കൽ ചൂഷകർ അഴിഞ്ഞാടുന്ന ഈ ആസുര കാലത്തു രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെറിയ രോഗങ്ങൾക്ക് ആശുപത്രികളെ ആശ്രയിക്കാതിരിക്കുകയും മാത്രമാണ് പോംവഴി. ഇതിനിടെ ലക്ഷങ്ങൾ ചെലവുള്ള ചികിത്സ വേണ്ടി വന്നാൽ രോഗി കുത്തുപാള എടുത്തത് തന്നെ.






