മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

മമ്മൂട്ടി-സിബി മലയിൽ ടീമിൻ്റെ ഒടുവിലിറങ്ങിയ ചിത്രം ‘സാഗരം സാക്ഷി’
കൊച്ചി:മൂന്നു പതിറ്റാണ്ടിനു ശേഷം മമ്മൂട്ടിയും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു. തനിയാവർത്തനം, ആഗസ്റ്റ് 1, വിചാരണ, മുദ്ര തുടങ്ങിയ ഒരു പിടി നിത്യ ഹരിത സിനിമകൾ സമ്മാനിച്ച ഇരുവരും ഒടുവിൽ ഒന്നിച്ചത് 1994 ൽ റിലീസായ ‘സാഗരം സാക്ഷി’യിലാണ്.
മമ്മൂട്ടിയും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പി.എഫ്. മാത്യൂസാണെന്നാണ് വിവരം. പൂർത്തിയായ തിരക്കഥ മമ്മൂട്ടി വായിച്ച് കേട്ടുവെന്നും മമ്മൂട്ടിയും സിബിയും പലയാവർത്തി ചർച്ചകൾ നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ.
എ.കെ. ലോഹിതദാസിൻ്റെ തിരക്കഥയിൽ പിറന്ന ‘തനിയാവർത്തനം’ (1987)മമ്മൂട്ടിയുടെയും സിബി മലയിലിൻ്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു.

മമ്മൂട്ടിയും സിബി മലയിലും
‘ഞെട്ടിപ്പിക്കുന്ന ക്യാരക്ടർ തിരഞ്ഞെടുപ്പും പ്രകടനവുമാണ് മമ്മൂട്ടിയുടേത്. അത്തരം പരീക്ഷണങ്ങളിലൂടെ മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് മമ്മൂട്ടിയാണ്’-സിബി മലയിൽ ഒരഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
“എനിക്ക് തോന്നുന്നു, മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കരയും.എന്‍റെ ഭാര്യ എപ്പോഴും പറയും, മമ്മൂക്ക കരയുന്നത് തനിക്ക് കാണാന്‍ പറ്റില്ലെന്ന്. കഥ പറയുമ്പോള്‍ സിനിമയൊക്കെ അങ്ങനെയാണ്. അത് കാണുമ്പോള്‍ എനിക്ക് കണ്ണ് നിറയും. എനിക്കും അങ്ങനെയാണ്. ഇത്തരത്തിലുള്ള രംഗങ്ങളില്‍ മമ്മൂട്ടി വരുമ്പോള്‍ എനിക്കും കണ്ണ് നിറയും. സങ്കടം വരും”, സിബി മലയില്‍ പറയുന്നു.
സിബിമലയിൽ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്ത് എത്തുന്നതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.തിയേറ്ററിൽ തകർന്നടിഞ്ഞ സിനിമകൾപോലും ഇപ്പോൾ തകർത്തോടുകയാണ്.
സിബി മലയില്‍- മോഹന്‍ലാല്‍ ടീമിന്‍റെ ദേവദൂതന്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീമാസ്റ്റര്‍ ചെയ്ത് തിയറ്ററുകളില്‍ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് കാണികളില്‍ നിന്നും ലഭിച്ചത്. 2000 ലെ ആദ്യ റിലീസിന്‍റെ സമയത്ത് വന്‍ പരാജയം നേരിട്ട ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഘുനാഥ് പലേരിയാണ് .
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കാര്യമായ ഹിറ്റുകളൊന്നുമില്ലാതിരുന്ന സിബി മലയിലിൻ്റെ ഒടുവിലിറങ്ങിയ സിനിമ ‘കൊത്ത്’ ആണ്.ഹേമന്ത് കുമാറായിരുന്നു തിരക്കഥ.നടനും സംവിധായകനും ആയ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മൂന്നുകൊല്ലം മുമ്പിറങ്ങിയ ഈ ചിത്രം പ്രമേയ വൈവിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.






