അയ്യാ വൈകുണ്ഠ സ്വാമിക്ക് സെക്രട്ടേറിയറ്റിനടുത്ത് സ്മാരകം: ശിലാസ്ഥാപനം ഫെബ്രുവരി 28-ന്

സംഘാടക സമിതി: മന്ത്രി വി. ശിവൻകുട്ടിയെ ചെയർമാൻ,ഡോ. ദിവ്യ എസ്. അയ്യർ വർക്കിംഗ് ചെയർപെഴ്സൺ, പി. രാമഭദ്രൻ ജനറൽ കൺവീനർ
തിരുവനന്തപുരം:നവോത്ഥാന നായകൻ അയ്യാ വൈകുണ്ഠ സ്വാമിയുടെ സ്മാരക നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. സാംസ്കാരിക വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടറിയറ്റിന് സമീപം അനുവദിച്ച എട്ട് സെന്‍റിൽ നിർമ്മിക്കുന്ന സ്മാരകത്തിന്‍റെ ശിലാസ്ഥാപനം ഫെബ്രുവരി 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ സംരംഭത്തിനായി 3.16 കോടി രൂപ അനുവദിക്കാൻ കിഫ്ബി ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കേരള കരകൗശല വികസന കോർപ്പറേഷൻ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയും, കിഫ്‌കോൺ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻ്റ് ആയും പദ്ധതിയുടെ നിർവ്വഹണം നടത്തും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സ്വാമിത്തോപ്പിലെ പതി മേധാവി ബാലപ്രജാപതി അടിഗാളർ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സാംസ്കാരികമന്ത്രി സജി ചെറിയാനെ രക്ഷാധികാരിയായും, മന്ത്രി വി. ശിവൻകുട്ടിയെ ചെയർമാനായും തിരഞ്ഞെടുത്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ വർക്കിംഗ് ചെയർപെഴ്സനായും, കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി. രാമഭദ്രൻ ജനറൽ കൺവീനറായും പ്രവർത്തിക്കും.
അയ്യാ വൈകുണ്ഠ സ്വാമിക്ക് സ്മാരകം നിർമ്മിക്കുന്നതിനായി ഭൂമി അനുവദിക്കുകയും ഫണ്ട് ലഭ്യമാക്കുകയും ചെയ്ത സർക്കാർ നടപടിയെ യോഗത്തിൽ പങ്കെടുത്ത സാമൂഹ്യ സംഘടനാ പ്രതിനിധികൾ അഭിനന്ദിച്ചു. ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് വിപുലമായ പൊതുസമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.






