‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘

‘രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപി മുഖമാവുമോ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി മാറുമോ രാജീവ് ചന്ദ്രശേഖർ? ‘
തിരുവനന്തപുരം:ബി ജെ പിയിൽ അംഗത്വം എടുത്തിട്ട് കേവലം എട്ട് വർഷമേ ആകുന്നുളളു എങ്കിലും കേരളത്തിലെ സംസ്ഥാന പ്രസിഡൻ്റും ഏറ്റവും വിജയ സാധ്യതകളുള്ള സീറ്റുകളിലെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപി മുഖമാവുമോ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി മാറുമോ എന്ന് വിലയിരുത്തുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും ‘ന്യൂസ് 18′ ചാനൽ ന്യൂസ് എഡിറ്ററുമായ ആർ.കിരൺബാബു.’നായകരുടെ നാളെ’ പംക്തിയിലാണ് ഈ വിലയിരുത്തൽ.
പാർട്ടിയിൽ വന്ന കാലം പരിഗണിക്കുകയാണെങ്കിൽ ‘ഏറ്റവും ജൂനിയറായ നേതാവ് ‘ ആയ ഇദ്ദേഹം വഹിച്ച സ്ഥാനങ്ങൾ നോക്കിയാൽ ഏത് മുതിർന്ന നേതാവിനോടും കിട പിടിക്കും.ഒരേ സമയം വ്യവസായിയും രാഷ്ട്രീയക്കാരനുമായ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ മൂന്നു വർഷം കേന്ദ്ര സഹമന്ത്രിയായി.കേരളത്തിലെ ഏറ്റവും കാഴ്ചക്കാരുള്ള വാർത്താ ദൃശ്യമാധ്യമത്തിൻ്റെ അധിപനുമാണ് രാജീവ് ചന്ദ്രശേഖർ.

ആർ.കിരൺബാബു
കിരൺബാബു എഴുതിയത് വായിക്കാം:
‘രാജീവം വീണ്ടും വിടരുമോ അതോ കൊഴിയുമോ? ‘
കേരളത്തിലെ മുൻ നിര രാഷ്ട്രീയ നേതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജീവ് ബി ജെ പിയിൽ അംഗത്വം എടുത്തിട്ട് കേവലം എട്ട് വർഷമേ ആകുന്നുളളു. ആ അർത്ഥത്തിൽ നോക്കിയാൽ ഏറ്റവും ജൂനിയറായ നേതാവ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ വഹിച്ച സ്ഥാനങ്ങൾ നോക്കിയാൽ ഏത് മുതിർന്ന നേതാവിനോടും കിട പിടിക്കും, ഒരേ സമയം വ്യവസായിയും രാഷ്ട്രീയക്കാരനുമായ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ മൂന്നു വർഷം കേന്ദ്ര സഹമന്ത്രിയായി. കുറച്ച് കാലം ബി ജെ പി ദേശീയ വക്താവായി. കേരളത്തിൽ ബി ജെ പിക്ക് ഏറ്റവും വിജയ സാധ്യത ഉളള തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായി. തൊട്ടു പിന്നാലെ കെ സുരേന്ദ്രന്‍റെ പിൻഗാമിയായി ബി ജെ പി സംസ്ഥാന അധ്യക്ഷനുമായി. തിരുവനന്തപുരം തോൽവിക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് വന്നതോടെ സജീവ രാഷ്ട്രീയം നിർത്തുന്നതായി ട്വീറ്റ് ചെയ്തിട്ട് പിന്നാലെ പിൻവലിച്ചു. തന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഇൻ്റേണിന് പറ്റിയ അബദ്ധം എന്നായിരുന്നു വിശദീകരണം. വിവാദങ്ങളും കേസുകളുടെ പശ്ചാത്തലവും ഒപ്പമുണ്ടെങ്കിലും അതൊന്നും കാര്യമായ പരുക്ക് രാജീവിന് ഉണ്ടായിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്.
2006 മുതൽ കർണാടകയിൽ നിന്നുളള രാജ്യസഭാംഗം ആയിരുന്നെങ്കിലും എച്ച് ഡി ദേവഗൗഡയുടെ ജനതാദൾ സെകുലർ പിന്തുണയിലാണ് വ്യവസായിയായ രാജീവ് ആദ്യം രാജ്യസഭയിൽ എത്തുന്നത്. 2012 ലും ജെ ഡി എസിൻ്റെയും സ്വതന്ത്രരുടെയും പിന്തുണയിലാണ് രാജ്യസഭാംഗമായത്. കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ചേർന്നെങ്കിലും 2018 ലാണ് ഔദ്യോഗികമായി ബി ജെ പി അംഗമാകുന്നതും ബി ജെ പി നോമിനിയായി രാജ്യസഭാംഗമാകുന്നതും.
ഒരേ പോലെ കോൺഗ്രസിൽ നിന്നും സി പി എമ്മിൽ നിന്നും ഡീൽ ആരോപണം നേരിടുന്ന ബി ജെ പിക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിനാകും.

രാജീവ് ചന്ദ്രശേഖർ
ഇനി രാജീവ് ചന്ദ്രശേഖറിന് മുന്നിലെ സാധ്യതകളിലേക്ക്.
സാധ്യത 1- മൂന്നിലേറെ സീറ്റുകളിൽ ബി ജെ പി ജയം
മൂന്നോ അതിലേറെയോ മണ്ഡലങ്ങളിൽ താമര വിരിയിക്കാനായാൽ അത് രാജീവ് ചന്ദ്രശേഖറിന് വലിയ നേട്ടമാകും. ഇതുവരെ ഒരു നേതാവിനും കഴിയാത്ത നേട്ടം സ്വന്തമാക്കിയതിന്‍റെ ക്രഡിറ്റും ലഭിക്കും. ഒപ്പം നേമത്ത് ജയിക്കുക കൂടി ചെയ്താൽ നിയമസഭയിലും പുറത്തും ദേശീയ നേതൃത്വത്തിന് മുന്നിലും ഗ്രാഫ് ഉയരും. നേമത്ത് തോറ്റാലും മറ്റിടങ്ങളിൽ ബി ജെ പിയെ ജയിപ്പിക്കാനായാലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കരുത്തനായി തന്നെ തൽക്കാലം നിൽക്കാം. പക്ഷേ അങ്ങനെ ജയിച്ചു വരുന്നത് കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ പോലെയുളളവരാണ് എങ്കിൽ നിയമസഭാ ഇടപെടലുകളിലൂടെ ക്രമേണ ബി ജെ പിയുടെ കേരള മുഖമായി അവർ മാറും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രാജീവ് ചന്ദ്രശേഖറിന് കാത്തിരിക്കേണ്ടിയും വരും.
സാധ്യത 2- ഒന്നോ രണ്ടോ മണ്ഡലങ്ങളിലെ ബി ജെ പി ജയം
അധ്യക്ഷ പദവി നിലനിർത്താം. നിലവിലെ അവസ്ഥയിൽ തന്നെ മുന്നോട്ടു പോകാം. അതിനപ്പുറം തെരഞ്ഞെടുപ്പ് ഫലം രാജീവ് ചന്ദ്രശേഖറെ കരുത്തനോ ദുർബലനോ ആക്കാൻ വഴിയില്ല.
ജയത്തിൽ നേമം ഉൾപ്പെട്ടാൽ പക്ഷേ സ്ഥിതി അങ്ങനെയാവണമെന്നില്ല. നിയമസഭാംഗത്വം എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ കൂടി അടിസ്ഥാനത്തിലാവും പാർട്ടിയിലെ കരുത്ത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി തൃശ്ശൂരിൽ താമര വിരിയിച്ച കാലത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആയിരുന്നു. പക്ഷേ സുരേന്ദ്രന് അധ്യക്ഷ കാലാവധിയിൽ ഇളവ് കിട്ടിയില്ല. തൃശൂരിലെ ജയം സുരേഷ് ഗോപിയുടെ ജയമായാണ് വിലയിരുത്തപ്പെട്ടത്. അസാധ്യമായിരുന്ന ജയം സാധ്യമാക്കുന്ന തരത്തിലേക്ക് പാർട്ടിയെ നയിച്ച കെ സുരേന്ദ്രന് അതിൽ കാര്യമായ ക്രഡിറ്റ് ലഭിച്ചില്ല. സമാനവസ്ഥയാകും രാജീവ് ചന്ദ്രശേഖറിനും.

സാധ്യത 3 ഒരു സീറ്റിൽ ജയിക്കുന്നു
ഒരു സീറ്റിൽ ജയിച്ചാൽ തൽക്കാലം പരിക്കില്ലാതെ പോകാം എന്നതിനപ്പുറം സംസ്ഥാന അധ്യക്ഷന്‍റെ ക്രഡിറ്റായി അത് മാറില്ല. സ്വാഭാവികമായും ആര് അധ്യക്ഷ സ്ഥാനത്തിരുന്നാലും ഉണ്ടാകാവുന്ന ജയം എന്ന തരത്തിലേ വരൂ. അത് നേമം ആണെങ്കിൽ നിയമസഭാ പ്രകടനം വച്ച് വേണമെങ്കിൽ പിടിച്ചു നിൽക്കാം. മറ്റേതെങ്കിലും മണ്ഡലമാണെങ്കിൽ അതിനുളള അവസരവും നഷ്ടമാകും. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായത് കൊണ്ട് പ്രത്യേക നേട്ടമോ കോട്ടമോ പാർട്ടിക്കുണ്ടായില്ല തരത്തിലാവും വിലയിരുത്തൽ.
സാധ്യത 4 ബി ജെ പിക്ക് സമ്പൂർണ പരാജയം
അക്കൗണ്ട് റീ ഓപ്പൺ ചെയ്യാൻ പോലും കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന അധ്യക്ഷ പദവി നഷ്ടമാകും. പരാജയത്തിന്‍റെ മുഴുവൻ പഴിയും രാജീവ് ചന്ദ്രശേഖറിന് കേൾക്കേണ്ടിയും വരും. സംസ്ഥാന നേതാക്കളിൽ നിന്നും പരസ്യമായ വിമർശനം അടക്കം കേൾക്കേണ്ടി വരും. ബി ജെ പി ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ മാറും.






