ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടെന്ന് എഐ.ബി.ഒ.സി

‘പുറത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കെ, നിരപരാധികളായ ബാങ്ക് ജീവനക്കാരെ പ്രകോപിതരായ ജനക്കൂട്ടത്തിന് മുന്നിലേക്ക് തള്ളിവിട്ടു’
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ
തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി)
നടത്തിയ പരിശോധനയ്ക്കിടെ
അധികാരികളുടെ നിർദ്ദേശപ്രകാരം ഔദ്യോഗിക കൃത്യനിർവഹണത്തിൻ്റെ
ഭാഗമായി മാത്രം അവിടെയെത്തിയ ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ
ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ(ഐ.ബി.ഒ.സി) സെക്രട്ടി ശ്രീനാഥ് ഇന്ദുചൂഡൻ .
പുറത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കെ, നിരപരാധികളായ ഈ
ബാങ്ക് ജീവനക്കാരെ പ്രകോപിതരായ ജനക്കൂട്ടത്തിന് മുന്നിലേക്ക് തള്ളിവിട്ട
അന്വേഷണ ഏജൻസികളുടെ നടപടി അങ്ങേയറ്റം ഞെട്ടിക്കുന്നതും
പ്രതിഷേധാർഹവുമാണ്. പുറത്തെ സംഘർഷാവസ്ഥയെക്കുറിച്ചും രാഷ്ട്രീയ
പ്രക്ഷുബ്ധതയെക്കുറിച്ചും മാധ്യമങ്ങളിലൂടെ തത്സമയം വാർത്തകൾ
പുറത്തുവന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. വൻ ജനക്കൂട്ടം
തടിച്ചുകൂടിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ വഷളാണെന്നും ഇ.ഡി അധികൃതർക്കും
അവിടെയുണ്ടായിരുന്ന ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർക്കും നന്നായി
അറിയാമായിരുന്നു.
സ്ഥിതിഗതികൾ ഇത്രയും അപകടകരമായിട്ടും, ബാങ്ക് ജീവനക്കാരുടെ വാഹനത്തെ
ആദ്യം തന്നെ പുറത്തേക്ക് വിടാൻ നിർദ്ദേശിച്ച നടപടി ഗുരുതരമായ
വീഴ്ചയാണ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിന്റെ
പേരിൽ നിരപരാധികളായ സിവിൽ ഉദ്യോഗസ്ഥരെ ഇത്തരമൊരു
അക്രമാസക്തമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടത് മനുഷ്യത്വരഹിതമാണ്.
അധികാരികളുടെ നിർദ്ദേശപ്രകാരം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ
ഭാഗമായി മാത്രം അവിടെയെത്തിയ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ
ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടു.
അതീവ
സംവേദനക്ഷമമായ ഇത്തരം റെയ്ഡ് നടപടികൾക്ക് സിവിൽ ഉദ്യോഗസ്ഥരെ
നിയോഗിക്കുമ്പോൾ അവർക്ക് ആവശ്യമായ സുരക്ഷയും യാത്രാസൗകര്യവും
ഒരുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. ഇവിടെ
സംസ്ഥാന ഭരണസംവിധാനത്തിനും ക്രമസമാധാന ചുമതലയുള്ള പോലീസിനും
ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
നിലവിൽ ജീവനക്കാരുടെ കുറവ്, അമിത ജോലിഭാരം, ടാർഗെറ്റ്
കൈവരിക്കാനുള്ള സമ്മർദ്ദം തുടങ്ങിയവ മൂലം ബാങ്ക് ജീവനക്കാർ കടുത്തമാനസിക വിഷമതകളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് ഇലക്ഷൻ
ഡ്യൂട്ടി, സെൻസസ്, വെരിഫിക്കേഷൻ തുടങ്ങിയ ബാങ്കിങ് ഇതര ജോലികൾക്ക്
പുറമേ, ഇത്തരം അന്വേഷണ ഏജൻസികളുടെ സാക്ഷി നിൽക്കൽ ഡ്യൂട്ടികൾക്കും
ബാങ്കർമാരെ നിർബന്ധിതമായി നിയോഗിക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥർ പ്രത്യേക പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരല്ല,
മറിച്ച് പൊതുജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാൻ ബാധ്യസ്ഥരായ
ജീവനക്കാരാണ്. അവരുടെ ജീവനും മാനസികാരോഗ്യത്തിനും യാതൊരു വിലയും
കൽപ്പിക്കാതെ, ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്ന
പ്രവണത ഇനി അനുവദിക്കില്ലെന്ന് സംഘടന പ്രഖ്യാപിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന്
നേരെ ഉണ്ടായ വൈകാരികവും അക്രമാസക്തവുമായ ജനക്കൂട്ട ആക്രമണത്തെ
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ കേരള സംസ്ഥാന
കമ്മിറ്റി ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും
ചെയ്തു.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി മാത്രം സ്ഥലത്തെത്തിയ
നിരപരാധികളായ ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന
ഭരണസംവിധാനത്തിനും ക്രമസമാധാന ചുമതലയുള്ള നിയമപാലകർക്കും
സംഭവിച്ച ഗുരുതരമായ പരാജയമാണ് ഈ വൻ സുരക്ഷാവീഴ്ചയ്ക്ക്
കാരണമായത്. അക്രമത്തിന് ഇരയായ സഹപ്രവർത്തകർക്കൊപ്പം
ഉറച്ചുനിൽക്കുന്നതോടൊപ്പം, പൊതുജന മധ്യത്തിൽ ഉദ്യോഗസ്ഥരെ
അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ട അധികൃതരുടെ
നിരുത്തരവാദപരമായ നിലപാടിലും ജനക്കൂട്ടത്തിന്‍റെ അക്രമത്തിലും സംഘടന
ഒരേപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സ്ഥലത്തെ സാഹചര്യങ്ങളെക്കുറിച്ചോ യഥാർത്ഥ വസ്തുതകളെക്കുറിച്ചോ
യാതൊരു ധാരണയുമില്ലാതെ, പ്രകോപിതരായ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടത്
അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇ.ഡി റെയ്ഡുമായോ, അതിന്മേലുള്ള
അന്വേഷണവുമായോ, ഉയർന്നു വന്ന ആരോപണങ്ങളുമായോ അല്ലെങ്കിൽ
അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുമായോ അവിടെയുണ്ടായിരുന്ന
ബാങ്ക് ഉദ്യോഗസ്ഥർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ
ബന്ധവുമില്ല. അവർ ഈ നടപടിക്രമങ്ങളിലെ ഒരുകക്ഷിയേ ആയിരുന്നില്ല.
റെയ്ഡ് നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നിയമപ്രകാരം സ്വതന്ത്ര
സാക്ഷികളായി മഹസ്സർ തയ്യാറാക്കാൻ മാത്രമാണ് ഒരു
പൊതുമേഖലാ ബാങ്കിലെ വനിതാ ഉദ്യോഗസ്ഥ അടക്കമുള്ള ജീവനക്കാരെ
അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത്. ഇത്തരം പരിശോധനകളിൽ അന്വേഷണ
ഏജൻസികൾ സ്വതന്ത്ര സാക്ഷികളെ കൊണ്ടുവരുന്നത് സാധാരണമായ
നിയമനടപടി മാത്രമാണ്. ഈ ഉദ്യോഗസ്ഥർ കേവലം നിഷ്പക്ഷ സാക്ഷികൾ
മാത്രമാണെന്നും അന്വേഷണത്തിലോ റെയ്ഡിന്റെ ലക്ഷ്യങ്ങളിലോ അവർക്ക്
യാതൊരു പങ്കുമില്ലെന്നും പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്ന് ശ്രീനാഥ് ഇന്ദുചൂഡൻ പറഞ്ഞു .






