സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി

സീനിയറായ ഡിസിപിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നും പരാതി
തിരുവനന്തപുരം:സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഡിജിപിയും അതൃപ്‌തിയിലെന്ന് സൂചന.രോഗങ്ങൾ പിടിമുറുക്കുന്നതിനിടയിൽ ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി.
എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതിൽ ഡിജിപിയും അതൃപ്‌തിയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങൾ ധരിപ്പിക്കുമെന്നാണ് വിവരം.

ഡിജിപി രവാഡ ചന്ദ്രശേഖർ
സ്ഥലമാറ്റത്തിൽ ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നുളള ശുപാർശയിൽപ്പെടാത്തവർ പട്ടികയിൽ കടന്നുകൂടിയെന്നാണ് വിമർശനം. മികച്ച ട്രാക് റിക്കോർഡ് ഇല്ലാത്ത പലരും ജില്ലാ എസ് പിമാരായെത്തി.
വടക്കൻ മേഖലയിൽ ഐജിയെ നിയമിച്ചില്ല, തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികൾ. കോഴിക്കോട് കമ്മീഷണറുടെ നിയമനത്തിലും വിമർശനം ഉയർന്നു. സീനിയറായ ഡിസിപിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നാണ്പ്രധാന പരാതി. കോഴിക്കോട് റൂറൽ, വയനാട് ഉൾപ്പെടെ ജൂനിയർ ഐപിഎസുകാർക്ക് നിയമനം നൽകി മൂന്നു മാസം കൊണ്ട് മാറ്റിയതിലും വിമർശനമുണ്ട്.

ഡോ.കെ ജെ റീന
ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ. റീന മാധ്യമങ്ങളോട് വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയി. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന പറഞ്ഞു.
വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. താൻ മാറിയിരിക്കണമെന്ന് നേരിട്ട് പറയുമായിരുന്നെങ്കിൽ അനുസരിക്കുകമായിരുന്നു. തൻ്റെ മുപ്പതര വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സർവീസിന് തന്നെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങി നിൽക്കാനില്ലെന്നും ഡോ റീന അറിയച്ചു.
പകർച്ചവ്യാധിക്കാലത്ത് കൂടുതൽ അവധി ചോദിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ സ്ഥലംമാറ്റിയത്. 12-ാം തീയതി ഉച്ചയ്ക്ക് ശേഷവും 15, 16 തീയതികളിലുമാണ് ഡോ. റീന അവധിക്ക് അപേക്ഷ നൽകിയിരുന്നത്. അഡീ. ഡിഎച്ച്എസ് ഡോ. മീനാക്ഷി വിയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകി ഡോ. റീനയെ എറണാകുളം റീജിയണൽ ലബോറട്ടി ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.






