‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

ഇജെപി പോരാടുന്നത് 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൌരന്‍റേയും അവകാശത്തിനായി
ഡൽഹി: ‘അടുത്തത് എഥനോൾ ഗഡ്കരി’- സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുദ്രാവാക്യം. ‘എഥനോൾ ഗഡ്കരി’ എന്നതെന്തെന്ന് കോക്ക്രോച്ച് ജനത പാർട്ടിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപിയാണ്. ‘ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം, എഥനോൾ കലർത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോൾ എന്നത് ഓരോ പൌരന്‍റേയും അവകാശം. നിർബന്ധിത എഥനോൾ കലർത്തൽ ഇല്ലാതെ 100 ശതമാനം യഥാർഥ ഇന്ധനമാണ് നമുക്ക് വേണ്ടത്.’ ഇതാണ് ഇജെപി മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ച് നടത്താൻ എക്സ് അക്കൗണ്ട് വഴി ഇ20 ജനതാ പാർട്ടി ആഹ്വാനം ചെയ്ത് കഴിഞ്ഞു.
‘100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൌരന്‍റേയും അവകാശത്തിനായാണ് ഇ20 ജനതാ പാർട്ടി പോരാടുന്നത്. സ്വന്തം വാഹനത്തിൻ്റെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ.’ -ഇതാണ് എക്‌സിലെ ബയോയായി ഇജെപി കുറിച്ചത്.

നിധിൻ ഗഡ്ഗരി
ഒറ്റദിവസം കൊണ്ട് എക്‌സിൽ 20,000-ത്തിലേറെ പേരും ഇൻസ്റ്റഗ്രാമിൽ 27,000-ത്തിലേറെ പേരുമാണ് ഇജെപിയെ ഫോളോ ചെയ്തത്.അതും പാറ്റയെപ്പോലെ പെറ്റുപെരുകുകയാണ്.
മെയ് 16ന് കോക്ക്രോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. മെയ് 21 വരെ ആയപ്പോഴേക്കും 14 മില്ല്യൺ ഫോളേവേഴ്‌സ് സിജെപിക്ക് ഒപ്പം ചേർന്നു. അതായത് ഓരോ മിനിറ്റിലും ആയിരക്കണക്കിന് പേരാണ് പാറ്റ ഗ്രൂപ്പിനെ പിന്തുടർന്നത്. ഫോളേവേഴ്‌സിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയും കോക്ക്രോച്ച് ജനത പാർട്ടി മറികടന്നിരുന്നു.
20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അഥവാ ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാർത്തകളുമാണ് ആദ്യഘട്ടത്തിൽ ഇജെപി പോസ്റ്റ് ചെയ്തത്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി’തുടങ്ങിയ പോസ്റ്റുകൾ തൊട്ടുപിന്നാലെയെത്തി. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ആണ് ഇജെപി ലക്ഷ്യമിടുന്നത്. ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള മുന്നേറ്റമാണെന്നും ഇജെപി വിശദീകരിക്കുന്നു. കോക്ക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ ബയോയിലും അവർ ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഇന്ത്യൻ യുവത്വത്തിൻ്റെ നിശബ്ദമായ ഒരു ഡിജിറ്റൽ കലാപമാണ് എന്നായിരുന്നു വിശദീകരണം.
രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് നിലപാട് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ പുതിയ സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് എന്ത് ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.






