കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും; 152 തസ്തികകൾ അനുവദിച്ച് ഉത്തരവ്

ഉദ്യോഗാർത്ഥികൾക്ക് നൽകിയ വാക്ക് പാലിച്ച് മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ വിവിധ ജില്ലകളിലായി അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവായതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II – 60, നഴ്‌സിംഗ് ഓഫീസർ – 47, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II – 33, മെഡിക്കൽ ഓഫീസർ – 12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഇക്കാര്യം ഉടൻ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് തസ്തികകൾ അനുവദിച്ചത്.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തസ്തിക സൃഷ്ടിച്ചെങ്കിലും ജീവനക്കാരുടെ കുറവുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തി തസ്തികകൾ അനുവദിച്ചിരുന്നില്ല. ഇതോടെ ഫയൽ ചുവപ്പുനാടയിൽ കുരുങ്ങി. ഈ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഉദ്യോഗാർത്ഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ.മുരളീധരനെ സമീപിച്ചിരുന്നു. അടിയന്തരമായി തസ്തികകൾ അനുവദിച്ച് നിയമനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പാണ് ഇതോടെ പാലിക്കപ്പെട്ടത്. മാത്രമല്ല മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജീവനക്കാരുടെ കുറവ് കാരണം കുടുബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് മനസിലായതോടെയാണ് എത്രയും വേഗം തസ്തികകൾ അനുവദിച്ച് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
മെഡിക്കൽ ഓഫീസർമാർ അടിയന്തരമായി ആവശ്യമുള്ള ഒൻപത് ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് 12 എണ്ണം അനുവദിച്ചത്. ഇതിൽ നാലെണ്ണം കാസർകോടാണ്. കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഓരോ മെഡിക്കൽ ഓഫീസർമാരെയും അനുവദിച്ചു. ഓരോ ജില്ലയിലും അനുവദിച്ച എണ്ണം നഴ്‌സിംഗ് ഓഫീസർ, ഫാർമസിസ്റ്റ് ഗ്രേഡ് II , ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II എന്നിവരുടെ എണ്ണം ക്രമത്തിൽ ബ്രാക്കറ്റിൽ.
തിരുവനന്തപുരം (4,4,4), കൊല്ലം (3,3,1),പത്തനംത്തിട്ട (2,3,1), ആലപ്പുഴ (2,5,3), കോട്ടയം (4,4,2), ഇടുക്കി (1,2,1), എറണാകുളം (4,7,4), തൃശൂർ (4,5,3), പാലക്കാട് (2,5,2), മലപ്പുറം (4,6,2), കോഴിക്കോട് (4,4,2), വയനാട് (1,2,1), കണ്ണൂർ (5,6,3), കാസർകോട് (7,4,4).
കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആശ്രയമായ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കുന്നതിന് ഒഴിവുകൾ അടിയന്തരമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.






