കള്ളക്കടൽ മുന്നറിയിപ്പ്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

1.1 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ആഗസ്റ്റ് 7 രാവിലെ 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും ജാഗ്രത പാലിക്കണം.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുത്. തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.






