“ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക് നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി
തിരുവനന്തപുരം:ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.63 വയസ്സായിരുന്നു.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം.
ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
2000-ൽ പുറത്തിറങ്ങിയ ‘സായഹ്നം’ എന്ന ചിത്രത്തിലൂടെയാണ് ശരത് സംവിധായകനും തിരക്കഥാകൃത്തുമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പ്രശസ്ത നാടകപ്രവർത്തകൻ ഒ.മാധവനാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിരവധി പ്രശംസകൾ നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും സ്വന്തമാക്കി.

ശരത്
2001-ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ സായാഹ്നം പ്രദർശിപ്പിക്കുകയും തുടർന്ന് മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.
അടുത്ത ചിത്രമായ ‘സ്ഥിതി’ 2003-ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു.സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ ‘സ്ഥിതി’ വളരെയധികം പ്രശംസ നേടി. പിന്നണി ഗായകന്‍ ഉണ്ണി മേനോനായിരുന്നു നായകൻ. “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക് നീട്ടിയില്ലാ; എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്…” ഈ ചിത്രത്തിനായി ഉണ്ണിമേനോൻ ചിട്ടപ്പെടുത്തി പാടിയ പ്രഭാവർമ്മയുടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘സ്ഥിതി’യിൽ അഭിനേതാവായി ഉണ്ണിമേനോൻ
മൂന്നാമത്തെ ചിത്രം ‘ശീലാബതി’ (2006)
തായ്‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം പ്രീമിയർ ചെയ്യപ്പെട്ടു.
ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ ‘ദി ഡിസയർ – എ ജേർണി ഓഫ് എ വുമൺ’ (2011) എന്ന ഹിന്ദി ചലച്ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
‘പറുദീസ’ (2012) മെക്സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടി.
‘ബുദ്ധൻ ചിരിക്കുന്നു’ എന്ന ചിത്രം ചാപ്ലിന്റെ അഭിനയ ജീവിതത്തിന്‍റെ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ഈ ചിത്രം ആഘോഷമാക്കി.
അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ഡോക്യുമെന്ററിയായ ‘ദി പെയിന്റഡ് എപിക്സ്’ ചിത്രീകരിക്കുന്നതിനിടയിൽ, കിലുനൂർ ക്ഷേത്രത്തിൽ നിന്ന് രാജാ രവിവർമ്മയുടെ അപൂർവമായ ചില ഭിത്തിചിത്രങ്ങൾ (മ്യൂറൽ പെയിന്റിങ്സ്) ശരത് കണ്ടെത്തി. യാദൃശ്ചികമായ ഈ കണ്ടെത്തൽ ഭിത്തിചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് വലിയ സംഭാവനയായി മാറി. ഭിത്തിചിത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശരത്തിന്, മ്യൂറൽ ഗവേഷണത്തിനായി 1996-ൽ ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു. ‘ഫ്രീഡം ഫ്രണ്ട്സ് ‘ എന്ന ഇംഗ്ലിഷ് സിനിമയുടെ പ്രവ൪ത്തനങ്ങൾ നടന്നുവരികയായിരുന്നു.
കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ച ആർ ശരത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി.കേരളകൌമുദിയിൽ പത്രപ്രവർത്തകനായിരിക്കേയാണ് സർക്കാർ ജോലി ലഭിച്ചത്.ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കെഐ ബിന്ദുവാണ് ഭാര്യ. മക്കൾ: അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്. മരുമക്കൾ: അഞ്ചലി, അഭിരാമി. ചെറുമകൻ: ചെറുമകൻ: ദേവ് ദത്ത്.






